
തൃശൂർ: ദീർഘകാല അവധിക്ക് അപേക്ഷ നൽകി മുങ്ങുന്ന ഡോക്ടർമാരെയും നഴ്സുമാരെയും കണ്ടെത്തി പിരിച്ചുവിടൽ നടപടി വേഗത്തിലാക്കി ആരോഗ്യവകുപ്പ്. കഴിഞ്ഞ വർഷം സംസ്ഥാനത്തെ വിവിധ ഗവ.മെഡിക്കൽ കോളേജുകളിൽ നിന്ന് ഇത്തരത്തിൽ 56 ഡോക്ടർമാരെയും 84 നഴ്‌സിംഗ് ഓഫീസർമാരെയും പിരിച്ചുവിട്ടു.
എക്‌സ്പീരിയൻസിനു വേണ്ടി മാത്രമാണ് പല ഡോക്ടർമാരും മെഡിക്കൽ കോളേജിൽ ജോലിയിൽ പ്രവേശിക്കുന്നത്. അഞ്ചു വർഷം ജോലിയെടുത്ത ശേഷം അവധി അപേക്ഷ നൽകി സ്വകാര്യ ആശുപത്രികളിലോ വിദേശത്തേക്കോ പോകും. അപേക്ഷകൾ പലതും അനുവദിക്കാറില്ല. എന്നാൽ, അപേക്ഷ നൽകിയതിന്റെ ബലത്തിൽ തുടർന്ന് ഇവർ ജോലിക്ക് വരാറില്ല. നോട്ടീസ് നൽകിയാലും ഹാജരാകാറില്ല. ഇത്തരത്തിൽ അനധികൃതമായി ഹാജരാകാത്തവരെയാണ് പിരിച്ചുവിടുന്നത്.
ഡോക്ടർമാരുടെ അനധികൃത വിട്ടുനിൽക്കൽ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനത്തെയും രോഗീപരിചരണത്തെയും സാരമായി ബാധിക്കുന്നുണ്ട്. സ്വകാര്യ പ്രാക്ടീസ് കർശനമായി നിയന്ത്രിച്ചതോടെയാണ് ഡോക്ടർമാർ കൂടുതൽ പണം സമ്പാദനത്തിനായി വിദേശത്തേയ്ക്കടക്കം പോകുന്നത്. തൃശൂർ മെഡിക്കൽ കോളേജിലടക്കം യൂറോളജി, നെഫ്രോളജി ഡിപ്പാർട്ട്‌മെന്റുകളിൽ ഡോക്ടർമാർ അകാരണമായി അവധിയെടുത്ത് പോയതിനാൽ പരിചയസമ്പത്തുള്ള ഡോക്ടർമാരില്ല. പുതിയ ഡോക്ടർമാരെ കിട്ടാനുമില്ല.
നഴ്‌സുമാർ വിദേശത്തേക്ക്
ദീർഘകാല അവധിയെടുത്ത് നഴ്‌സുമാർ പലരും പോകുന്നത് വിദേശത്തേക്കാണ്. മെഡിക്കൽ കോളേജിലെയടക്കം പ്രവർത്തന പരിചയം ഉയർന്ന ശമ്പളവും മികച്ച ആശുപത്രികളിൽ ജോലിയും ലഭിക്കാൻ സഹായകമാകുന്നുണ്ട്.
മെഡി. കോളേജുകളിൽ നിന്ന്
പിരിച്ചുവിടപ്പെട്ട ഡോക്ടർമാർ
(കഴിഞ്ഞകൊല്ലത്തെ കണക്ക്)
കോഴിക്കോട്................... 13
ആലപ്പുഴ...........................10
തിരുവനന്തപുരം............ 9
എറണാകുളം.................. 9
കോട്ടയം............................6
തൃശൂർ..............................4
കൊല്ലം............................. 3
വയനാട്........................... 1
ഇടുക്കി..............................1
''ഡോക്ടർമാർ കൂടുതൽ അവസരം തേടി പോകുന്നത് മെഡിക്കൽ കോളേജുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. ഇത് മറികടക്കാനുള്ള വഴികൾ കണ്ടെത്തിയേ തീരൂ.
-ഡോ.എൻ.അശോകൻ,
പ്രിൻസിപ്പൽ,
തൃശൂർ ഗവ. മെഡി. കോളേജ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |