
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ വകുപ്പുകളിലായി 200 ഉദ്യോഗസ്ഥർ കൊടുംഅഴിമതിക്കാരെന്ന് വിജിലൻസ് കണ്ടെത്തൽ. കൈക്കൂലി കിട്ടിയില്ലെങ്കിൽ ജനങ്ങൾക്ക് സേവനം നിഷേധിക്കുന്നവരാണിവർ. കൂടുതൽപേരും റവന്യു വകുപ്പിൽ. തൊട്ടുപിന്നിൽ തദ്ദേശം, രജിസ്ട്രേഷൻ, എക്സൈസ്, മോട്ടോർ വാഹന വകുപ്പുകളിലുള്ളവർ. രഹസ്യ അന്വേഷണത്തിലൂടെയാണ് കണ്ടെത്തിയത്.
ഇവരെ നിരന്തരം നിരീക്ഷിച്ച് ട്രാപ്പ് ഓപ്പറേഷനിലൂടെ പിടികൂടാൻ ഡി.ഐ.ജി കെ.കാർത്തികിനെ വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത ചുമതലപ്പെടുത്തി. അഴിമതിക്കാരുടെ പട്ടിക നിരീക്ഷണത്തിനായി വിജിലൻസ് യൂണിറ്റുകൾക്ക് കൈമാറി. രഹസ്യപ്പട്ടികയായതിനാൽ പേരുകൾ പുറത്തുവിടില്ല. സർക്കാരിന്റെ അനുമതിയോടെയാണ് വിജിലൻസ് നീക്കം.
മദ്ധ്യനിര (മിഡിൽ ലെവൽ) ഉദ്യോഗസ്ഥരാണ് പട്ടികയിലേറെയും. ഇവരെ പിടികൂടിയാൽ അഴിമതിക്കാർക്കുള്ള ശക്തമായ സന്ദേശമായിരിക്കുമെന്ന് യോഗേഷ് ഗുപ്ത 'കേരളകൗമുദി'യോട് പറഞ്ഞു. പട്ടികയിലുള്ളവരുടെ ഫോൺ, ബാങ്ക് അക്കൗണ്ടുകൾ, ഡിജിറ്റൽ പണമിടപാട് അടക്കം നിരീക്ഷിക്കും. ഇവർ ജോലിചെയ്യുന്ന ഓഫീസുകളിലെത്തുന്നവരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും. കുടുംബാംഗങ്ങളുടെ സ്വത്തുസമ്പാദനവും പരിശോധിക്കും.
ട്രാപ്പ് ഓപ്പറേഷൻ കൂട്ടും
എല്ലാ വകുപ്പുകളിലും മിന്നൽപരിശോധനകളും ട്രാപ്പ് ഓപ്പറേഷനും കൂട്ടാൻ നിർദ്ദേശം. കഴിഞ്ഞവർഷം 930 മിന്നൽപ്പരിശോധന, 34 ട്രാപ്പ് ഓപ്പറേഷനുകളിലായി 39 ഉദ്യോഗസ്ഥരും രണ്ട് കേന്ദ്രഉദ്യോഗസ്ഥരും 3 ഏജന്റുമാരുമടക്കം 44പേർ അറസ്റ്റിലായിരുന്നു.
427
രണ്ടരവർഷത്തിനിടെ എടുത്ത കേസുകൾ
171
കേസുകൾ റവന്യു, തദ്ദേശ വകുപ്പുകളിൽ
1028
5 വർഷത്തിനിടെ കോഴക്കേസിൽ പ്രതികളായ ജീവനക്കാർ
''ഏറ്റവും അഴിമതിക്കാരായവരുടെ പട്ടികയാണിത്. ഇവരെ പിടികൂടേണ്ടത് ആവശ്യമാണ്. ജനങ്ങളുടെ സേവനത്തെ അട്ടിമറിക്കുന്നവരാണിവർ
-യോഗേഷ് ഗുപ്ത
വിജിലൻസ് മേധാവി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |