
തിരുവനന്തപുരം: സർക്കാർ പരാജയമെന്ന് പ്രചണ്ഡ പ്രചാരണം നടത്തുന്നവരല്ലല്ലോ പോളിംഗ് ബൂത്തിൽ ബട്ടൺ അമർത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ആളുകൾ വോട്ടിംഗ് മെഷീനിൽ വിരലമർത്തുന്നത് അവരുടെയും കുടുംബത്തിന്റെയും അനുഭവങ്ങൾ വച്ചാണെന്നും അദ്ദേഹം പറഞ്ഞു.കേരള സെക്രട്ടേറിയറ്റ് എംപ്ളോയീസ് അസോസിയേഷന്റെ സുവർണജൂബിലി മന്ദിരത്തിന്റെ ഉദ്‌ഘാടന ശേഷം സെൻട്രൽ സ്റ്റേഡിയത്തിൽ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സർക്കാരിന്റെ നേട്ടം വലതുപക്ഷ മാദ്ധ്യമങ്ങൾക്കും സഹിക്കാനാവുന്നില്ല. നിക്ഷേപ സൗഹൃദത്തിൽ നമ്പർവൺ കേരളമാണെന്ന് ഇന്ത്യാ ഗവൺമെന്റ് വ്യക്തമാക്കിയിട്ടുണ്ട്.
2016 ൽ അധികാരത്തിലെത്തിയപ്പോൾ ഓരോ ഫയലും ഓരോ ജീവിതമാണെന്ന് ഉദ്യോസ്ഥരെ ഓർച്ചിപ്പിച്ചു. ഇക്കാര്യത്തിൽ നല്ല മാറ്റമുണ്ട്. ഭരണത്തിന്റെ സ്വാദ് ജനം അനുഭവിക്കണമെങ്കിൽ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാവണം. ഉദ്യോഗസ്ഥ ഇടപെടലിന് വേഗം കൂട്ടണം. അഴിമതിക്കാരെന്ന പരാതി സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരെക്കുറിച്ചില്ല. ഉദ്യോഗസ്ഥരെ ശത്രുക്കളായി കാണുന്ന നിലപാടല്ല എൽ.ഡി.എഫിനും, സർക്കാരിനും.
ചില കാര്യങ്ങളിൽ കേരളത്തിന്റെ ബുദ്ധിമുട്ടിന് കാരണം കേന്ദ്രമാണ്. കൈയിൽ പണമില്ലാതായപ്പോൾ പെൻഷൻ മുടങ്ങി, ജീവനക്കാരുടെ ഡി.എ മുടങ്ങി. ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിൽ നിയതമായ നിലപാട് കേരളം സ്വീകരിച്ചിട്ടുണ്ട്. ഇതൊന്നും അറിയാഞ്ഞിട്ടല്ല. സർക്കാരിന്റെ പിടലിക്ക് ചില മുദ്രകൾ ചാർത്താനാണ് ചിലരുടെ ശ്രമം.മാറേണ്ടത് നോക്കു കൂലിയായിരുന്നു, അത് അവസാനിപ്പിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
അസോസിയേഷൻ പ്രസിഡന്റ് പി.ഹണി അദ്ധ്യക്ഷനായി.വി.ജോയ് എം.എൽ.എ പ്രസംഗിച്ചു. അസോസിയേഷൻ ജനറസെക്രട്ടറി കെ.എൻ അശോക് കുമാർ സ്വാഗതവും സെക്രട്ടറി കല്ലുവിള അജിത്ത് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |