
കൊച്ചി: കുട്ടികളുടെ സംരക്ഷണത്തിനായി പ്രവർത്തിച്ചവരെ മാത്രമേ ബാലക്ഷേമ സമിതി (സി.ഡബ്ല്യു.സി) അംഗങ്ങളാക്കാവൂവെന്ന് ഹൈക്കോടതി. കൊല്ലം സി.ഡബ്ല്യു.സി അംഗം അലൻ എം. അലക്‌സാണ്ടറിന്റെ നിയമനം റദ്ദാക്കിയാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ നിർദ്ദേശം. അലന് ബാലനീതി നിയമത്തിൽ പറയുന്ന യോഗ്യതകളില്ലെന്ന് കോടതി വിലയിരുത്തി.
നിയമനം ചോദ്യം ചെയ്ത് അപ്പീൽ നൽകിയ സി. കൃഷ്ണൻകുട്ടി നായരെ സിമിതി അംഗമായി നിയമിക്കാനും നിർദ്ദേശിച്ചു.
കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിച്ചവർക്കാണ് മികച്ച പ്രവർത്തനം നടത്താനാവുക. സി.ഡബ്ല്യു.സി കുട്ടികളുടെ കാര്യത്തിൽ നിർണായക തീരുമാനം എടുക്കേണ്ടവരാണെന്നും കോടതി ഓർമ്മിപ്പിച്ചു.
കൊല്ലം സി.ഡബ്ല്യു.സിയിലേക്ക് അംഗങ്ങളെ നിയമിക്കുന്നതിനുള്ള അഭിമുഖത്തിൽ കൃഷ്ണൻകുട്ടി നായരും പങ്കെടുത്തിരുന്നു. വെയിറ്റിംഗ് ലിസ്റ്റിലാണ് ഉൾപ്പെടുത്തിയത്. മെഡിക്കൽ ടൂറിസം, മെഡിക്കൽ ഇൻഷ്വറൻസ് മേഖലകളിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിന്റെ ഡയറക്ടർമാരിൽ ഒരാളായിരുന്നു അലൻ. ശിശുക്ഷേമ പ്രവർത്തനങ്ങളിൽ ഇദ്ദേഹം പങ്കാളിയായതിന്റെ രേഖകളൊന്നും ഉണ്ടായിരുന്നില്ല. എന്നിട്ടും സി.ഡബ്ല്യു.സി അംഗമാക്കിയെന്നായിരുന്നു ഹർജിക്കാരന്റെ പരാതി. ഇതിനെതിരെ നൽകിയ ഹർജി സിംഗിൾബെഞ്ച് തള്ളിയതിനാലാണ് ഡിവിഷൻബെഞ്ചിൽ അപ്പീൽ നൽകിയത്.
ഹർജിക്കാരൻ സാമൂഹികക്ഷേമ വകുപ്പിൽ 28 വർഷത്തിലധികം പ്രവർത്തിച്ചിരുന്നെന്നും അതിൽ 10 വർഷത്തോളം ശിശു വികസന ഓഫിസറായിരുന്നെന്നും കോടതി വിലയിരുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |