എലപ്പുള്ളിയിലെ ബ്രൂവറിക്കും ബാധകമായേക്കും
തിരുവനന്തപുരം: വൻകിട വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നതിന് പഞ്ചായത്ത് ലൈസൻസ് വേണമെന്ന ചട്ടം സംസ്ഥാന സർക്കാർ ഇളവ് ചെയ്യും. രജിസ്‌ട്രേഷൻ മാത്രം മതിയാകും. കാറ്റഗറി ഒന്നിലുൾപ്പെട്ട ഫാക്ടറികൾ, വ്യാപാരങ്ങൾ സ്ഥാപനങ്ങൾ, സംരംഭക പ്രവർത്തനങ്ങൾ, മറ്റ് സേവനങ്ങൾ തുടങ്ങിയവയ്‌ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. എലപ്പുള്ളിയിൽ തുടങ്ങുന്ന ബ്രൂവറിക്കും ഇത് ബാധകമായേക്കും. വിവാദത്തിനിടെയാണ് നടപടി. 1996ലെ കേരള പഞ്ചായത്ത് രാജ് ചട്ടങ്ങളിൽ സമഗ്ര മാറ്റം ലക്ഷ്യമിട്ട് പ്രിൻസിപ്പൽ ഡയറക്ടർ സമർപ്പിച്ച കരട് ചട്ടങ്ങൾ പ്രകാരമാണ് നടപടി. ഇവ വൈകാതെ നഗരസഭകളിലും ബാധകമാക്കും.
പദ്ധതിക്കായി സംരംഭങ്ങളെ കാറ്റഗറി ഒന്ന്, രണ്ട് എന്നിങ്ങനെ തിരിക്കും. കാറ്റഗറി ഒന്നിൽ ഉത്പാദന യൂണിറ്റുകളാണുള്ളത്. പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ വൈറ്റ്, ഗ്രീൻ എന്നിവയിലുള്ള ഉത്പാദക യൂണിറ്റുകൾ പഞ്ചായത്തിൽ രജിസ്റ്റർ ചെയ്താൽ മതിയാകും. കാറ്റഗറി ഒന്നിലെ റെഡ്, ഓറഞ്ച് എന്നീ വിഭാഗത്തിൽപ്പെട്ട യൂണിറ്റുകൾക്ക് ഗ്രാമപഞ്ചായത്തിന്റെ ലൈസൻസ് വേണം. വ്യാപാരം, വാണിജ്യം, സേവനങ്ങൾ എന്നിവ ഉൾപ്പെടുന്ന യൂണിറ്റുകളാണ് കാറ്റഗറി രണ്ടിലുള്ളത്. അവയ്ക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ ലൈസൻസ് ആവശ്യമാണ്.
കുടിൽ വ്യവസായത്തിന് ലൈസൻസ്
കുടിൽ വ്യവസായങ്ങൾക്കും വീടുകളിലെ വാണിജ്യ സേവന പ്രവർത്തനങ്ങൾക്കും ലൈസൻസ് കൊണ്ടുവരും. ബാങ്ക് ലോൺ, ജി.എസ്.ടി രജിസ്‌ട്രേഷൻ എന്നിവ ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണ് നടപടി. പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ വൈറ്റ്, ഗ്രീൻ കാറ്റഗറിയിലുൾപ്പെടുന്ന സംരംഭങ്ങൾക്ക് വീടുകളിലുൾപ്പെടെ ലൈസൻസ് നൽകും. ആൾത്താമസമുള്ള വീടുകളുടെ 50 ശതമാനം ഭാഗം സംരംഭങ്ങൾക്കുപയോഗിക്കാം. സംരംഭകൻ മാറിയാലും സംരംഭത്തിന് മാറ്റമില്ലെങ്കിൽ അനുമതി കൈമാറാനും വ്യവസ്ഥയുണ്ട്.
മൂലധനത്തിനനുസരിച്ച് ലൈസൻസ് ഫീസ്
ലൈസൻസ് അപേക്ഷകളിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ ഡീംഡ് ലൈസൻസ് (കല്പിത ലൈസൻസ്) സംവിധാനം
ലൈസൻസ് ഫീസ് മൂലധന നിക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ. കുറഞ്ഞ മൂലധനമുള്ള സംരംഭകർക്കായി പ്രത്യേകം സ്ലാബ്
മൂലധന നിക്ഷേപം കണക്കാക്കുന്നതിൽ നിന്ന് ഭൂമിയുടെയും കെട്ടിടത്തിന്റെയും വില ഒഴിവാക്കുന്നതും പരിഗണിക്കും.
പരാതികളിൽ ഉടൻ തീർപ്പ്
സ്ഥാപനങ്ങൾക്കെതിരായ പരാതികളിൽ സമയബന്ധിതമായി തീർപ്പാക്കും. പഞ്ചായത്തുകളുടെയോ സെക്രട്ടറിമാരുടെയോ പരിധിയിലുള്ള വിഷയങ്ങൾക്കേ പരിശോധനയ്ക്ക് അനുമതിയുണ്ടാവൂ.
എടുക്കുന്ന തീയതി മുതൽ ഒരു വർഷമായിരിക്കും ലൈസൻസിന്റെ കാലാവധി
സ്വയം സാക്ഷ്യപ്പെടുത്തുന്നതിന്റെ അടിസ്ഥാനത്തിൽ ഫാസ്റ്റ് ട്രാക്കായി ലൈസൻസ് പുതുക്കാം
നിയമവിധേയമായ ഏത് സംരംഭത്തിനും പഞ്ചായത്തുകളിൽ നിന്ന് ലൈസൻസ് ലഭിക്കുന്നതിന് വ്യവസ്ഥ കൊണ്ടുവരും. ചട്ടങ്ങൾ ശരിയാണെങ്കിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് പഞ്ചായത്ത് ഭരണസമിതി തടസം നിൽക്കരുത്.
- മന്ത്രി എം.ബി. രാജേഷ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |