
കണ്ണൂർ: ചെങ്ങന്നൂർ ഭാസ്കര കാരണവർ വധക്കേസ് പ്രതിയായ ഷെറിനെ നല്ലനടപ്പ് സർട്ടിഫിക്കറ്റ് നൽകി മോചിതയാക്കുന്നതിന് കണ്ണൂർ ജയിലിൽ നടന്നത് അതിവേഗ ഇടപെടലുകൾ. ജീവപര്യന്തത്തിന്റെ ഏറ്റവും കുറഞ്ഞ കാലയളവ് 14 വർഷമാണ്. ഷെറിന്‍ അത് പൂർത്തിയായത് 2023 നവംബർ 12 ന്. തുടർന്ന് 9 മാസത്തിനുളളിൽ മോചന നടപടികൾ അന്തിമഘട്ടത്തിലെത്തിച്ചു.
വിയ്യൂർ, അട്ടക്കുളങ്ങര ജയിലുകളിൽ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്ന ഷെറിനെ രണ്ടു വർഷം മുൻപാണ് കണ്ണൂരിലേക്ക് മാറ്റിയത്.
കഴിഞ്ഞ ഓഗസ്റ്റ് 8 ന് കണ്ണൂർ വനിത ജയിലിൽ ചേർന്ന ഉപദേശകസമിതി വിടുതൽ ശുപാർശ നൽകി. ജയിൽ ഡി.ജി.പി അദ്ധ്യക്ഷനായ ഏഴംഗ സമിതിയാണിത്. മഹിളാ അസോ. നേതാവ് എം.വി. സരള, സി.പി.എം മുൻ എം.എൽ.എമാരായ കെ.കെ. ലതിക, കെ. എസ്. സലീഖ തുടങ്ങിയവരാണ് സർക്കാർ പ്രതിനിധികൾ.
സംസ്ഥാനത്തെ ജീവപര്യന്തം തടവുകാരായ വനിതകളിൽ ഏറ്റവും കൂടുതൽ പരോൾ ലഭിച്ചവരിൽ ഒരാളാണ് ഷെറിൻ. ഷെറിന്റെ ഉന്നത ബന്ധങ്ങളാണ് ഇതിനു പിന്നിലെന്ന് ആക്ഷേപമുണ്ട്.
ജയിൽ മോചനത്തിനായുള്ള ആദ്യ അപേക്ഷ തന്നെ പരിഗണിച്ചാണ് കണ്ണൂർ വനിതാജയിൽ ഉപദേശക സമിതി അനുകൂല നിലപാട് സ്വീകരിച്ചത്. ശിക്ഷായിളവു സംബന്ധിച്ച് ആദ്യ അപേക്ഷ അപ്പാടെ പരിഗണിക്കുന്നത് അസാധാരണ നടപടിയാണ്. മൂന്നു മാസത്തിനുള്ളിൽ ജയിൽ ഉപദേശക സമിതിയുടെ ശുപാർശ ആഭ്യന്തരവകുപ്പിൽ നിന്ന് മന്ത്രിസഭയുടെ പരിഗണനയ്‌ക്കെത്തി! വർഷങ്ങൾ കാത്തിരുന്നാലും നീങ്ങാത്ത ഫയലാണ് അടിന്തര പ്രാധാന്യത്തോടെ കുതിച്ചത്. ജയിലിൽ തുന്നൽ ജോലിയാണ് ഷെറിന്. പല ദിവസങ്ങളിലും ഷെറിനെ കാണാൻ വി.ഐ.പികളടക്കമുള്ള സന്ദർശകർ എത്താറുണ്ടായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
പ്രശ്നങ്ങൾ മറച്ചുവച്ചു
തിരുവനന്തപുരം അട്ടക്കളങ്ങര, നെയ്യാറ്റിൻകര, തൃശൂരിലെ വിയ്യൂർ ജയിലുകളിലാണ് ഷെറിനെ നേരത്തെ മാറ്റിമാറ്റി പാർപ്പിച്ചിരുന്നത്. ജയിലിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട ശിക്ഷാനടപടികളുടെ ഭാഗമായാണ് ഷെറിനെ ഏറ്റവുമൊടുവിൽ കണ്ണൂരിൽ എത്തിച്ചതും. ഈ വസ്തുത മറച്ചുവച്ചാണ് പൊലീസും ജയിൽ വകുപ്പും അനുകൂല റിപ്പോർട്ട് നല്‍കിയത്.തിരുവനന്തപുരത്തുനിന്ന് വിയ്യൂർ ജലിലിലേക്കു മാറ്റിയപ്പോൾ ഷെറിനെ സ്‌കോർപിയോ കാറിൽ കൊണ്ടുപോയതും വിവാദമായിരുന്നു.
അനുകൂല റിപ്പോർട്ടുകൾ
1. പൊലീസ് റിപ്പോർട്ട്
2. സാമൂഹിക നീതി വകുപ്പിന്റെ പ്രബേഷൻ റിപ്പോർട്ട്
3. ജയിൽ സൂപ്രണ്ടിന്റെ നല്ല നടപ്പ് റിപ്പോർട്ട്
452 ദിവസം പരോളിൽ
2010 ൽ ശിക്ഷാകാലാവധി തുടങ്ങി ഒന്നരവർഷം പിന്നിട്ടപ്പോൾ ഷെറിൻ പരോൾ നേടിത്തുടങ്ങി. 2016-ൽ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്നപ്പോൾ തടവുകാർക്കൊന്നും പരോൾ അനുവദിക്കാതായി. അപ്പോഴും ഷെറിന് പരോൾ കിട്ടി. വിവിധ വർഷങ്ങളിലായി 452 ദിവസം ഷെറിൻ പരോളിൽ പുറത്തായിരുന്നു. ഇക്കാര്യവും ഉപദേശകസമിതി കണക്കിലെടുത്തില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |