
പാലക്കാട്: ഉപതിരഞ്ഞെടുപ്പിൽ ട്രോളിയും പരസ്യവിവാദവും തിരിച്ചടിയായെന്ന് സി.പി.എം വിലയിരുത്തൽ. തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ പാലക്കാട്ടെ പ്രചാരണവും തന്ത്രങ്ങളും പരിശോധിക്കാൻ തയ്യാറെടുക്കുകയാണ് പാർട്ടി ജില്ലാ - സംസ്ഥാന നേതൃത്വങ്ങൾ. സരിന്റെ സ്ഥാനാർത്ഥിത്വവും, തിരഞ്ഞെടുപ്പിൽ സ്വീകരിച്ച നയസമീപനങ്ങളും ഉൾപ്പെടെ ഇഴകീറിയുള്ള പരിശോധനകൾക്ക് വിധേയമാകും. പ്രചാരണത്തിന് ചുക്കാൻ പിടിച്ച മന്ത്രി എം.ബി.രാജേഷ്, കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലൻ ഉൾപ്പെടെയുള്ളവർക്ക് നേരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്.
മൂന്നാം സ്ഥാനത്ത് നിന്ന് മണ്ഡലം തിരിച്ചുപിടിക്കാനാണ് സി.പി.എം ലക്ഷ്യമിട്ടത്. പക്ഷേ, തിരഞ്ഞെടുപ്പ് ഫലം പ്രതീക്ഷകളെ തകിടംമറിക്കുന്നതായി. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിനെക്കാൾ 860 വോട്ടുകൾ വർദ്ധിപ്പിച്ചതാണ് ഏക ആശ്വാസം. ഈ അധിക വോട്ടുകൾക്കു വേണ്ടിയാണോ പി.സരിനെ ഇറക്കിയതെന്ന ചോദ്യം ഉയരുന്നു. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന യു.ഡി.എഫിനെ മുഖ്യശത്രുവാക്കിയപ്പോൾ ബി.ജെ.പിയോട് പലപ്പോഴും സ്വീകരിച്ചത് മൃദു സമീപനമാണെന്ന വിമർശനവും ശക്തിപ്പെടുന്നു. പെട്ടി വിവാദത്തിൽ കോൺഗ്രസിനെ നേരിടാൻ ബി.ജെ.പിക്കൊപ്പം ഇറങ്ങിയതിലെ നാണക്കേട് പാർട്ടിയെ വരുംദിവസങ്ങളിൽ വേട്ടയാടും. ബി.ജെ.പിയോട് ഇടഞ്ഞ സന്ദീപ് വാര്യരെ ഇടത്തോട്ടെത്തിക്കാൻ നടത്തിയ ശ്രമങ്ങളും ഇത് സംബന്ധിച്ച് അനവസരത്തിലുള്ള നേതാക്കളുടെ പ്രതികരണങ്ങളും വലിയ വീഴ്ചയായി. സി.പി.എം നേതാക്കൾ സന്ദീപിന് നൽകിയ ക്ലീൻ സർട്ടിഫിക്കറ്റും പിന്നീട് സന്ദീപിനെ വർഗീയവാദിയാക്കിയുള്ള പ്രചാരണവും കോൺഗ്രസ് ഉപയോഗിച്ചു. പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ രണ്ട് പത്രങ്ങളിൽ നൽകിയ വിവാദമായ പരസ്യവും വീഴ്ചയായി. ഭൂരിപക്ഷ വിഭാഗത്തെയോ അതോ ന്യൂനപക്ഷങ്ങളെയോ ആരെ ഒപ്പം നിറുത്തണമെന്നതിൽ വ്യക്തതയില്ലായ്മ പ്രകടമായി.
കൊഴിഞ്ഞാമ്പാറയിൽ
വിമതകൺവെൻഷൻ
പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ്ബാബുവിനെതിരെ പ്രതിഷേധമുയർത്തി വിമതർ കൺവെൻഷൻ സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി സംഘടനാമര്യാദ പാലിക്കുന്നില്ലെന്നാണ് ആക്ഷേപം. കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പ്രസിഡന്റ്, 11 ബ്രാഞ്ച് സെക്രട്ടറിമാർ ഉൾപ്പെടെ കൺവെൻഷനിൽ പങ്കെടുത്തു. കൊഴിഞ്ഞാമ്പാറ ലോക്കൽ സമ്മേളനം സമീപത്ത് നടക്കവേയാണ് സമാന്തര കൺവെൻഷൻ. ജില്ല സെക്രട്ടറിക്കെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ടെന്നും തങ്ങളാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരെന്നും അവകാശപ്പെട്ടാണ് സമാന്തരയോഗം ചേർന്നത്. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തുന്നവർക്കെതിരെ നടപടി എടുക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
സരിൻ കേരള രാഷ്ട്രീയത്തിലെ തിളങ്ങുന്ന നക്ഷത്രമാവും.അദ്ദേഹത്തെ നല്ല രീതിയിൽ പ്രോത്സാഹിപ്പിക്കും. പാലക്കാട്ട് എല്ലാ വഴിവിട്ട മാർഗങ്ങളും ഉപയോഗപ്പെടുത്തിയാണ് യു.ഡി.എഫ് വിജയം നേടിയത്. വോട്ടർമാരെ ഖുർ ആൻ തൊട്ട് സത്യം ചെയ്യിക്കുന്ന അവസ്ഥയിലേക്ക് കോൺഗ്രസ് എത്തി.
-എ.കെ.ബാലൻ,
സി.പി.എം കേന്ദ്ര
കമ്മിറ്റി അംഗം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |