
ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ ബിരുദം പൂർത്തിയാക്കിയവർക്ക് CAT, ഗേറ്റ് പരീക്ഷയെഴുതി മികച്ച മാനേജ്മെന്റ്, സാങ്കേതിക സ്ഥാപനങ്ങളിൽ ബിരുദാനന്തര പഠനം നടത്താം. ജിൻഡാൽ സ്കൂൾ ഒഫ് പബ്ലിക് പോളിസി, അശോക യൂണിവേഴ്സിറ്റി, സിംബയോസിസ് ഇൻസ്റ്റിറ്റ്യൂട്ട്, ശാസ്ത്ര യൂണിവേഴ്സിറ്റി, ക്രൈസ്റ്റ്, മണിപ്പാൽ, അമൃതാ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ മികച്ച സോഷ്യൽ സയൻസസ് പ്രോഗ്രാമുകളുണ്ട്. ജെ.എൻ.യു, ഇംഗ്ലീഷ് ആൻഡ് ഫോറിൻ യൂണിവേഴ്സിറ്റി, ഡൽഹി സർവകലാശാല, ജാമിയ മില്ല ഇസ്ലാമിയ, പോണ്ടിച്ചേരി സർവകലാശാല, കാസർകോട് അടക്കമുള്ള കേന്ദ്ര സർവ്വകലാശാലകൾ, കേരള, കാലിക്കറ്റ്, എം.ജി സർവകലാശാലകളിൽ ഹ്യൂമാനിറ്റീസിൽ ബിരുദം നേടിയവർക്ക് ചേരാവുന്ന മികച്ച കോഴ്സുകളുണ്ട്. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യൽ സയൻസസിൽ മികച്ച ഡെവലപ്മെന്റൽ സയൻസ് ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളുണ്ട്.
അടുത്തകാലത്തായി രാജ്യത്തെ മുൻനിര സ്ഥാപനങ്ങളായ ഐ.ഐ.ടികൾ, എൻ.ഐ.ടികൾ, ഐ.ഐ.എം എന്നിവ ലിബറൽ ആർട്സിലും സോഷ്യൽ സയൻസിലും ബിരുദ, ബിരുദാനന്തര, ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾ ആരംഭിച്ചിട്ടുണ്ട്. ഐ.ഐ.എം ബെംഗളൂരുവിലെ ലിബറൽ ആർട്സ് ബാച്ലർ പ്രോഗ്രാം മികച്ച ഉപരിപഠന സാദ്ധ്യത ഉറപ്പു വരുത്തുന്നുണ്ട്. ഐ.ഐ.എം കോഴിക്കോടിലെ ലിബറൽ ആർട്സ് മാനേജ്മെന്റ് പ്രോഗ്രാം, ഐ.ഐ.ടി ചെന്നൈയിലെ ഡെവലപ്മെന്റൽ/ ഇംഗ്ലീഷ് ഹ്യുമാനിറ്റീസ് ബിരുദാനന്തര പ്രോഗ്രാം, ഐ.ഐ.എം ഇൻഡോർ, റോഹ്ത്ക്, ജമ്മു എന്നിവിടങ്ങളിലെ ഇന്റഗ്രേറ്റഡ് മാനേജ്മന്റ് പ്രോഗ്രാം എന്നിവ ഏറെ സാദ്ധ്യതയുള്ള കോഴ്സുകളാണ്.
നിയമ, ഡിസൈൻ, മാനേജ്മന്റ് കോഴ്സുകൾ
...................................
പ്ലസ് ടു ഹ്യുമാനിറ്റീസ് പൂർത്തിയാക്കിയവർക്ക് ഇന്റഗ്രേറ്റഡ് നിയമ പ്രോഗ്രാമുകളായ ബി.എ എൽ എൽ.ബി പ്രോഗ്രാമിന് ചേരാം. സംസ്ഥാനത്തെ ലാ കോളേജുകളിൽ KLEE പ്രവേശന പരീക്ഷയും ദേശീയ നിയമ സർവകലാശാലയിൽ പ്രവേശനത്തിന് CLAT പരീക്ഷയും എഴുതണം. ഐ.പി.ആർ, പേറ്റന്റ് നിയമം തുടങ്ങിയവ മികച്ച ഉപരിപഠന മേഖലകളാണ്.
ഹ്യുമാനിറ്റീസ് പഠിച്ചവർക്ക് രാജ്യത്തെ ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ബാച്ലർ ഒഫ് ഡിസൈൻ പ്രോഗ്രാമിന് ചേരാം. ഫാഷൻ ഡിസൈൻ, ഫാഷൻ കമ്മ്യൂണിക്കേഷൻ തുടങ്ങി നിരവധി ബ്രാഞ്ചുകളിൽ ബി.ഡെസ് പ്രോഗ്രാമുകളുണ്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ടെക്നോളജി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡിസൈൻ, ഐ.ഐ.ടികൾ എന്നിവിടങ്ങളിൽ ബി.ഡെസ് കോഴ്സുകളുണ്ട്. UCEED പ്രവേശന പരീക്ഷ വഴിയാണ് തിരഞ്ഞെടുത്ത ഐ.ഐ.ടികളിൽ പ്രവേശനം.
ഓർമിക്കാൻ...
1. AISSEE 2025:- സൈനിക സ്കൂളുകളിലെ 6, 9 ക്ലാസ് പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന AISSEE 2025 പ്രവേശന പരീക്ഷയ്ക്ക് 13 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: www.nta.ac.in.
2. സി.എച്ച് മുഹമ്മദ്കോയ സ്കോളർഷിപ്:- ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് നൽകുന്ന സി.എച്ച്. മുഹമ്മദ്കോയ സ്കോളർഷിപ് പുതുക്കാൻ 10 വരെ അവസരം. ഫോൺ: 0471 2300524, 2302090.
ജെ.ഇ.ഇ മെയിൻ 22 മുതൽ
ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ പരീക്ഷാ ഷെഡ്യൂൾ എൻ.ടി.എ പ്രസിദ്ധീകരിച്ചു. പേപ്പർ 1 (ബി.ഇ/ ബി.ടെക്), പേപ്പർ 2 (BArch/ BPharm) എന്നിങ്ങനെ രണ്ടു പേപ്പറുകളാണ് പരീക്ഷയ്ക്കുള്ളത്. 22, 23, 24, 28, 29 തീയതികളിൽ പേപ്പർ ഒന്ന് പരീക്ഷയും 30-ന് പേപ്പർ രണ്ടും നടക്കും. പേപ്പർ പരീക്ഷ ആദ്യ ഷിഫ്റ്റ് രാവിലെ 9 മുതൽ 12 വരെയും രണ്ടാം ഷിഫ്റ്റ് ഉച്ച കഴിഞ്ഞ് 3 മുതൽ 6 വരെയും നടക്കും. വെബ്സൈറ്റ്: jeemain.nta.nic.in.
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം ജനശിക്ഷൻ സൻസ്ഥാനും സ്ത്രീചേതനയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ടെക്സ്റ്റൈൽ പ്രിന്റിംഗ് പരിശീലനത്തിനായി അപേക്ഷ ക്ഷണിച്ചു. 17നും 46നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. എട്ടിന് വൈകിട്ട് നാലിന് മുൻപ് രജിസ്റ്രർ ചെയ്യണം. ഫോൺ: 9947793331
വ്യാവസായിക സുരക്ഷിതത്വ അവാർഡ്
തിരുവനന്തപുരം: സുരക്ഷിതത്വ തൊഴിൽ സാഹചര്യമൊരുക്കുന്ന വ്യവസായശാലകൾക്ക് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് ഏർപ്പെടുത്തിയ അവാർഡിനും ഫാക്ടറി ഗ്രേഡിംഗ് സർട്ടിഫിക്കറ്റിനുമായി 10നകം അപേക്ഷിക്കാം. മികച്ച മെഡിക്കൽ ഓഫീസർ, വെൽഫയർ ഓഫീസർ, സേഫ്റ്റി ഓഫീസർ എന്നീ വ്യക്തിഗത അവാർഡുകൾക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വിജ്ഞാപനം www.fabkerala.gov.inൽ.
കെഫോൺ ഗ്രാമീണ ഫോട്ടോഗ്രാഫി മത്സരം:തീയതി നീട്ടി
തിരുവനന്തപുരം:ഇന്റർനെറ്റ് ഗ്രാമങ്ങളിലുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ചുള്ള ഫോട്ടോഗ്രാഫി മത്സരത്തിന് ജനുവരി 10 വരെ എൻട്രികൾ അയയ്ക്കാം. പ്രായപരിധിയില്ലാതെ ആർക്കും പങ്കെടുക്കാം.വിജയികളെ ജനുവരി 14ന് കെ.ഫോൺ ഒഫീഷ്യൽ വെബ് പേജിൽ പ്രഖ്യാപിക്കും.
പങ്കെടുക്കേണ്ടത് ഇങ്ങനെ:
എടുക്കുന്ന ഫോട്ടോ വാട്ടർമാർക്കോ മറ്റ് അടയാളങ്ങളോ ഇല്ലാതെ +91 9061604466 എന്ന വാട്സ്ആപ്പ് നമ്പരിലേക്ക് അയയ്ക്കുക. തിരഞ്ഞെടുക്കുന്ന ഫോട്ടോകൾ കെഫോൺ ഫ്രെയിമോടെ വാട്സാപ്പിൽ തിരിച്ചയയ്ക്കും. അതിനുശേഷം കെഫോൺ ഒഫിഷ്യൽ ഫേസ്ബുക്ക് അല്ലെങ്കിൽ ഇൻസ്റ്റഗ്രാം പേജ് ഫോളോ ചെയ്ത് പേജിലേക്ക് ടാഗ് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്യുകയും രണ്ട് പേരെ കമന്റ് ബോക്സിൽ ടാഗ് ചെയ്യുകയും വേണം. പോസ്റ്റിന് ലഭിക്കുന്ന ലൈക്കിന്റെയും റീച്ചിന്റെയും അടിസ്ഥാനത്തിൽ വിജയിയെ തീരുമാനിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |