
തിരുവനന്തപുരം: തദ്ദേശ,നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ടുള്ള അഴിച്ചുപണിക്ക് മുന്നോടിയായി കെ. സുധാകരനെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഉടനെ നീക്കാനുള്ള എതിർപക്ഷത്തിന്റെ നീക്കം പൊളിഞ്ഞു. ഹൈക്കമാൻഡ് തടയിട്ടതോടെ,നേതൃമാറ്റ ചർച്ചകൾക്ക് തത്കാലം പൂട്ട് വീണു. കെ.സുധാകരനുമായി മുന്നോട്ട് പോകാനാവില്ലെന്ന നിലപാടിലായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ അനുകൂലിക്കുന്നവർ. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലും തുടർന്ന് നടന്ന ഉപ തിരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് മികച്ച വിജയം നേടുകയും ഇടതു കോട്ടകൾ പലതും തകർന്നടിയുകയും ചെയ്തിരുന്നു. അടുത്ത വർഷം മേയിൽ നടക്കുന്ന ഉപ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിൽ വരുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ക്കമാൻഡ്. ഈ വിജയത്തിന്റെ
ക്രെഡിറ്റ് കെ. സുധാകരനും അവകാശപ്പട്ടതാണ്. സുധാകരനെ ഒഴിവാക്കാനുള്ള നീക്കം,പാർലമെന്ററി പാർട്ടിക്കൊപ്പം സംഘടനയെയും കൈപ്പിടിയിൽ ഒതുക്കാനുള്ള തന്ത്രമായാണ് വ്യാഖ്യാനിക്കുന്നത്. ഈഴവ സമുദായംഗമായ സുധാകരനെ മാറ്റി ക്രൈസ്തവ സമുദായ നേതാവിനെ പ്രസിഡന്റാക്കാനുള്ള ശ്രമം തിരിച്ചടിയാവുമെന്ന് ആശങ്കയുണ്ട്. പിന്നാക്ക സമുദായങ്ങൾ പാർട്ടിയിൽ നിന്ന് അകന്നു കൊണ്ടിരിക്കെ,ഈ നീക്കം ദോഷം ചെയ്യുമെന്ന അഭിപ്രായമാണ് രമേശ് ചെന്നിത്തല,കെ.മുരളീധരൻ,ശശി തരൂർ തുടങ്ങിയ നേതാക്കൾ
പ്രകടിപ്പിക്കുന്നത്. മുതിർന്ന നേതാവ് എ.കെ.ആന്റണിയും ഇതേ വികാരമാണ് കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചതെന്നാണ് റിപ്പോർട്ട്.
അമർഷത്തിൽ
ഹൈക്കമാൻഡ്
മുഖ്യമന്ത്രി കസേരയെച്ചൊല്ലി നേതാക്കൾ തമ്മിലുള്ള വടംവലിയും നേതൃമാറ്റ ചർച്ചകളും പാർട്ടിയിൽ കൂടുതൽ അനൈക്യം സൃഷ്ടിച്ചതിൽ കോൺഗ്രസ് ഹൈക്കമാൻഡ് കടുത്ത അമർഷത്തിലാണ്. അനവസരത്തിലുള്ള ഇത്തരം ചർച്ചകൾ നിറുത്തി ഐക്യത്തിൽ ശ്രദ്ധിക്കാനാണ് കേരള നേതാക്കൾക്ക് കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനും ഇക്കാര്യത്തിൽ വിട്ടവീഴ്ചയില്ലാത്ത നിലപാടാണുള്ളത്. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി ഈ ലക്ഷ്യം മുൻനിറുത്തി സംസ്ഥാനത്തെ വിവിധ തലങ്ങളിലുള്ള നേതാക്കളുമായി ചർച്ച നടത്തി ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിച്ചു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് നേതൃ പോരുകൾക്ക് തടയിട്ടത്. അതേസമയം,പാർട്ടി ഐക്യത്തിന്റെ പാതയിലേക്കാണെന്ന് ബോദ്ധ്യപ്പെടുത്താൻ കെ. സുധാകരനും വി.ഡി. സതീശനും ചേർന്ന് സംയുക്ത വാർത്താസമ്മേളനം നടത്തണമെന്ന നിർദ്ദേശം പാലിക്കപ്പെടാത്തയിൽ ദീപ ദാസ് മുൻഷിക്ക് അമർഷമുണ്ട്.
വിവാദമായി
രഹസ്യ സർവേ
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 63 സീറ്റിൽ വിജയസാദ്ധ്യതയുണ്ടെന്ന മട്ടിൽ വി.ഡി.സതീശന്റെ അനുയായികൾ നടത്തിയതായി പറയുന്ന സർവേക്കെതിരെ കഴിഞ്ഞ രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ഉയർന്ന കടുത്ത വിമർശനം അടങ്ങിയിട്ടില്ല. അങ്ങനെയൊരു സർവേ നടത്തിയിട്ടില്ലെന്ന് സതീശൻ പറയുന്നു. മുഖ്യമന്ത്രി സ്ഥാനം ഉറപ്പിക്കാൻ സ്വന്തം പക്ഷത്തുള്ള എം.എൽ.എമാരുടെ എണ്ണം കൂട്ടാനുള്ള തന്ത്രമായിട്ടാണ് എതിർപക്ഷം കാണുന്നത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് എം.എൽ.എമാരിൽ അനുകൂലിക്കുന്നവരുടെ മുൻതൂക്കമാണ് ചെന്നിത്തലയ്ക്ക് പകരം,സതീശനെ പ്രതിപക്ഷ നേതാവാക്കാൻ സാഹചര്യമൊരുക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |