SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.36 AM IST

സർക്കാർ ജീവനക്കാരുടെ ശനി അവധി: തീരുമാനം ഇന്ന്

s

തിരുവനന്തപുരം: സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനം ആറിൽ നിന്ന് അഞ്ചാക്കുന്നതിൽ ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനമെടുത്തേക്കും. ഇതിനുള്ള ശുപാർശ പൊതുഭരണ സെക്രട്ടറി ബുധനാഴ്ച ചീഫ്സെക്രട്ടറിക്ക് കൈമാറി. പ്രവൃത്തിദിനം അഞ്ചാക്കുന്നത് മന്ത്രിസഭാ യോഗത്തിന്റെ അജൻഡയിൽ ഉൾപ്പെടുത്തി. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപാണ് നിർണായക തീരുമാനം വരുന്നത്.

നിലവിൽ രണ്ടാം ശനിയാഴ്ച ഒഴിച്ചുള്ള ശനിയാഴ്ചകൾ പ്രവൃത്തി ദിനമാണ്. ശനിയാഴ്ചകൾ പൂ‌ർണമായി അവധിയാക്കുന്നതിനു പകരം ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ചുള്ള മൂന്ന് ശുപാർശകളും മന്ത്രിസഭയുടെ പരിഗണനയിലുണ്ട്. നിത്യേന ഒരു മണിക്കൂർ ജോലിസമയം കൂട്ടുന്നതാണ് അതിലൊന്ന്. നിലവിലെ 20 കാഷ്വൽ ലീവുകൾ പത്താക്കുക, 33 ആർജ്ജിത അവധികൾ 30ആക്കുക എന്നിവയും പരിഗണനയിലാണ്. ഏജീസ് ഓഫീസിലേതു പോലെ രാവിലെ 9മുതൽ വൈകിട്ട് അഞ്ചര വരെ ജോലിസമയമാക്കുന്നതും പരിഗണനയിലുണ്ട്. നിലവിൽ നഗരപ്രദേശങ്ങളിൽ രാവിലെ 10.15മുതൽ വൈകിട്ട് 5.15വരെയും മറ്റിടങ്ങളിൽ രാവിലെ 10മുതൽ വൈകിട്ട് 5വരെയുമാണ് ജോലി സമയം. അവധികൾ വെട്ടിക്കുറയ്ക്കുന്നതിനെ ജീവനക്കാരുടെ പ്രതിപക്ഷ സംഘടനകൾ ശക്തമായി എതിർക്കുന്നുണ്ട്.

നിലവിൽ 42 മണിക്കൂറാണ് ആഴ്ചയിലെ പ്രവൃത്തി സമയം. ഒരു ദിവസം കുറയ്ക്കുമ്പോൾ മാസത്തിൽ 21 മണിക്കൂറിന്റെയും വർഷത്തിൽ 36 ദിവസത്തെയും കുറവുണ്ടാകും. പ്രവൃത്തി ദിവസങ്ങൾ ആഴ്ചയിൽ അഞ്ചാക്കുന്നത് സർക്കാരിന് സാമ്പത്തിക നേട്ടമുണ്ടാക്കും. അതേസമയം, പ്രവൃത്തിദിനം അഞ്ചാക്കിയാൽ ജനങ്ങൾ സേവനം കിട്ടാതെ വലയുമെന്ന വിമർശനവുമുണ്ട്.

2ദിവസം അവധി തേടി പൊലീസും

സർക്കാർ ജീവനക്കാർക്ക് ആഴ്ചയിൽ അഞ്ചുദിവസം പ്രവൃത്തി ദിനവും രണ്ടുദിവസം അവധിയുമായി പരിഷ്കരിക്കുമ്പോൾ പൊലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ രണ്ടുദിവസം വീക്കിലി ഓഫ് അനുവദിക്കണമെന്ന് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ചീഫ്സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. നിലവിൽ അടിയന്തര ജോലി സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ വീക്കിലി ഓഫ് നിഷേധിക്കപ്പെട്ട് ഡ്യൂട്ടിക്ക് നിയോഗിച്ചാൽ നഷ്ടപ്പെട്ട ഓഫിന് പകരം അലവൻസ് അനുവദിക്കുന്നുണ്ട്. സമാനമായി വീക്കിലി ഓഫുകൾ നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടായാൽ പകരം അലവൻസ് അനുവദിക്കണം. ഓഫ് അലവൻസ് ഓരോ ഉദ്യോഗസ്ഥന്റെയും ഒരു ദിവസത്തെ വേതനത്തിന് തുല്യമാക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: JOB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA