SignIn
Kerala Kaumudi Online
Friday, 23 October 2026 3.23 PM IST

സ്വർഗവാതിൽ തുറന്ന ദിവസം മടക്കം

jayachndran

തൃശൂർ: കൃഷ്ണഭക്തനായിരുന്ന ജയചന്ദ്രൻ ഭഗവാൻ കൃഷ്ണൻ സഹപാഠി കുചേലനെ കുബേരനാക്കിയെന്ന് വിശേഷിപ്പിക്കുന്ന സ്വർഗവാതിൽ ഏകാദശി ദിനത്തിൽ വിടപറഞ്ഞത് യാദൃശ്ചികതയായി. സമകാലികനായ ഡോ. കെ.ജെ.യേശുദാസിന്റെ ജന്മദിനം കൂടിയായിരുന്നു ഇന്നലെ.

വ്യാഴാഴ്ച ഉച്ച മുതലാണ് സ്വർഗവാതിൽ ഏകാദശി ആരംഭിച്ചത്. എന്നും തന്റെ കാര്യങ്ങൾ ഗുരുവായൂരപ്പൻ നിശ്ചയിക്കുമെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. സമയം കിട്ടുമ്പോഴോക്കെ കൃഷ്ണ സന്നിധിയിലെത്തി. ആദ്യ ശാസ്ത്രീയ സംഗീതവും കൃഷ്ണനെ കുറിച്ചായിരുന്നു. ''ഗുരുവായൂരമ്പലം ശ്രീവൈകുണ്ഠം അവിടത്തെ ശംഖമാണെന്റെ കണ്ഠം..."" എന്ന് വർഷങ്ങൾക്കു മുമ്പ് പാടിയ ഭക്തിഗാനം ഇന്നും ഭക്തമനസുകളിൽ കുളിർമ്മയേകുന്നതാണ്. ''നീലമേഘം ഒരു പീലിക്കണ്ണ്..."" ''നെയ്യാറ്റിൻകര വാഴും കണ്ണാ...'' ''വിഘ്‌നേശ്വര ജന്മ നാളികേരം..."" ''വടക്കുന്നാഥന് സുപ്രഭാതം വിടരും..."" തുടങ്ങി എണ്ണിയാൽ തീരാത്ത ഭക്തിഗാനങ്ങൾ ആ സ്വരമാധുരിയിൽ പിറന്നു.

''നെയ്യാറ്റിൻകര വാഴും കണ്ണാ, നിൻ മുന്നിലൊരു നെയ്‌വിളക്കാകേണം എന്റെ ജന്മം..."" എന്ന എസ്.രമേശൻ നായർ എഴുതിയ ഈ വരികൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന ശിവാജി ഗണേശൻ ജയചന്ദ്രനെ കാറിൽ കയറ്റി, വീട്ടിൽ കൊണ്ടുപോയി ഈ ഗാനം പാടിപ്പിക്കുമായിരുന്നു.

ഏത് വലിയ പുരസ്‌കാരത്തേക്കാളും വലുതായി കരുതുന്നത് ഒരു മഹാപ്രതിഭയിൽ നിന്ന് ലഭിച്ച ഈ അംഗീകാരമാണെന്ന് ജയചന്ദ്രൻ പറഞ്ഞിട്ടുണ്ട്. മഹാകവി പി.കുഞ്ഞിരാമൻ നായർ എഴുതിയ ഒരേയൊരു ഭക്തിഗാനമായ ''മണ്ഡലമാസപ്പുലരികൾ പൂക്കും"" പാടിയതും ജയചന്ദ്രനായിരുന്നു. ഭക്തിഗാനങ്ങളിൽ പ്രസിദ്ധമായ മറ്റൊന്ന് ''ദീപം, മകര ദീപം"" എന്ന ആൽബത്തിലേതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA