
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 40,586 വിദ്യാർത്ഥികൾ ഒന്നാം വർഷ ഹയർ സെക്കൻഡറിയിൽ പ്രവേശനം നേടി. ഇതിൽ 29,053 പേർ സ്ഥിരം പ്രവേശനവും,
11533 പേർ താൽക്കാലിക പ്രവേശനവുമാണ് നേടിയത്.
ഇന്നലെ രാവിലെ 10 മുതലാണ് പ്ലസ് വൺ പ്രവേശനം ആരംഭിച്ചത്. ഇന്നലെ പ്രസിദ്ധീകരിച്ച അലോട്ട്‌മെന്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രവേശനം . സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ മെരിറ്റ് സീറ്റുകളിലേക്കാണ് പ്രവേശനം തുടങ്ങിയത്. 4,44,772 അപേക്ഷകൾ ലഭിച്ചതിൽ 2,46,638 പേരാണ് ആദ്യ അലോട്ട്‌മെന്റ് പട്ടികയിലുള്ളത്. ജൂൺ 17ന് വൈകിട്ട് അഞ്ചു വരെ പ്രവേശനം നേടാം. ജനറൽ വിഭാഗത്തിലെ 1,56,836 സീറ്റുകളിൽ 1,56,768 സീറ്റുകളും അലോട്ട് ചെയ്തു. 68 സീറ്റുകളാണ് ശേഷിക്കുന്നത്. പട്ടികജാതി സീറ്റുകളിൽ 15,072 ഉം,പട്ടിക വർഗ സീറ്റുകളിൽ 27,151ഉം, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗത്തിൽ 10,980 ഉം സീറ്റുകൾ ബാക്കിയുണ്ട്. മൂന്നാം അലോട്ട്‌മെന്റിനു ശേഷം ഒഴിഞ്ഞു കിടക്കുന്ന സീറ്റുകൾ ജനറൽ വിഭാഗത്തിലേക്ക് മാറ്റും.
ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരം പ്രവേശനം നേടണം. സർട്ടിഫിക്കറ്റ് വെരിഫക്കേഷനു ശേഷം സ്‌കൂളിൽ ഫീസ് അടയ്ക്കാം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാർത്ഥികളെ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല.
അലോട്ട്‌മെന്റ് ലെറ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് മാത്രമേ വാങ്ങാൻ പാടുള്ളൂവെന്ന് പ്രിൻസിപ്പൽമാർക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനു വിരുദ്ധമായി ഉയർന്ന ഫീസും അനധികൃത ഫണ്ട് പിരിവും നടത്തുന്നുവെന്ന് ആദ്യം ദിവസം തന്നെ പരാതി ഉയർന്നു. തുടർന്ന് സംസ്ഥാന ,ജില്ലാ തലത്തിൽ സ്‌ക്വാഡുകൾ രൂപീകരിച്ച് സർക്കാർ മിന്നൽ പരിശോധന തുടങ്ങി. അനധികൃത പിരിവ് നടത്തിയാൽ സ്‌കൂൾ അധികൃതർക്കെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഹയർ സെക്കൻഡറി ജോയിന്റ് ഡയറക്ടർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |