
തിരുവനന്തപുരം: ധനകാര്യ അഡി. ചീഫ്സെക്രട്ടറി ഡോ.എ.ജയതിലകിന്റെ പേരിൽ വ്യാജ പ്രൊഫൈലുണ്ടാക്കി പണം തട്ടിപ്പിന് ശ്രമം. അദ്ദേഹത്തിന്റെ ഫോണിലെ കോണ്ടാക്ട് ലിസ്റ്റിലുള്ളവരോട് പണം ആവശ്യപ്പെട്ടതിനെത്തുടർന്ന് ആഭ്യന്തര സെക്രട്ടറിക്ക് പരാതി നൽകി. സൈബർ പൊലീസ് അന്വേഷിക്കും. ജയതിലകിന്റെ ചിത്രം വച്ച് വേറെ നമ്പറിൽ വാട്സ്ആപ്പ് പ്രൊഫൈലുണ്ടാക്കിയാണ് അത്യാവശ്യത്തിനെന്ന പേരിൽ പണം ആവശ്യപ്പെട്ടത്. സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥർക്കടക്കം പണം ആവശ്യപ്പെട്ട് സന്ദേശം ലഭിച്ചിരുന്നു.
മുഖ്യമന്ത്രി, മന്ത്രിമാർ, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, പൊലീസ് മേധാവി, ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർ, സിനിമാതാരങ്ങൾ, മാദ്ധ്യമപ്രവർത്തകർ എന്നിങ്ങനെ പ്രമുഖരുടെ പേരിൽ വ്യാജവാട്സാപ്പുണ്ടാക്കി പണം തട്ടിയെടുക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. സാധാരണക്കാരുടെ ഫോൺനമ്പർ ഹാക്ക് ചെയ്തോ, അവരുടെ പേരിലെടുത്ത സിംകാർഡുപയോഗിച്ചോ ആണ് തട്ടിപ്പ്. സമൂഹമാദ്ധ്യമങ്ങളിൽ നിന്ന് പ്രമുഖരുടെ ചിത്രമെടുത്ത് വ്യാജപ്രൊഫൈലുണ്ടാക്കും. പരമാവധി പണം തട്ടിയെടുത്ത ശേഷം മൂന്നുദിവസത്തിന് ശേഷം നമ്പർ ഉപേക്ഷിക്കുകയാണ് പതിവ്. മുൻ ഡി.ജി.പി അനിൽകാന്തിന്റെ പേരിൽ വ്യാജ പ്രൊഫൈലുണ്ടാക്കി കുണ്ടറയിലെ അദ്ധ്യാപികയിൽ നിന്ന് 14ലക്ഷം തട്ടിയ നൈജീരിയക്കാരൻ റൊമാനസ് ക്ലിബൂസനെ ഡൽഹിയിൽ നിന്ന് പിടികൂടിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |