
തിരുവനന്തപുരം: നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം വിജ്ഞാപനം ചെയ്യപ്പെടാത്ത (തരംമാറ്റാത്ത) ഭൂമിയിൽ വീട് വയ്ക്കാനുള്ള പെർമിറ്റിനായി ലഭിച്ച അപേക്ഷകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഈ മാസം 28 ന് മുമ്പായി തീർപ്പാക്കണമെന്ന് തദ്ദേശവകുപ്പിന്റെ സർക്കുലർ. ലോ റിസ്ക്ക് വിഭാഗത്തിലുള്ള കെട്ടിടാനുമതിയായതിനാൽ അതിവേഗം പെർമിറ്റ് നൽകണം. കെട്ടികിടക്കുന്ന അപേക്ഷകൾ തീർപ്പാക്കാൻ ഈ മാസം 27,28തീയതികളിൽ അദാലത്ത് സംഘടിപ്പിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഗ്രാമപഞ്ചായത്തിൽ 10 സെന്റിനും നഗരത്തിൽ 5 സെന്റിനുമാണ് ഇളവ്.ഇളവ് ഒരിക്കൽ മാത്രമായിരിക്കും അനുവദിക്കുകയെന്നും സർക്കുലറിൽ പറയുന്നു.
തണ്ണീർത്തട നിയമത്തിൽ 2018ൽ വരുത്തിയ ഭേദഗതി പ്രകാരം ഡേറ്റാ ബാങ്കിൽ ഉൾപ്പെടാത്ത നിലത്തിന്റെ വിസ്തീർണ്ണം 10സെന്റിൽ കുറവാണെങ്കിൽ, 120 ച.മീ വിസ്തീർണ്ണമുള്ള വീട് നിർമ്മിക്കുന്നതിന് ഭൂമി തരംമാറ്റം ആവശ്യമില്ല. തദ്ദേശവകുപ്പിൽ അപേക്ഷ നൽകുമ്പോൾ തരംമാറ്റിയിട്ടില്ലെന്നും നിലമായതിനാൽ നിർമ്മാണ അനുമതി ലഭിക്കില്ലെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്ന സ്ഥിതിയാണ്. കഴിഞ്ഞ ദിവസം നിയമസഭയിൽ വിഷയം മുഖ്യമന്ത്രിയുടെ മുന്നിലെത്തിയതോടെയാണ് ഇളവിന്റെ ആനുകൂല്യം ജനങ്ങൾക്ക് ലഭിക്കണമെന്നും വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശനനടപടിയുണ്ടാകുമെന്നും പ്രഖ്യാപിച്ചത്.
അപേക്ഷകരുടെ കൈവശമുള്ള വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയുടെ വിസ്തീർണം എത്രതന്നെ ആയാലും പരമാവധി 4.04 ആർ വിസ്തൃതിയിലുള്ള ഭൂമിയിൽ 120 ച.മീ വിസ്തീർണമുള്ള ഒരു വീട് നിർമ്മിക്കുന്നതിന് കേരള നെൽവയൽതണ്ണീർത്തട സംരക്ഷണ നിയമത്തിലെ വകുപ്പ് 27 (എ) പ്രകാരം അനുമതിയും ആവശ്യമില്ല. അതിനാൽ പെർമിറ്റ് നൽകുന്നതിന് തടസമില്ല. ഇത്തരം അപേക്ഷകളിൽ വീട് നിർമ്മാണത്തിനുള്ള പെർമിറ്റ് അനുവദിക്കുന്നതിന് ഭൂമി ബി.ടി.ആറിൽ (അടിസ്ഥാന ഭൂമി നികുതി രജിസ്റ്റർ) നിലം എന്ന് രേഖപ്പെടുത്തിയതും തടസമല്ല. അഞ്ചു സെന്റ് വരെയുള്ള ഭൂമിയിൽ 40ച.മീ വരെ വിസ്തീർണ്ണമുള്ള വാണിജ്യ കെട്ടിടങ്ങളുടെ നിർമ്മാണത്തിനും തരംമാറ്റം വേണ്ട.
നിയമാനുസൃതമുള്ള നിർമ്മാണങ്ങൾക്ക് തടസം നിൽക്കുന്നത് അനുവദിക്കാനാവില്ല. മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ ഉറപ്പ് പാലിക്കാൻ എല്ലാ ഉദ്യോഗസ്ഥരും രംഗത്തിറങ്ങണം. വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.
-എം.ബി.രാജേഷ്
തദ്ദേശമന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |