
കൊച്ചി: രാഷ്ട്രീയക്കാരും പൊലീസുകാരുമടക്കമുള്ളവരുടെ ഫോൺ ചോർത്തിയിട്ടുണ്ടെന്ന നിലമ്പൂർ മുൻ എം.എൽ.എ പി.വി. അൻവറിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്ന ഹർജിയിൽ സത്യവാങ്മൂലം നൽകാൻ ഹൈക്കോടതിയിൽ സർക്കാർ സാവകാശംതേടി. രണ്ടാഴ്ച അനുവദിച്ച കോടതി ഹർജി പിന്നീട് പരിഗണിക്കും. ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്താണ് ഹർജി പരിഗണിക്കുന്നത്.
സ്വർണക്കടത്തും കൊലപാതകവുമടക്കമുള്ള കുറ്റകൃത്യങ്ങളെക്കുറിച്ചറിയാൻ രാഷ്ട്രീയക്കാരും പൊലീസുകാരുമടക്കമുള്ളവരുടെ ഫോൺകാളുകൾ ചോർത്തിയിട്ടുണ്ടെന്നായിരുന്നു സെപ്തംബർ ഒന്നിന് മലപ്പുറത്തെ വാർത്താസമ്മേളനത്തിൽ അൻവറിന്റെ വെളിപ്പെടുത്തൽ. ഇതേക്കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് കൊല്ലം സ്വദേശിയും വ്യവസായിയുമായ മുരുകേഷ് നരേന്ദ്രന്റെ ഹർജി. ഭരണഘടന ഉറപ്പു നൽകുന്ന സ്വകാര്യതയുടെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ലംഘനമാണിത്. മലപ്പുറം എസ്.പിക്കും ഡി.ജി.പിക്കും പരാതിയും ചീഫ് സെക്രട്ടറിക്ക് നിവേദനവും നൽകിയെങ്കിലും നടപടിയുണ്ടാകാതിരുന്നതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് ഹർജിയിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |