SignIn
Kerala Kaumudi Online
Wednesday, 10 June 2026 8.17 AM IST

കേളത്ത് അരവിന്ദാക്ഷൻ മാരാർ അന്തരിച്ചു

READ ENGLISH VERSION
dd

തൃശൂർ: വാദ്യകലയിലെ വിസ്മയമായ ഒല്ലൂർ എടക്കുന്നി കേളത്ത് അരവിന്ദാക്ഷൻ മാരാർ (82) അന്തരിച്ചു. വാർദ്ധ്യക സഹജമായ അവശതയെ തുടർന്ന് ഏറെനാളായി വിശ്രമത്തിലായിരുന്നു. അവിവാഹിതനാണ്. തൃശൂർ പൂരത്തിൽ തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളിലായി നാലര പതിറ്റാണ്ടോളം നിറസാന്നിദ്ധ്യമായിരുന്നു. പ്രമാണിയുടെ ഇടത്തും വലത്തും പ്രമാണിക്ക് കരുത്ത് പകർന്ന് കൊട്ടിക്കയറുന്ന രീതിയായിരുന്നു അദ്ദേഹത്തിന്റേത്. ഒട്ടേറെ ആരാധകരുള്ള കേളത്ത് ഒരിക്കൽ പോലും പ്രമാണം അഗ്രഹിച്ചിരുന്നില്ല. ഇലഞ്ഞിത്തറമേളത്തിൽ ഒരിക്കൽ പ്രമാണിയായിരുന്ന പെരുവനം കുട്ടൻമാരാർ ശാരീരിക അവശതയെ തുടർന്ന് അല്പസമയം മാറിനിന്നപ്പോൾ മേളം മുന്നോട്ട് കൊണ്ടുപോയത് കേളത്തായിരുന്നു. സംഘാടകർ നിർബന്ധിച്ചാലേ നായകസ്ഥാനം ഏറ്റെടുത്തിരുന്നുള്ളൂ.

2021ലെ തൃശൂർ പൂരത്തിലെ ഇലഞ്ഞിത്തറ മേളത്തിലാണ് അവസാനമായി പങ്കെടുത്തത്. പരേതരായ മാക്കോത്ത് ശങ്കരൻ കുട്ടി മാരാരുടെയും കേളത്ത് മാരാത്ത് അമ്മിണി മാരസ്യാരുടെയും മകനായ അരവിന്ദാക്ഷമാരാരുടെ ഗുരു പിതാവായിരുന്നു. പഠനശേഷം പന്ത്രണ്ടാം വയസിൽ എടക്കുന്നി അമ്പലത്തിൽ നവരാത്രി ദിവസം അരങ്ങേറ്റം കുറിച്ചു. പതിയാരത്ത് കുഞ്ഞൻമാരാർ പാറമേക്കാവിന്റെ മേളപ്രമാണി ആയിരിക്കുമ്പോഴാണ് കേളത്ത് തൃശൂർ പൂരത്തിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് 13 വർഷക്കാലം കൊട്ടിയശേഷം പൂരത്തിലെ കൊട്ടുനിറുത്തി.

പിന്നീട് തൃപ്പേക്കുളം അച്യുതമാരാർ തിരുവമ്പാടിയുടെ പ്രമാണിയായപ്പോൾ ഒമ്പത് വർഷക്കാലം വീണ്ടും കൊട്ടി. പെരുവനം കുട്ടൻ മാരാർ പാറമേക്കാവിൽ മേളത്തിന്റെ നായകനായതോടെ തിരിച്ചെത്തി. ആദ്യം 13 വർഷക്കാലം പാറമേക്കാവിലും പിന്നീട് ഒമ്പത് വർഷം തിരുവമ്പാടിയിലും തിരിച്ച് പാറമേക്കാവിൽ തുടർച്ചയായി 23 വർഷവും കൊട്ടി. ആറാട്ടുപുഴയിലെ പൂരപ്പാടത്തും തൃപ്പൂണിത്തുറയിലും ഇരിങ്ങാലക്കുട കൂടൽമാണിക്യത്തിലും തുടങ്ങി കേരളത്തിലെ പ്രമുഖ മേളങ്ങളിലെല്ലാം സ്ഥിരം സാന്നിദ്ധ്യമായിരുന്നു. കേരള സംഗീതനാടക അക്കാഡമി പുരസ്‌കാരം, തൃപ്രയാർ വാദ്യകലാ ആസ്വാദക സമിതിയുടെ ശ്രീരാമപാദ സുവർണമുദ്ര, കലാചാര്യ, വാദ്യമിത്ര, ധന്വന്തരി പുരസ്‌കാരം, പൂർണത്രയീശ പുരസ്‌കാരം, ആറാട്ടുപുഴ ശ്രീ ശാസ്താപുരസ്‌കാരം, വാദ്യ വിശാരദൻ പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം പാറമേക്കാവ് ശാന്തിഘട്ടിൽ നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA