
ഉദ്യോഗസ്ഥൻ വിരമിച്ചതിനാൽ പിഴയൊടുക്കിയില്ലെങ്കിൽ ജപ്തി ചെയ്യണം
തിരുവനന്തപുരം: വിവരം നിഷേധിച്ച വിരമിച്ച ഉദ്യോഗസ്ഥൻ അടക്കം രണ്ട് പേർക്ക് 5000 രൂപ വീതം പിഴ വിധിച്ച് സംസ്ഥാന വിവരാവകാശ കമ്മിഷൻ. വിരമിച്ച ഉദ്യോഗസ്ഥൻ പിഴ ഒടുക്കിയില്ലെങ്കിൽ സ്വത്തുവകകൾ ജപ്തിചെയ്ത് പണം ഈടാക്കാനും വിവരാവകാശ കമ്മിഷണർ ഡോ.എ.അബ്ദുൾ ഹക്കീം ഉത്തരവിട്ടു.
തിരുവനന്തപുരം മുള്ളുവിള പോങ്ങിൽ പി.സി.പ്രദീജയുടെ പരാതിയിൽ അതിയന്നൂർ ഗ്രാമപഞ്ചായത്തിൽ നിന്ന് വിരമിച്ച വിവരാധികാരി എ.റെഹ്മത്തുള്ളയെയും കോഴിക്കോട് നൊച്ചാട് ഇമ്പിച്ച്യാലിയുടെ പരാതിയിൽ നൊച്ചാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനീഷ് അരവിന്ദനെയുമാണ് ശിക്ഷിച്ചത്.
അതിയന്നൂർ പഞ്ചായത്ത് പരിധിയിലെ ചില കെട്ടിടങ്ങളുടെ പെർമിറ്റ് അടക്കമുള്ള വിവരങ്ങൾ ആവശ്യപ്പെട്ടുള്ള അപേക്ഷയ്ക്ക് ഫയൽ കണ്ടെത്താനായില്ലെന്നാണ് വിവരാധികാരിയായ എ.റെഹ്മത്തുള്ള മറുപടി നൽകിയത്. ഇത് സംബന്ധിച്ച അപ്പീലിൽ വിരമിച്ച ഉദ്യോഗസ്ഥൻ നൽകിയ വിശദീകരണം കമ്മിഷൻ അംഗീകരിച്ചില്ല. തുടർന്ന് പിഴ ഒടുക്കാൻ ഉത്തരവിടുകയായിരുന്നു. ഇല്ലെങ്കിൽ റെഹ്മത്തുള്ളയുടെ സ്വത്തുവകകൾ ജപ്തി ചെയ്യണം.
കോഴിക്കോട് നൊച്ചാട് പഞ്ചായത്തിലെ റോഡുകളുമായി ബന്ധപ്പെട്ട് നൽകിയ വിവരാവകാശ അപേക്ഷയിൽ ചോദ്യം അവ്യക്തമാണെന്ന് ചൂണ്ടിക്കാട്ടി മറുപടി നിഷേധിച്ചതാണ് ഇമ്പിച്ച്യാലി ചോദ്യം ചെയ്തത്. ഇക്കാര്യത്തിൽ വിശദീകരണം തേടി കമ്മിഷൻ നോട്ടീസയയ്ക്കുകയും നേരിട്ട് ഹാജരാകാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഇത് അംഗീകരിക്കാത്തതിനെ തുടർന്നാണ് വിവരാവകാശ കമ്മിഷണർ അനീഷ് അരവിന്ദനെതിരെ നടപടിയെടുത്തത്. ഇരുവരും ജനുവരി 20നകം പിഴയൊടുക്കണം. സർവീസിലുള്ള ഉദ്യോഗസ്ഥൻ നിശ്ചിത സമയത്തിനുള്ളിൽ പിഴ ഒടുക്കിയില്ലെങ്കിൽ ശമ്പളത്തിൽ നിന്ന് പിടിക്കാനും കമ്മിഷൻ നിർദ്ദേശിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |