
കോഴിക്കോട്: താമരശ്ശേരിയിൽ പത്താംക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിനെ മർദ്ദിച്ചുകൊന്ന കേസിൽ ഒരു വിദ്യാർത്ഥിയെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. താമരശ്ശേരി ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയാണ്. നേരത്തെ അഞ്ചു വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തിരുന്നു.
ജുവനെെൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ വിദ്യാർത്ഥിയെ വെള്ളിമാട് കുന്നിലെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി. ഒബ്സർവേഷൻ ഹോമിൽ കഴിയുന്ന മറ്റ് അഞ്ചു പേരോടൊപ്പം ഈ വിദ്യാർത്ഥിയും ഇവിടെ പ്രത്യേകം സജ്ജീകരിച്ച മുറിയിൽ ഇന്ന് എസ്.എസ്.എൽ.സി പരീക്ഷയെഴുതും. ഇവരെ പരീക്ഷയെഴുതിക്കുന്നതിൽ ഇന്നും പ്രതിപക്ഷ വിദ്യാർത്ഥി, യുവജന സംഘടനകളുടെ പ്രതിഷേധം തുടരാനാണ് സാദ്ധ്യത.
അതേസമയം, ഷഹബാസിന്റെ കൊലപാതകത്തിൽ മുതിർന്നവർക്ക് പങ്കില്ലെന്നും ആസൂത്രണം ചെയ്തതും നടപ്പാക്കിയതും വിദ്യാർത്ഥികൾ മാത്രമാണെന്നുമാണ് പൊലീസ് നിഗമനം.
കേസിൽ സി.സി ടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കൂടുതൽ തെളിവുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രതികളുടെയും ഷഹബാസിന്റെയും ഫോണുകൾ കേന്ദ്രീകരിച്ചും തെളിവുകൾ ശേഖരിക്കുന്നുണ്ട്. വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം ചാറ്റുകളും പരിശോധിക്കുന്നു. സംഭവ സ്ഥലത്തുണ്ടായിരുന്ന കൂടുതൽ കുട്ടികളുടെ മൊഴികളും രേഖപ്പെടുത്തുന്നുണ്ട്.
കൂടുതൽ പേർക്ക് പങ്ക്: പിതാവ്
സംഭവത്തിൽ കൂടുതൽപേർക്ക് പങ്കുണ്ടെന്ന് കൊല്ലപ്പെട്ട ഷഹബാസിന്റെ പിതാവ് ഇക്ബാൽ ആരോപിച്ചു. പേടി കാരണമാണ് പലരും പുറത്ത് പറയാത്തത്. പിടിയിലായ കുട്ടികളിലൊരാൾ മകന്റെ സുഹൃത്താണ്. മുമ്പ് ഇവർ ഒരേ സ്കൂളിൽ പഠിച്ചിരുന്നു. വീട്ടിലും വന്നിട്ടുണ്ട്. പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |