SignIn
Kerala Kaumudi Online
Saturday, 24 October 2026 11.55 AM IST

മാദ്ധ്യമങ്ങളുടെ അഭിപ്രായ  സ്വാതന്ത്ര്യം നിയന്ത്രിക്കാനാവില്ല, നിരീക്ഷണം ഹൈക്കോടതി അഞ്ചംഗ ബെഞ്ചിന്റേത്

READ ENGLISH VERSION

highcourt

കൊച്ചി: അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള മാദ്ധ്യമങ്ങളുടെ അവകാശം ഉത്തരവിലൂടെ പരിമിതപ്പെടുത്താനാകില്ലെന്ന് ഹൈക്കോടതിയുടെ അഞ്ചംഗ ബെഞ്ച്. രാജ്യസുരക്ഷ, അഖണ്ഡത, ക്രമസമാധാനം, വ്യക്തികളുടെ സത്കീർത്തി തുടങ്ങിയവയെ ബാധിക്കുന്ന അവസരത്തിൽ മാത്രമേ ഭരണഘടന അനുശാസിക്കുന്ന നിയന്ത്രണം സാധിക്കൂവെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മാദ്ധ്യമ സ്വാതന്ത്ര്യത്തിന്റെ പരിധി നിർവചിക്കണമെന്നും കേസ് നടപടികളെക്കുറിച്ചുള്ള വാർത്തകളുടെ ഉള്ളടക്കം നിയന്ത്രിക്കണമെന്നും മറ്റും ആവശ്യപ്പെടുന്ന ഒരു കൂട്ടം ഹർജികൾ തീർപ്പാക്കിയാണ് ഉത്തരവ്.

ഭരണഘടനയുടെ 19(1)എ അനുച്‌ഛേദം വഴി മാദ്ധ്യമങ്ങൾക്ക് കൈവരുന്ന അഭിപ്രായ സ്വാതന്ത്ര്യവും, മറ്റുള്ളവർക്കുള്ള അവകാശങ്ങളും ഇരു കൂട്ടരുടെയും കടമകളും പരസ്പരപൂരകങ്ങളാണ്. ഭരണഘടനാ മൂല്യങ്ങളും കടമകളും പൗരന്മാരുടെയും മാദ്ധ്യമങ്ങളുടെയും അവകാശങ്ങൾക്ക് സ്വയം പരിധിയേർപ്പെടുത്തുന്ന വിധമാണ് നിർവചിക്കപ്പെട്ടിട്ടുള്ളതെന്നും അഞ്ചംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.

ഹർജികൾ പരിഗണിച്ച ബെഞ്ചിൽ ജസ്റ്റിസുമാരായ കൗസർ എടപ്പഗത്ത്, സി.പി. മുഹമ്മദ് നിയാസ്, സി.എസ്. സുധ, വി.എം. ശ്യാംകുമാർ എന്നിവരുമുണ്ടായിരുന്നു. ക്രിമിനൽ കേസുകളിലും മറ്റും മാദ്ധ്യമ ഉള്ളടക്കം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് 2014ൽ പൊതുപ്രവർത്തകൻ ഡിജോ കാപ്പനാണ് ആദ്യം കോടതിയെ സമീപിച്ചത്. പിന്നീട് അഭിഭാഷകരും മാദ്ധ്യമപ്രവർത്തകരുമായുള്ള തർക്കത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ഹർജികളെത്തി. വാർത്തകളുടെ സത്യസന്ധത ഉറപ്പാക്കണമെന്നും മറ്റുമുള്ള ഹർജിയിലെ ആവശ്യങ്ങളിൽ കോടതി ഇടപെട്ടില്ല.

ഹൈക്കോടതി

പറഞ്ഞത്

• മാദ്ധ്യമ സ്വാതന്ത്ര്യവും വ്യക്തികളുടെ അവകാശവും തമ്മിൽ സംഘർഷമുണ്ടായാൽ ഭരണഘടനാ മൂല്യങ്ങളും മൗലികമായ കടമകളും മറക്കാതെ മാദ്ധ്യമങ്ങൾ സ്വയം നിയന്ത്രിക്കണം.

• വിധിക്കാനുള്ള അധികാരം കോടതികൾക്കാണ്. ഏതെങ്കിലും കക്ഷി കുറ്റക്കാരെന്നോ നിരപരാധിയെന്നോ അഭിപ്രായപ്രകടനമുണ്ടായാൽ അതിന് ഭരണഘടനാപരമായ പരിരക്ഷയുണ്ടാവില്ല

. വ്യക്തികളുടെ അവകാശങ്ങളിലേക്കുള്ള അനാവശ്യ ഇടപെടലുകൾക്ക് അവസാനമാകണം.

• അവകാശ ലംഘനമുണ്ടായാൽ വ്യക്തികൾക്ക് കോടതികളെ സമീപിച്ച് ആശ്വാസം നേടാനുള്ള എല്ലാ വഴികളും നിലവിലുണ്ട്.


ഉത്തരവാദിത്വ മാദ്ധ്യമ പ്രവർത്തനത്തിന്റെ പുതുയുഗം തുറക്കാൻ ഈ വിധി പ്രേരണയാകട്ടെ

- ഹൈക്കോടതി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HIGHCOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA