
തിരുവനന്തപുരം/വയനാട്: കാട്ടാനകളുടെ ആക്രമണത്തിൽ തിരുവനന്തപുരത്തും വയനാട്ടിലും രണ്ട് ജീവൻകൂടി പൊലിഞ്ഞു. ആദിവാസി വിഭാഗത്തിൽപെട്ടവരാണ് രണ്ടുപേരും. വയനാട്ടിൽ കേരള- തമിഴ്നാട് അതിർത്തിയിലെ അമ്പലമൂല, വെള്ളരി, നരിക്കൊല്ലി മെഴുകൻമൂല ഉന്നതിയിലെ മനു (46), തിരുവനന്തപുരം മടത്തറ പെരിങ്ങമ്മല ശാസ്താംനട വലിയപുലിക്കോട് ചതുപ്പിൽ തടത്തരികത്ത് വീട്ടിൽ ബാബു (54) എന്നിവരാണ് കൊല്ലപ്പെട്ടത്.
വനവിഭവങ്ങൾ ശേഖരിക്കാൻ കഴിഞ്ഞ ബുധനാഴ്ച കാട്ടിലേക്ക് പോയ ബാബുവിനെ കാട്ടാന ചവിട്ടിക്കൊന്ന നിലയിൽ ഇന്നലെയാണ് കണ്ടെത്തിയത്. ആറു ദിവസം കഴിഞ്ഞിട്ടും മടങ്ങിയെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തെരച്ചിലിൽ അടിപറമ്പ് ശാസ്താംനട കാട്ടുപാതയ്ക്ക് സമീപം ബാബുവിന്റെ വസ്ത്രങ്ങൾ തിങ്കളാഴ്ച കണ്ടെത്തിയിരുന്നു. ഇന്നലെ രാവിലെയാണ് നീർചാലിന് സമീപത്ത് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. പ്രധാനപാതയിൽ നിന്ന് എട്ടുകിലോമീറ്റർ അകലെ ഉൾവനത്തിലായിരുന്നു മൃതദേഹം കിടന്നത്. ശോഭനയാണ് ബാബുവിന്റെ ഭാര്യ.
വയനാട്ടിൽ തിങ്കളാഴ്ച രാത്രിയാണ് മനുവിനെ കാട്ടാന കൊന്നത്. ഇന്നലെ രാവിലെ നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് കാപ്പാട്ടെ മനുവിന്റെ കുടുംബ വീടിനടുത്തെ വയലിന് സമീപത്ത് മൃതദേഹം കണ്ടത്. ഭാര്യ ചന്ദ്രികയുമൊത്ത് അങ്ങാടിയിൽ നിന്ന് സാധനം വാങ്ങിയശേഷം മനു കാപ്പാട്ടെ കുടുംബവീട്ടിലേക്ക് പോയി. ഭാര്യ നരിക്കൊല്ലിയിലെ വീട്ടിലേക്കും. രാത്രി എട്ടോടെ ഓട്ടോയിൽ ഓണിവയലിൽ വന്നിറങ്ങിയശേഷം കുടുംബ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെയാണ് മനുവിനെ കാട്ടാന ആക്രമിച്ചത്. മക്കൾ: സജിത, ബബിന, സംഗീത, സനിഷ.
പ്രതിഷേധിച്ച് നാട്ടുകാർ
വയനാട്ടിൽ പ്രതിഷേധിച്ച നാട്ടുകാർ ജില്ലാകളക്ടറോ വൈൽഡ് ലൈഫ് വാർഡനോ എത്താതെ മനുവിന്റെ മൃതദേഹം മാറ്രാൻ സമ്മതിക്കില്ലെന്ന് ശഠിച്ചു. കാട്ടാന ആക്രമണം തടയാൻ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തണമെന്നും
നഷ്ടപരിഹാരം ഉടൻ നൽകണമെന്നുമായിരുന്നു ആവശ്യം. തുടർന്ന് വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ സ്ഥലത്തെത്തി. മനുവിന്റെ കുടുംബത്തിന് പകുതി നഷ്ടപരിഹാരത്തുക ഇപ്പോൾ നൽകാമെന്നും, പ്രതിരോധ സംവിധാനം ഉടൻ കാര്യക്ഷമമാക്കാമെന്നും ഉറപ്പുനൽകി. താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |