
കൊച്ചി: എ.ഡി.എം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ അപ്പീൽ ഹർജിയിൽ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം.
വിധി പറയാൻ മാറ്റിയ ഹർജിയിൽ ജസ്റ്റിസ് പി.ബി. സുരേഷ്‌കുമാറും ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യനും ഉൾപ്പെട്ട ഡിവിഷൻബെഞ്ച് വീണ്ടും വാദം കേൾക്കുകയായിരുന്നു.
മഞ്ജുഷ ആവശ്യപ്പെട്ടതിന് വിരുദ്ധമായി
ക്രൈംബ്രാഞ്ച് അന്വേഷണമായാലും മതിയെന്ന് കോടതിയെ അറിയിച്ച അഭിഭാഷകൻ എസ്. ശ്രീകുമാറിനെ മാറ്റുകയും മഞ്ജുഷയ്ക്കുവേണ്ടി വക്കാലത്ത് ഏറ്റെടുത്ത മുതിർന്ന അഭിഭാഷകൻ കെ. രാംകുമാർ ഹാജരായി നിലപാട് വ്യക്തമാക്കുകയായിരുന്നു.ഇതും വിധിപറയാൻ മാറ്റിയെങ്കിലും, അതിനുമുമ്പ് കോടതി കേസ് ഡയറി പരിശോധിക്കും.
നവീൻ ബാബുവിനെ കൊലപ്പെടുത്തിയതാകാമെന്ന കുടുംബത്തിന്റെ പരാതി അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘം തയ്യാറാകുന്നില്ലെന്ന് അഡ്വ. രാംകുമാർ വാദിച്ചു. അന്വേഷണം തുടരുകയാണെന്നു സത്യവാങ്മൂലം നൽകിയ പൊലീസ്, നവീൻ ബാബുവിന്റെ മരണം ആത്മഹത്യയാണെന്ന് അതിൽത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. അടിവസ്ത്രത്തിൽ രക്തക്കറ കണ്ടതിനെക്കുറിച്ച് പൊലീസ് വേണ്ടവിധം അന്വേഷിച്ചില്ല. പോസ്റ്റുമോർട്ടം പൂർത്തിയാകുംമുമ്പേ പൊലീസ് ഈ നിഗമനത്തിലെത്തിയിരുന്നു. ഇത് പ്രതിയായ നേതാവ് പി.പി. ദിവ്യയെ രക്ഷിക്കാൻ വേണ്ടിയാണ്. അതിനാൽ നിഷ്‌പക്ഷ ഏജൻസിയായ സി.ബി.ഐയെ അന്വേഷണം ഏൽപ്പിക്കണം. ഭർത്താവിന്റെ മരണത്തിലെ സത്യമറിയാൻ കോടതിയെ സമീപിച്ച ഒരു വിധവയുടെ ഹർജിയാണെന്ന പരിഗണന നൽകണമെന്നും രാംകുമാർ പറഞ്ഞു.
പ്രഥമ വിവര മൊഴികളും എഫ്.ഐ.ആറിലെ വിവരങ്ങളും സംബന്ധിച്ച് പൊരുത്തക്കേടുകളുണ്ടെന്നും വാദിച്ചു. തുടർന്നാണ് കേസ് ഡയറി ഹാജരാക്കാൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിനോട് കോടതി നിർദ്ദേശിച്ചത്.
മഞ്ജുഷയും മക്കളും കോടതിയിലെത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |