
കൊച്ചി: കശുഅണ്ടി ഇറക്കുമതി അഴിമതിയിലെ കോടതി അലക്ഷ്യക്കേസിൽ സിംഗിൾബെഞ്ച് ഉത്തരവിനെതിരെ ഗവ. പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. ഉത്തരവിൽ ഇടപെടാനില്ലെന്നും തന്റെ ഭാഗത്ത് തെറ്റില്ലെങ്കിൽ ഹർജിക്കാരന് അതേ ബെഞ്ചിൽ ബോദ്ധ്യപ്പെടുത്തി ഇളവ് തേടാമെന്നും ഡിവിഷൻബെഞ്ച് വ്യക്തമാക്കി. നേരിട്ട് ഹാജരാകണമെന്ന നിർദ്ദേശം ഹർജിക്കാരൻ പാലിക്കണമെന്നും ജസ്റ്റിസ് കെ. നടരാജൻ, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ബെഞ്ച് ഉത്തരവിട്ടു.
മുഖ്യപ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനായി സി.ബി.ഐ നൽകിയ അപേക്ഷയിൽ ഈ മാസം 19നകം തീരുമാനമെടുക്കണമെന്ന് സിംഗിൾബെഞ്ച് നേരത്തേ ഉത്തരവിട്ടിരുന്നു. എന്നാൽ മുഹമ്മദ് ഹനീഷ് കശുഅണ്ടി വകുപ്പിൽ നിന്ന് മാറിയതിനാൽ തീരുമാനമെടുക്കാനാകില്ലെന്നും ഒഴിവാക്കണമെന്നും സർക്കാർ അഭിഭാഷകൻ വാദിച്ചു. ഇക്കാര്യത്തിലും ഡിവിഷൻബെഞ്ച് ഇടപെട്ടില്ല. നേരിട്ട് ഹാജരാകുമ്പോൾ സിംഗിൾബെഞ്ചിൽ സമയം തേടുകയോ പകരക്കാരനായ ഉദ്യോഗസ്ഥനെ കക്ഷിചേർക്കാൻ ആവശ്യപ്പെടുകയോ ചെയ്യാമെന്ന് നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |