
തിരുവനന്തപുരം: ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിച്ചിരിക്കെ, പാർട്ടി ഘടകങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന നേതാക്കൾക്ക് പെരുമാറ്റച്ചട്ടവുമായി സി.പി.ഐ സംസ്ഥാന കൗൺസിൽ.
പാർട്ടി നേതാക്കളും പ്രവർത്തകരും മറ്റുള്ളവർക്ക് മാതൃകയാകുന്ന വിധത്തിൽ പെരുമാറണം. അത്തരക്കാരെ മാത്രമേ പാർട്ടി ഘടകങ്ങളിൽ ഉൾപ്പെടുത്താൻ പാടുള്ളൂ. ഡിസംബർ 26,27 തീയതികളിൽ നടന്ന സംസ്ഥാന കൗൺസിൽ യോഗത്തിലാണ് നിർദ്ദേശം.
മദ്യപാനമടക്കമുള്ള സ്വഭാവ ദൂഷ്യങ്ങൾ വിവിധ ഘടകങ്ങളിലെ അപൂർവം ചില നേതാക്കളെങ്കിലും വച്ചു പുലർത്തുന്നുവെന്ന വിലയിരുത്തലിലാണ് കർശന നിലപാടെടുക്കാൻ സംസ്ഥാന കൗൺസിലിനെ പ്രേരിപ്പിച്ചത്. കീഴ്ഘടകങ്ങളിലുള്ള ചില നേതാക്കൾ പൊതുസ്ഥലങ്ങളിൽ മദ്യപിച്ചെത്തുന്നത് പാർട്ടിയുടെ സൽപ്പേരിന് കളങ്കം ഏൽപ്പിക്കുന്നതായി അഭിപ്രായമുയർന്നിരുന്നു.
എന്നാൽ, ലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകരും അനുഭാവികളും മദ്യപിക്കരുതെന്നത് ഉറപ്പാക്കാൻ കഴിയില്ലെന്നും പാർട്ടി നേതാക്കൾ ഇക്കാര്യം കർശനമായി പാലിക്കണമെന്നുമാണ് നിർദ്ദേശം. പാർട്ടി നേതാക്കൾ ലളിത ജീവിതം നയിക്കണം. മറ്റുള്ളവർക്ക് മാതൃകയാവണം.
അതേസമയം, പാർട്ടി കമ്മിറ്റികളിൽ 15% വനിതാ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന മുൻ തീരുമാനം ഇക്കുറിയും കർശനമാക്കും. ലോക്കൽ സമ്മേളനം മുതൽ മുകളിലേയ്ക്കുള്ള ഘടകങ്ങളിലാകുമിത്. ജില്ലാ സെക്രട്ടറിമാരുടെ പ്രായപരിധി 65 വയസ് എന്നതിൽ മാറ്റമുണ്ടാകില്ല. സംസ്ഥാന,ദേശീയ കമ്മിറ്റികളിൽ 75 വയസാണ് പ്രായപരിധി. വിജയവാഡ പാർട്ടി കോൺഗ്രസിൽ വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിൽ ഭരണഘടനാ ഭേദഗതി നിലവിൽ വന്നതിനാൽ ഇക്കാര്യത്തിൽ മാറ്റമില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |