
ആലപ്പുഴ : കർഷകരും തൊഴിലാളികളുമുൾപ്പെടെയുള്ള അടിസ്ഥാനവിഭാഗങ്ങളുടെ ആവശ്യങ്ങൾക്കാകണം ഇടതുപക്ഷത്തിന്റെ മുൻഗണനയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ആലപ്പുഴയിൽ സെപ്തംബറിൽ നടക്കുന്ന സി.പി.ഐ 25ാം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷത്തിന്റെ മുൻഗണന മറന്നാൽ നമ്മെ സ്നേഹിക്കുന്നവർ നിരാശരാകും. ആ നിരാശ ഇന്ത്യയുടെ തെക്കേ കോണിലെ ഇടതുപക്ഷമുന്നേറ്റത്തിന്റെ വെളിച്ചം കെട്ടുപോകാനിടയാക്കും. മൂന്നാമൂഴത്തിനായി ഈ സർക്കാരിനെ ശക്തിപ്പെടുത്തേണ്ടത് ചരിത്രപരമായ ദൗത്യമാണ്.. അധികാരത്തിന്റെ കസേര എത്ര വലുതായാലും പദവിയ്ക്ക് പുല്ലുവിലയാണ് സി.പി.ഐയ്ക്കുള്ളത്.
പാർട്ടി മെമ്പർമാരുടെ വീടുകളിലെ ഹുണ്ടികകൾ വഴി സമാഹരിക്കുന്ന പണമാണ് സി.പി.ഐ സമ്മേളന നടത്തിപ്പിന് വിനിയോഗിക്കുന്നത്. ഹുണ്ടികയിൽ ആയിരം രൂപയെങ്കിലും സമാഹരിക്കാനായാൽ രണ്ട് കോടി രൂപ സമാഹരിക്കാം. ഇതൊരു ക്വാട്ടയല്ല. കുറഞ്ഞുപോയാൽ ആരും ചാട്ടവാറെടുക്കാൻ വരില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. ദേശീയ കൗൺസിൽ അംഗം പി.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.
റേഷൻ സമരം
തീർപ്പായതിന് കൈയടി
റേഷൻ സമരം തീർന്ന വാർത്തയെ കൈയടിയോടെ സ്വീകരിച്ച് സ്വാഗതസംഘം രൂപീകരണയോഗം. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് ഉദ്ഘാടന പ്രസംഗത്തിനിടെയാണ് ഭക്ഷ്യമന്ത്രി ജി.ആർ.അനിലിന്റെ ഫോൺ കോളെത്തിയത്. പ്രസംഗം നിറുത്തി ഫോണെടുത്ത അദ്ദേഹം തീരുമാനത്തിൽ സന്തുഷ്ടി അറിയിച്ച ശേഷം മൈക്കിലൂടെയാണ് സമരം തീർപ്പാക്കിയ തീരുമാനം വെളിപ്പെടുത്തിയത്.
ഇടതുപക്ഷത്തിന്റേത്
ജനപക്ഷ വികസനം
ഇടതുപക്ഷത്തിന്റേത് ജനപക്ഷ വികസനമാണെന്നും ബ്രൂവറി വിഷയത്തിൽ തങ്ങൾനോക്കുന്നത് ജനങ്ങളെ എങ്ങനെ ബാധിക്കുമെന്നാണ്. പദ്ധതി എങ്ങനെ കുടിവെള്ളം,കൃഷി,പ്രകൃതി,സംസ്ഥാനത്തിന്റെ വളർച്ച എന്നിവയെ ബാധിക്കും എന്നതെല്ലാം പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |