SignIn
Kerala Kaumudi Online
Saturday, 24 October 2026 9.05 AM IST

കോടതി അലക്ഷ്യക്കേസ്: ആരോഗ്യവകുപ്പ് അഡി. ചീഫ് സെക്രട്ടറി നേരിട്ട് എത്തണം, വാറന്റ് പുറപ്പെടുവിച്ച് ഹൈക്കോടതി

d

കൊച്ചി: ഭിന്നശേഷിക്കാരനായ അസി. ഡയറക്ടർക്ക് സ്ഥാനക്കയറ്റം നൽകാത്തതുമായി ബന്ധപ്പെട്ട കോടതി അലക്ഷ്യക്കേസിൽ ആരോഗ്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ.ഖോബ്രഗഡെ നേരിട്ട് ഹാജരാകാൻ വാറന്റ് പുറപ്പെടുവിച്ച് ഹൈക്കോടതി. കോടതി ഉത്തരവ് നടപ്പാക്കാത്തതിനും നേരിട്ട് ഹാജരാകണമെന്ന നിർദ്ദേശം പാലിക്കാത്തതിനുമാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സി.ജയചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നടപടി. ഹർജി 20ന് ഉച്ചയ്ക്ക് 1.30ന് വീണ്ടും പരിഗണിക്കുമ്പോൾ ഹാജരാകാനാണ് വാറന്റ്.

ഭിന്നശേഷിക്കാരനായ ആരോഗ്യവകുപ്പ് അസി. ഡയറക്ടർ ഡോ. ബി.ഉണ്ണികൃഷ്ണന് ഡെപ്യൂട്ടി ഡയറക്ടറായി സ്ഥാനക്കയറ്റം നൽകാൻ 2023 ആഗസ്റ്റ് 9ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പാലിക്കാത്തതോടെ ഉണ്ണികൃഷ്ണൻ കോടതിഅലക്ഷ്യക്കേസ് നൽകി. ഉത്തരവ് നടപ്പാക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. ഇതിനെതിരെ സർക്കാർ സുപ്രീംകോടതിയിൽ നൽകിയ പ്രത്യേകാനുമതി ഹർജിയും റിവിഷൻ ഹർജിയും തള്ളി.

എന്നിട്ടും സ്ഥാനക്കയറ്റം നൽകാത്തതിനെ തുടർന്നാണ് ഉണ്ണികൃഷ്ണൻ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. ഭിന്നശേഷി സംവരണത്തിനുള്ള അർഹതയടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.

സ്ഥാനക്കയറ്റ ഉത്തരവ് രണ്ടാഴ്ചയ്‌ക്കകം നൽകാനും അല്ലെങ്കിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകാനും ഡിസംബർ 10ന് ഡിവിഷൻബെഞ്ച് അഡി. ചീഫ് സെക്രട്ടറിയോട് നിർദ്ദേശിച്ചു. ഇത് പാലിക്കാത്തതിനാണ് നടപടി. കേന്ദ്ര നിയമപ്രകാരം, സർക്കാർ സർവീസിലെ സ്ഥാനക്കയറ്റത്തിലും ഭിന്നശേഷിക്കാർക്ക് നിശ്ചിത ക്വാട്ട നിശ്ചയിച്ചിട്ടുണ്ട്.

സ്ഥാനക്കയറ്റം

നൽകി ഒഴിവാകാം

ഹർജി വീണ്ടും പരിഗണിക്കുന്ന 20ന് മുമ്പ് സ്ഥാനക്കയറ്റ ഉത്തരവിറക്കിയാൽ അഡിഷണൽ ചീഫ് സെക്രട്ടറിക്ക് നടപടിയിൽ നിന്ന് ഒഴിവാകാമെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം അറിയിച്ച് ഹൈക്കോടതിയിൽ അപേക്ഷ നൽകണം. ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ വാറന്റ് പ്രകാരം ഹാജരായി ജാമ്യം എടുക്കേണ്ടിവരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA