
തിരുവനന്തപുരം: കഞ്ചിക്കോട്ട് മദ്യനിർമ്മാണ ശാലയക്ക് അനുമതി നൽകിയതിലൂടെ പ്രതിപക്ഷ ആക്രമണം മുറുകിയതിന് പിന്നാലെ, കിഫ്ബി റോഡുകൾക്ക് ടോൾ ചുമത്താനുള്ള നീക്കത്തിലൂടെ അടുത്ത പുലിവാൽ പിടിച്ച് സംസ്ഥാന സർക്കാർ. മദ്യകമ്പനിയേക്കാൾ സർക്കാരിനെ പ്രഹരിക്കാൻ പ്രതിപക്ഷത്തിന് കിട്ടിയ കാതലുള്ള വടിയാണ് ടോൾ.വിഷയം
തദ്ദേശ തിരഞ്ഞെടുപ്പ് സമാഗതമായിരിക്കെ , പൊതുജനത്തിന് മേൽ സാമ്പത്തിക ഭാരം വച്ചുകെട്ടാനുള്ള നീക്കം വൻ തിരിച്ചടിയാവുമെന്ന് ഘടകക്ഷികൾ കണക്ക് കൂട്ടുന്നു. ഇതേക്കുറിച്ച് ഒന്നും പ്രതികരിക്കാനില്ലെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണത്തിലുണ്ട് വിയോജിപ്പിന്റെ കടുപ്പം. ഇടതു മുന്നണിയിൽ ആലോചിച്ച് എടുത്ത തീരുമാനമെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ പറയുന്നെങ്കിലും ഒരു ഘടക കക്ഷിയും അതിന് ഒത്തു പിടിക്കുന്നില്ല. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് പോലും കപ്പം കെട്ടുന്ന നിലപാടിൽ സർക്കാർ ഉറച്ചു നിന്നാൽ വരും ദിവസങ്ങളിൽ രാഷ്ട്രീയമായി വലിയ വില നൽകേണ്ടിവരും. പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളെല്ലാം ഇപ്പോൾ തന്നെ കടുത്ത പ്രതിഷേധവുമായി ഇറങ്ങിക്കഴിഞ്ഞു. തീരുമാനത്തിൽ ഉറച്ചു നിന്നാൽ കനത്ത പ്രക്ഷോഭം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പാണ് പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്റും നൽകുന്നത്. വെള്ളിയാഴ്ച സംസ്ഥാന ബഡ്ജറ്റ് അവതരണമാണ്. തുടർന്നുള്ള ദിവസങ്ങളിൽ നിയമസഭയിൽ സർക്കാരിനെതിരെ പ്രതിപക്ഷത്തിന് ആക്രമിക്കാൻ പുതിയ ആയുധമാവും കിഫ്ബി റോഡുകളിലെ ടോൾ.
കിഫ്ബി റോഡിൽ
ടോൾതടയും :
കെ.സുധാകരൻ
തിരുവനന്തപുരം: കിഫ്ബി റോഡുകളിൽ ജനങ്ങളെ കൊള്ളയടിക്കുന്ന ടോൾ പിരിവുമായി സർക്കാർ മുന്നോട്ട് പോയാൽ ശക്തമായ പ്രക്ഷോഭവുമായി കോൺഗ്രസ് തെരുവുകളിലേക്ക് ഇറങ്ങുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എംപി പറഞ്ഞു.
ഇന്ധന സെസും മോട്ടാർ വാഹന നികുതിയുടെ പകുതിയും കിഫ്ബിയിലേക്ക് പിടിക്കുന്നതിന് പുറമെയാണ് ജനത്തെ വീണ്ടും പിഴിയുന്ന തീരുമാനം . റോഡുകളിൽ ടോൾ പിരിക്കാനുള്ള സർക്കാർ നീക്കം കേരളീയ പൊതുസമൂഹത്തിന് സാമ്പത്തിക ബാദ്ധ്യത സൃഷ്ടിക്കും. ടോളിനെതിരെ ഇത്രയും നാളും സമരം ചെയ്തവരാണ് സി.പി.എമ്മുകാർ. ടോൾ രഹിത റോഡുകളെന്നായിരുന്നു ഒന്നാം പിണറായി സർക്കാരിന്റെ പ്രഖ്യാപനം. കിഫ്ബി പദ്ധതികളിലെ ക്രമക്കേടും ചട്ടവിരുദ്ധമായ വായ്പകൾ എടുത്തതിലെ അപാകതകളുമാണ് നിലവിലെ ധനപ്രതിസന്ധിക്ക് കാരണം. കിഫ്ബി പദ്ധതികളുടെ കരാറുകൾ പലതും ദുരൂഹമാണ്. സ്വന്തക്കാർക്കും ഇഷ്ടക്കാർക്കുമായി കരാറുകൾ നൽകിയതും വലിയ സാമ്പത്തിക ബാദ്ധ്യതയ്ക്ക് ഇടയാക്കി. ക്രമവിരുദ്ധമായി കിഫ്ബി മസാല ബോണ്ടുകൾ വിറ്റത് ഉൾപ്പെടെ പ്രതിസന്ധി സൃഷ്ടിച്ചതായും സുധാകരൻ പറഞ്ഞു.
അഴിമതിയുടെ പാപഭാരം
ജനത്തിന് മേൽ :
വി.ഡി.സതീശൻ
തിരുവനന്തപുരം: കിഫ്ബി റോഡുകളിൽ നിന്ന് ടോൾ പിരിക്കാൻ സർക്കാർ തീരുമാനിച്ചാൽ അത് അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രസ്താവിച്ചു. ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭമുണ്ടാകും. സർക്കാരിന്റെ ധൂർത്തും അഴിമതിയും പിൻവാതിൽ നിയമനങ്ങളുമാണ് സംസ്ഥാനത്തെ ധനപ്രതിസന്ധിക്ക് കാരണം. ഇതിനു പുറമെയാണ് കിഫ്ബിയിലൂടെ വരുത്തിവച്ച ബാദ്ധ്യതകളും. ഇതെല്ലാം ജനങ്ങൾക്കു മേൽ വിവിധ മാർഗ്ഗങ്ങളിലൂടെ അടിച്ചേൽപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സതീശൻ പറഞ്ഞു.
ബഡ്ജറ്റിന് പുറത്ത് കടമെടുക്കുന്നതിനു വേണ്ടി രൂപീകരിച്ച കിഫ്ബി സംസ്ഥാനത്തിന് ബാദ്ധ്യതയാകുമെന്ന് പ്രതിപക്ഷം നിരവധി തവണ പറഞ്ഞതാണ്. വൻകിട പദ്ധതികളുടെ നടത്തിപ്പിനായി വിഭാവനം ചെയത കിഫ്ബി, പൊതുമരാമത്ത് വകുപ്പ് ചെയ്തു കൊണ്ടിരുന്ന സാധാരണ പ്രവൃത്തികളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ സഞ്ചിതനിധിയിൽ നിന്നാണ് കിഫ്ബിക്ക് പണം നൽകുന്നത്. അതിനാൽ ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് പണിയുന്ന റോഡുകൾക്കും പാലങ്ങൾക്കും ടോൾ ചുമത്തുന്നത് ജനങ്ങളോടുള്ള വഞ്ചനയും നീതകേടുമാണ്.ക്ഷേമപെൻഷൻ നൽകാനെന്ന വ്യാജേന ഇന്ധന സെസിന്റെ പേരിൽ ജനങ്ങളെ കബളിപ്പിച്ച സർക്കാർ റോഡുകളുടെയും പാലങ്ങളുടെയും ഉപയോഗത്തിനു കൂടി പണം ഈടാക്കുന്നത് അനുവദിക്കാനാകില്ലെന്ന് സതീശൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |