
കൊച്ചി: പോക്സോ ഇരകളുടെ ഗർഭം അലസിപ്പിച്ചാൽ ഭ്രൂണം സൂക്ഷിക്കണമെന്ന നിയമഭേദഗതി കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പരിഗണിക്കണമെന്ന് ഹൈക്കോടതി. അന്വേഷണത്തിനും പ്രതികൾ രക്ഷപ്പെടാതിരിക്കാനും ഇത് അനിവാര്യമാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ നിർദ്ദേശം.
നിയമനിർമ്മാണം ഉണ്ടാകുന്നതുവരെ ഇടക്കാല നടപടിയെന്ന നിലയിൽ ഭ്രൂണം സൂക്ഷിക്കണമെന്ന സർക്കുലർ സംസ്ഥാനത്തെ ഡോക്ടർമാർക്ക് അയയ്‌ക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടറോട് കോടതി നിർദ്ദേശിച്ചു.
അന്വേഷണ ഉദ്യോഗസ്ഥന്റെയോ ജില്ലാ പൊലീസ് മേധാവിയുടെയോ രേഖാമൂലമുള്ള അറിയിപ്പില്ലാതെ ഭ്രൂണം നശിപ്പിക്കരുത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇരയുടെ ഗർഭം അലസിപ്പിച്ചെന്നും, ഭ്രൂണം നശിപ്പിച്ചെന്നുമാരോപിച്ച് ഡോക്ടർക്കെതിരെ പോക്സോ വകുപ്പടക്കം ചുമത്തിയ കേസ് കോടതി റദ്ദാക്കി. സമാനമായ കേസുകളിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ പ്രത്യേക നിർദ്ദേശമുണ്ടെങ്കിലേ ഭ്രൂണം സൂക്ഷിച്ചുവയ്‌ക്കൂ. എന്നാൽ സ്വമേധയാ ആശുപത്രികളിൽ സൂക്ഷിച്ചുവയ്‌ക്കുന്നതിനുള്ള നിയമഭേദഗതി വേണമെന്നാണ് കോടതിയുടെ നിർദ്ദേശം. ഉത്തരവിന്റെ പകർപ്പ് കേന്ദ്ര- സംസ്ഥാന നിയമ സെക്രട്ടറിമാർക്ക് അയയ്ക്കാൻ രജിസ്ട്രിക്ക് നിർദ്ദേശം നൽകി. ഹർജിക്കാരനായ ഡോക്ടർ കുറ്റക്കാരനെ സംരക്ഷിക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് പൊലീസ് പ്രതിചേർത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |