
കൊച്ചി: പെൺകുട്ടികളെയോ സ്ത്രീകളെയോ കാണാനില്ലെന്ന് പരാതി ലഭിച്ചാലുടൻ കേസെടുത്ത് അന്വേഷണം തുടങ്ങണമെന്ന് ഹൈക്കോടതി. പരാതിയുടെ ശരിതെറ്റുകൾ ആദ്യഘട്ടത്തിൽ പരിശോധിക്കേണ്ടതില്ല. ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, എം.ബി. സ്നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റേതാണ് നിർദ്ദേശം.
കാസർകോട് പൈവളികെയിൽ കാണാതായ 15കാരിയെ ടാക്സി ഡ്രൈവർക്കൊപ്പം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തെ കുറ്റപ്പെടുത്താനാകില്ലെന്ന് കോടതി വിലയിരുത്തി. അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി കേസ് ഡയറി വിലയിരുത്തുകയായിരുന്നു. മാതാവ് സമർപ്പിച്ചിരുന്ന ഹേബിയസ് കോർപ്പസ് ഹർജിയാണ് പരിഗണിക്കുന്നത്. പൊലീസ് സ്വീകരിച്ച നടപടികൾ വ്യക്തമാക്കുന്ന പത്രിക സമർപ്പിക്കാനും നിർദ്ദേശിച്ചു.
പെൺകുട്ടിയെ കാണാനില്ലെന്ന് പരാതി ലഭിച്ച 12നു തന്നെ അന്വേഷണം തുടങ്ങിയിരുന്നതായി എസ്.എച്ച്.ഒ വിനോദ്കുമാർ അറിയിച്ചു. യുവാവിനൊപ്പം കർണാടകയിലേക്കാണ് പോയതെന്ന സൂചനയെ തുടർന്ന് അവിടെയും അന്വേഷിച്ചു. മൊബൈൽ സിഗ്നൽ വച്ച് 7 ദിവസത്തിനു ശേഷം ഇവരുടെ ലൊക്കേഷൻ കൃത്യമായി നിർണയിച്ചിരുന്നു. പൊലീസ് നായയുമായി എത്തിയെങ്കിലും കണ്ടെത്താനായില്ല. കാണാതായ ദിവസം തന്നെ ഇരുവരും മരണപ്പെട്ടിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
ഹർജിയിൽ തുടർനടപടികൾ അവസാനിപ്പിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. ഒപ്പം കിടന്നുറങ്ങിയ കുട്ടിയെ 30-ാം ദിവസം മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രക്ഷിതാക്കൾ അനുഭവിച്ച മാനസികാഘാതം വലുതാണ്. അത് ജീവിതകാലംവരെ നിലനിൽക്കും. അന്വേഷണം ഉചിതമായിരുന്നില്ലെന്ന മാതാപിതാക്കളുടെ ആശങ്ക പരിഹരിക്കേണ്ടതുണ്ട്.
പോക്സോ വകുപ്പ്
മനസിലുണ്ടാകണം
പ്രായപൂർത്തിയാകാത്ത കുട്ടികളെ കാണാനില്ലെന്ന് കേൾക്കുമ്പോൾ പോക്സോ വകുപ്പുകൾ അന്വേഷണ ഉദ്യോഗസ്ഥന്റെ മനസിലുണ്ടാകണം. പൈവളികെ കേസിൽ അങ്ങനെയൊരു ചിന്തയുണ്ടായില്ല. ഒളിച്ചോട്ടമെന്ന രീതിയിലാണ് കൈകാര്യം ചെയ്തത്. കോവിഡു കാലം മുതൽ ലോകം ഏറെ മാറിയിട്ടുണ്ട്. കുട്ടികൾ പല സ്വാധീനങ്ങളിലും പെടുന്നു. സമൂഹമാദ്ധ്യമങ്ങളും സിനിമയും നിയന്ത്രിച്ചതുകൊണ്ടായില്ല. ഇന്റർനെറ്റിനെ സെൻസർ ചെയ്യാനാകാത്ത സ്ഥിതിയാണെന്നും ഡിവിഷൻബെഞ്ച് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |