SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.02 AM IST

പോരാട്ടം നിശബ്ദമായി നാളെ ബൂത്തിലോട്ട്

vvv

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നിശബ്ദപ്രചാരണം. നാളെ 2.71കോടിവോട്ടർമാർ പോളിംഗ് ബൂത്തിലേക്ക്. 140 മണ്ഡലങ്ങളിലെയും വോട്ടർമാർ വോട്ടിംഗ് മെഷീനിൽ വിരൽ അമർത്തുന്നതോടെ സംസ്ഥാന ഭരണത്തിന്റെ വിധി നിർണയിക്കപ്പെടും. രണ്ടു ലക്ഷത്തോളം പേർ ഇതിനകം വീട്ടിലിരുന്നു വോട്ട് ചെയ്തു.

കണ്ണൂർ,കാസർകോട്,മലപ്പുറം,പാലക്കാട്,എറണാകുളം ജില്ലകളിൽ മാത്രമാണ് തിരക്ക് ക്രമീകരിക്കുന്നതിനു വേണ്ടിയുള്ള ഓക്സിലറി ബൂത്തുകളുള്ളത്. സംസ്ഥാനത്തെ 2040ബൂത്തുകൾ ക്രിട്ടിക്കൽ സ്വഭാവമുള്ളതാണ്. വനിത ഉദ്യോഗസ്ഥർ മാത്രമുള്ള 352ഉം ഭിന്നശേഷി ഉദ്യോഗസ്ഥർ കൈകാര്യം ചെയ്യുന്ന 37ഉം ബൂത്തുകളുമുണ്ട്. 884ബൂത്തുകൾ മാതൃകാബൂത്തുകളായിരിക്കും. സംസ്ഥാനത്ത് 140 പോളിംഗ് കളക്ഷൻ സെന്ററുകളും 43സ്ഥലങ്ങളിലായി 140 കൗണ്ടിംഗ് കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

എക്സിറ്റ് പോളിന് പരിധി

എക്സിറ്റ് പോളുകൾക്ക് ഇന്നലെ രാവിലെ 7മുതൽ വിവിധ സംസ്ഥാനങ്ങളിൽ പോളിംഗ് അവസാനിക്കുന്ന 29ന് വൈകിട്ട് ആറുവരെ നിരോധനം. ഒപ്പീനിയൻ പോളുകൾക്ക് ഇന്നലെ മുതൽ 9ന് വൈകിട്ട് ആറുവരെയും നിരോധനമുണ്ടാകും. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വോട്ടർമാർക്ക് നാട്ടിൽ വോട്ട് ചെയ്യാൻ എത്തുന്നതിന് സൗകര്യമേർപ്പെടുത്തും.പോണ്ടിച്ചേരിയിലെ ജിപ്മറിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് വോട്ടെടുപ്പിൽ പങ്കെടുക്കാൻ ഇലക്ഷൻ കമ്മിഷൻ ഇടപെട്ട് യാത്രാസൗകര്യമൊരുക്കി.

സംസ്ഥാനത്ത് 27142952 വോട്ടർമാർ

1.സർവീസ് വോട്ടർമാർ 53984

2. ആകെ സ്ഥാനാർത്ഥികൾ 883

3. പോളിംഗ് ബൂത്തുകൾ 30495

4. ഓക്സിലറി ബൂത്തുകൾ 24

5.ബൂത്തിൽ പരമാവധി വോട്ട് 1200

സുരക്ഷയ്ക്ക് 76000 പൊലീസ്

കേന്ദ്ര ആംഡ് റിസർവ് പൊലീസിലെ 16000പേരും സ്പെഷ്യൽ പൊലീസ് ഫോഴ്സിലെ 25000പേരും 3200 പൊലീസ് വോളന്റിയർമാരും കേരളപൊലീസും അടക്കം 76000ത്തോളം പൊലീസ് ഉദ്യോഗസ്ഥരാണ് വോട്ടെടുപ്പിന് സുരക്ഷയൊരുക്കുക. വോട്ടെടുപ്പ് പരിഗണിച്ച് ഇന്നലെ വൈകിട്ട് ആറുമുതൽ 9ന് വൈകിട്ട് ആറുവരെ മദ്യവിതരണം നിരോധിച്ചിട്ടുണ്ട്.

തപാൽ,​ ഹോം വോട്ട്

പോളിംഗ് ഉദ്യോഗസ്ഥർക്കും പൊലീസ് ഉൾപ്പെടെയുള്ള അവശ്യസേവന വിഭാഗങ്ങൾക്കുമുള്ള തപാൽ വോട്ട്, 85കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കുമുള്ള ഹോം വോട്ട് എന്നിവ ഇന്ന് പൂർത്തിയാകും.ആകെ 207757 ഹോം വോട്ടർമാരിൽ 98%ഉം വോട്ട് ചെയ്തുകഴിഞ്ഞു. പൊലീസ്,അവശ്യസേവന വിഭാഗത്തിൽ 34138 പേരാണ് തപാൽ വോട്ടിന് അപേക്ഷിച്ചിട്ടുള്ളത്. ഇതിൽ 95%ഉം വോട്ട് ചെയ്തു. പോളിംഗ് ഉദ്യോഗസ്ഥരിൽ 1.46ലക്ഷം പേരാണ് തപാൽ വോട്ട് ചെയ്യാനുള്ളത്.ഇതുവരെ 40% മാത്രമാണ് വോട്ട് ചെയ്തത്. ശേഷിക്കുന്നവർ ഇന്ന് പോളിംഗ് സാമഗ്രികളുടെ വിതരണകേന്ദ്രത്തിൽ ഒരുക്കുന്ന തപാൽവോട്ട് കേന്ദ്രത്തിൽ വോട്ട് ചെയ്യും.ഇവിടങ്ങളിൽ ആറോളം കൗണ്ടറുകൾ ഇതിനായി സജ്ജീകരിക്കും.

''ബൂത്തുകളെല്ലാം സജ്ജമാക്കിയിട്ടുണ്ട്. പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്നു നടക്കും.

-ഡോ.രത്തൻ.യു.കേൽക്കർ,​ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA