SignIn
Kerala Kaumudi Online
Saturday, 24 October 2026 1.41 AM IST

കെ.വി. അബ്ദുൾ ഖാദർ സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി

s

തൃശൂർ: സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറിയായി മുൻ എം.എൽ.എ കെ.വി.അബ്ദുൾ ഖാദറിനെ (60) ജില്ലാ സമ്മേളനം ഏകകണ്ഠമായി തിരഞ്ഞെടുത്തു. രണ്ടര ടേം ജില്ലാ സെക്രട്ടറിയായിരുന്ന എം.എം.വർഗീസിനെ പ്രായപരിധി കടന്നതുകൂടി കണക്കിലെടുത്ത് മാറ്റിയതിനെ തുടർന്നാണിത്.

ജില്ലാ സെക്രട്ടേറിയറ്റംഗവും എൽ.ഡി.എഫ് ജില്ലാ കൺവീനറുമാണ് അബ്ദുൾ ഖാദർ. പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയും പ്രവാസി ക്ഷേമ ബോർഡ് ചെയർമാനുമാണ്.

2006 മുതൽ 2021വരെ ഗുരുവായൂർ എം.എൽ.എയായിരുന്നു. 1991 മുതൽ ചാവക്കാട് ഏരിയാ കമ്മിറ്റിയംഗവും 1997 മുതൽ ഏരിയ സെക്രട്ടറിയുമായിരുന്നു. മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) ജില്ലാ പ്രസിഡന്റ്, ബീഡി വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. 1979ൽ കെ.എസ്.വൈ.എഫ് ബ്ലാങ്ങാട് യൂണിറ്റ് സെക്രട്ടറിയായാണ് പൊതുരംഗത്തെത്തിയത്.

ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. 1997 ജൂലായിൽ ക്യൂബൻ തലസ്ഥാനമായ ഹവാനയിൽ നടന്ന 14ാം ലോക യുവജന സമ്മേളനത്തിൽ ഡി.വൈ.എഫ്.ഐ പ്രതിനിധി സംഘാംഗമായി പങ്കെടുത്തു. റഷ്യ, ഗൾഫ് രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. നിയമസഭയിലെ പ്രവാസി കേരളീയരുടെ ക്ഷേമസമിതിയുടെ ആദ്യ ചെയർമാനും സംസ്ഥാന വഖഫ് ബോർഡ് ചെയർമാനുമായിരുന്നു. കടപ്പുറം ബ്ലാങ്ങാട് പരേതനായ അബുവിന്റെയും പാത്തുവിന്റെയും മൂത്തമകനാണ്. ഷെറീനയാണ് ഭാര്യ. മക്കൾ: അഖിൽ (സിനിമ സഹസംവിധായകൻ), അജിഷ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA