
ആലപ്പുഴ: അമ്മയുടെ ആൺസുഹൃത്തിനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ തെളിവെടുപ്പ് പൂർത്തിയാക്കി റിമാൻഡ് ചെയ്തു. പുന്നപ്ര വടക്ക് പഞ്ചായത്ത് വാടയ്ക്കൽ കല്ലുപുരക്കൽ വീട്ടിൽ ദിനേശനാണ് (50) കൊല്ലപ്പെട്ടത്. അയൽവാസികളായ കൈതവളപ്പ് വീട്ടിൽ കുഞ്ഞുമോൻ (55), ഭാര്യ അശ്വമ്മ (അശ്വതി 50), മകൻ കിരൺ (28) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ശനിയാഴ്ച പുലർച്ചേയാണ് ദിനേശനെ പാടശേഖരത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഷോക്കേറ്റുള്ള മരണമാണെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതികൾ പിടിലാകുകയായിരുന്നു. മൃതദേഹം പാടശേഖരത്ത് എത്തിക്കാൻ കിരണിനെ സഹായിച്ചതാണ് കുഞ്ഞുമോനും കൊലപാതക വിവരം അറിഞ്ഞിട്ടും മറച്ചുവച്ചതാണ് അശ്വമ്മയും ചെയ്ത കുറ്റം. കുഞ്ഞുമോൻ, കിരൺ എന്നിവരെ ആലപ്പുഴ ജില്ലാ ജയിലിലേക്കും അശ്വമ്മയെ കൊട്ടാരക്കര ജയിലിലേക്കും മാറ്റി.
ചെമ്പ് കോയിൽ കണ്ടെത്തി
മരണം ഉറപ്പാക്കാൻ ദിനേശന്റെ ദേഹത്തുവച്ച് ഷോക്ക് അടിപ്പിച്ച ചെമ്പ് കോയിൽ മെറ്റൽ ഡിറ്റക്ടറിന്റെ സഹായത്തോടെ ബോംബ് സ്‌ക്വാഡ് കണ്ടെത്തി. കൊലപാതകസമയത്ത് കിരൺ ധരിച്ചിരുന്ന വസ്ത്രങ്ങളും ശേഖരിച്ചു. ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ചശേഷം പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അപേക്ഷ സമർപ്പിക്കുമെന്ന് ഡി.വൈ.എസ്.പി കെ.എൻ.രാജേഷ് പറഞ്ഞു. പുന്നപ്ര സി.ഐ സ്റ്റെപ്റ്റോ ജോൺ, എസ്.ഐമാരായ റെജിരാജ്, കെ.എസ്.സന്തോഷ്, സി.പി.ഒമാരായ രതീഷ്, സിദ്ധിഖ്, ബിനു, അമർജ്യോതി. സുമത്, കാർത്തിക എന്നിവരാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |