
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ നിയമന പട്ടിയിൽ മാറ്റമുണ്ടാകും. മാനദണ്ഡങ്ങൾ ലംഘിച്ച് പ്രസിദ്ധീകരിച്ച നിയമന പട്ടിക പുനഃപരിശോധിക്കാൻ ദേവസ്വം മന്ത്രി കെ.മുരളീധരൻ ബോർഡ് പ്രസിഡന്റ് കെ.ജയകുമാറിന് നിർദ്ദേശം നൽകി. ഇന്നു ചേരുന്ന ദേവസ്വം ബോർഡ് യോഗം നിയമന വിവാദവും സർക്കാർ നിർദ്ദേശവും ചർച്ചചെയ്യും.
ദേവസ്വം ബോർഡിലെ ക്ഷേത്രങ്ങളിലേക്ക് ചട്ടങ്ങളും മാനദണ്ഡങ്ങളും ലംഘിച്ച് നിയമനം നൽകാനുള്ള നീക്കം 'കേരളകൗമുദി" യാണ് റിപ്പോർട്ട് ചെയ്തത്. തുടർന്ന്, പട്ടികയിൽ ഉൾപ്പെട്ടവരുടെ പശ്ചാത്തലം പരിശോധിക്കാൻ ബോർഡ് പ്രസിഡന്റ് നിർദ്ദേശം നൽകിയിരുന്നു. വിജിലൻസ് നടപടി നേരിടുന്നവരും പണാപഹരണം നടത്തിയവരും പട്ടികയിലുണ്ട്. ഇതിനിടെയാണ് നിയമനത്തിൽ ദേവസ്വം മന്ത്രി കെ.മുരളീധരൻ ബോർഡ് പ്രസിഡന്റിനെ ഫോണിൽ വിളിച്ച് അതൃപ്തി അറിയിക്കുകയും നിയമനങ്ങൾ പുനഃപരിശോധിക്കാൻ കത്ത് നൽകുകയും ചെയ്തത്. സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘം ചോദ്യംചെയ്ത ഉദ്യോഗസ്ഥനുൾപ്പെടെ നൽകിയ നിയമനം റദ്ദാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
ദേവസ്വം എംപ്ലോയീസ് ഫ്രണ്ടിന്റെയും ജീവനക്കാരുടെയും പരാതികൾ പരിശോധിച്ച ശേഷമായിരിക്കും ഇന്ന് ദേവസ്വം ബോർഡ് യോഗം ചേരുക. മഹാക്ഷേത്രങ്ങളിലേക്കുള്ള നിയമന പട്ടികയിൽ ഉൾപ്പെട്ടവരെ വിജിലൻസ് ക്ലിയറൻസ് ഇല്ലാതെ നിയമിക്കാനാകില്ലെന്നാണ് പ്രസിഡന്റ് കെ.ജയകുമാറിന്റെ നിലപാട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |