
കോഴിക്കോട്: 'ഞമ്മളെ ഫ്രണ്ട്‌സ് ഹാജറാ, ഷഫിയാ, നസീമാ, സക്കീനാ.. നിങ്ങളൊക്കെ വീട്ടിലിരുന്നോ മക്കളേ. എന്താ രസം. ഇതാ ഇച്ചൂന്റെ കൂടെ വന്നിട്ട് അടിപൊളിയല്ലേ, വന്നോളീ മക്കളേ".. മണാലിയിലെ മഞ്ഞിൽ കുളിച്ച് അടിച്ചുപൊളിച്ച 55കാരി നബീസുമ്മയെ ആരും മറന്നിട്ടുണ്ടാകില്ല. ഒരു റീലിലൂടെ ലോകം ഏറ്റെടുത്ത കോഴിക്കോട് കടിയങ്ങാട് സ്വദേശി
നബീസുമ്മയ്ക്ക് ഇപ്പോൾ സന്തോഷമില്ല. നബീസുമ്മയ്ക്കെതിരെ വിമർശനവുമായി മതപണ്ഡിതർ രംഗത്തെത്തിയതോടെ കഥ മാറി. വിമർശനങ്ങൾ വേദനയുണ്ടാക്കുന്നെന്നും ഇപ്പോൾ പുറത്തിറങ്ങാൻ പോലും പേടിയാണെന്നും പറയുന്നു നബീസുമ്മയുടെ മകൾ ജഫ്ന. ഭർത്താവ് നഷ്ടപ്പെട്ട സ്ത്രീക്ക് ലോകം കാണാൻ അവകാശമില്ലേ. ഉമ്മ മാനസികമായി തളർന്നു. കരയുന്നു. മതപരമായി വലിയ പ്രയാസങ്ങളുണ്ടാക്കുന്നു. - ജഫ്ന പറയുന്നു.
കഴിഞ്ഞ ഡിസംബർ 11നാണ് നബീസുമ്മ മക്കൾക്കൊപ്പം മണാലി കാണാൻ പോയത്. സന്തോഷം സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ചപ്പോൾ ലോകം ഏറ്റെടുത്തു. ഇതിനെതിരെയാണ് കഴിഞ്ഞ ദിവസം കാന്തപുരം വിഭാഗം നേതാവും മതപണ്ഡിതനുമായ ഇബ്രാഹിം സഖാഫി രംഗത്തെത്തിയത്. '25 വർഷം മുമ്പ് ഭർത്താവ് മരിച്ച ഒരു വല്യുമ്മ ഏതെങ്കിലും മൂലയിലിരുന്ന് സ്വലാത്തും ദിഖ്‌റും ചൊല്ലുന്നതിനുപകരം മഞ്ഞിൽ കളിക്കാൻ പോയി. മഞ്ഞ് വാരിയിങ്ങനെ ഇടുകയാണ് മൂപ്പത്തി. ഇതാണ് പ്രശ്‌നം."- എന്നായിരുന്നു പരാമർശം. ഇതിനെതിരെ സമൂഹ മാദ്ധ്യമങ്ങളിലുൾപ്പെടെ വൻ പ്രതിഷേധമുയർന്നു. നബീസുമ്മയ്ക്ക് നിരവധി പേർ പിന്തുണ അറിയിച്ചു. ഭർത്താവ് മരിച്ചുപോയെന്നുവച്ച് ചിരിക്കാൻപോലും പാടില്ലേ. ഏത് ലോകത്താണ് ഇവർ ജീവിക്കുന്നതെന്നും ആളുകൾ ചോദിക്കുന്നു.
എന്തൊരു ലോകമാണിത്. ഉമ്മയ്ക്ക് ഇപ്പോൾ എല്ലാവരും കൂടുന്നയിടങ്ങളിൽ പോകാനോ ആരോടും സംസാരിക്കാനോ പറ്റുന്നില്ല. ഉസ്താദ് അങ്ങനെ പറഞ്ഞല്ലോ എന്നൊക്കെയാണ് എല്ലാവരും ചോദിക്കുന്നത്. വലിയ തെറ്റ് ചെയ്തത് പോലെ. യാത്ര പോയതിന്റെ സന്തോഷം മുഴുവൻ പോയി
- ജഫ്ന
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |