
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വിജയം മുന്നിൽക്കണ്ട് സംസ്ഥാന കോൺഗ്രസിൽ വി.ഡി. സതീശൻ - രമേശ് ചെന്നിത്തല ചേരികളുടെ വടം വലി മുറുകുന്നു. മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് സാമുദായിക സംഘടനകളുടെ പിന്തുണ പരമാവധി ഉറപ്പിക്കാനാണ് മത്സരം.
ഇന്നലെ മന്നം സമാധിയിൽ പുഷ്പാർച്ചന നടക്കുന്ന വേളയിലാണ് തിരുവനന്തപുരത്ത് വി.ഡി. സതീശൻ വാർത്താസമ്മേളനം വിളിച്ചത്. അനിൽ അംബാനിയുടെ കമ്പനിക്ക് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കേരള ഫിനാൻസ് കോർപ്പറേഷൻ 60.80 കോടി രൂപ നിക്ഷേപിച്ചത് ചട്ട വിരുദ്ധമായാണെന്നും 101 കോടിയുടെ നഷ്ടമുണ്ടായെന്നുമായിരുന്നു ആരോപണം. മന്നം ജയന്തി സമ്മേളനത്തിൽ ചെന്നത്തല സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ മകൾ വീണാവിജയനെതിരെ കോൺഗ്രസ് എം.എൽ.എ മാത്യു കുഴൽനാടൻ തലസ്ഥാനത്ത് വാർത്താസമ്മേളനം നടത്തിയത്. രണ്ടിനും തിരഞ്ഞെടുത്ത സമയം യാദൃച്ഛികമായിരുന്നില്ലെന്നും ചെന്നിത്തല പങ്കെടുത്ത പരിപാടിയുടെ രാഷ്ട്രീയ പ്രാധാന്യവും മാദ്ധ്യമ ശ്രദ്ധയും കുറയ്ക്കുകയായിരുന്നു ലക്ഷ്യമെന്നുമാണ് ആക്ഷേപം.
ശീതസമരം 2021 മുതൽ
2021ൽ ചെന്നിത്തലയെ വെട്ടി വി.ഡി.സതീശൻ പ്രതിപക്ഷ നേതാവായതിനു പിന്നാലെ ഇരുവരും തമ്മിൽ ശീത സമരം നടന്നിരുന്നു. സതീശന്റെ വാർത്താ സമ്മേളനത്തിന് തൊട്ടുമുമ്പ് പിണറായി സർക്കാരിനെതിരെ ചെന്നിത്തലയുടെ വാർത്താസമ്മേളനം പതിവായിരുന്നു. സ്പ്രിംഗ്ളർ ഉൾപ്പെടെയുള്ള അഴിമതിക്കഥകൾ ചെന്നിത്തല പുറത്തുകൊണ്ടുവന്നു. അതോടെ രണ്ട് പ്രതിപക്ഷ നേതാക്കളെന്ന ധാരണ പരന്നു. എൻ.എസ്.എസ്, എസ്.എൻ.ഡി.പി യോഗം നേതൃത്വങ്ങളുമായി അകന്നുകഴിഞ്ഞിരുന്ന സതീശൻ, ഇതിനിടെ മുസ്ലിം സംഘടനകളും, ക്രൈസ്തവ സഭകളുമായി അടുത്തു. മാരാമൺ കൺവെൻഷനിലേക്ക് വരെ സതീശന് ക്ഷണം ലഭിച്ചു. കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാന മത്സരം മുറുകുന്നതിനിടെയാണ് ഇക്കൊല്ലത്തെ മന്നം ജയന്തി സമ്മേളനത്തിലേക്ക് ചെന്നിത്തലയ്ക്ക് എൻ.എസ്.എസിന്റെ ക്ഷണം ലഭിച്ചത്. ഇതിനിടെ, കോൺഗ്രസിൽ മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യൻ ചെന്നിത്തലയാണെന്ന യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിശേഷണവുമുണ്ടായി. മലപ്പുറത്തെ സമസ്തയുടെ രണ്ടു പരിപാടികൾക്കും ചെന്നിത്തലയ്ക്ക് ക്ഷണമുണ്ടായി.
ജി. സുകുമാരൻ നായരുടെ താക്കോൽ സ്ഥാന പരാമർശത്തെ തുടർന്ന് 10 വർഷമായി ചെന്നിത്തല എൻ.എസ്.എസുമായി അകൽച്ചയിലായിരുന്നു. എന്നാൽ
മന്നം ജയന്തിയിലേക്ക് എൻ.എസ്.എസ് ക്ഷണിച്ചതോടെ ആ മഞ്ഞുരുകി. തനിക്ക് ലഭിച്ച ക്ഷണം വലിയ സൗഭാഗ്യമായി കരുതുന്നുവെന്നാണ് ചെന്നിത്തല ഇന്നലെ പറഞ്ഞത്. ചെന്നിത്തല എൻ.എസ്.എസിന്റെ പുത്രനാണെന്നായിരുന്നു ജി. സുകുമാരൻ നായർ പറഞ്ഞത്. അടുത്ത താക്കോൽ (മുഖ്യമന്ത്രി) സ്ഥാനം ചെന്നിത്തലയ്ക്ക് നൽകണമെന്ന് എൻ.എസ്.എസ് ആവശ്യപ്പെടാമെന്നതിന്റെ സൂചനയാണിതെന്നും വ്യാഖ്യാനമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |