
തിരുവനന്തപുരം: പി.എസ്.സി ചെയർമാനും അംഗങ്ങൾക്കുമുള്ള പെൻഷൻ മുൻകാലപ്രാബല്യത്തോടെ വർദ്ധിപ്പിക്കണമെന്ന നീക്കം സർക്കാരിന് വേണ്ടപ്പെട്ട മുൻ അംഗങ്ങൾക്കായി. 2016 മുതലുള്ള മുൻകാല പ്രാബല്യത്തിൽ ശമ്പള, പെൻഷൻ വർദ്ധന വേണമെന്നാണ് 2023ൽ നിലവിലെ ചെയർമാൻ ഡോ. എം.ആർ. ബൈജുവിന്റെ നേതൃത്വത്തിൽ സർക്കാരിനോട് ആവശ്യപ്പെട്ടത്.
ഇത്തരത്തിൽ വർദ്ധിപ്പിച്ചാൽ മുൻ ചെയർമാൻ അഡ്വ. എം.കെ. സക്കീറടക്കമുള്ളവർക്ക് ഗുണഫലം ലഭിക്കും. ചെയർമാൻ സ്ഥാനമടക്കം തുടർച്ചയായി രണ്ടുതവണയാണ് സക്കീർ പി.എസ്.സി അംഗമായത്. നിലവിൽ വഖഫ് ബോർഡ് ചെയർമാനുമാണ്.
വർദ്ധന എന്നുമുതലുള്ള മുൻകാല പ്രാബല്യം നൽകണമെന്നതിൽ ധനവകുപ്പ് തീരുമാനമെടുത്തിട്ടില്ല. 2016 മുതലുള്ള മുൻകാല പ്രാബല്യം അനുവദിച്ചാൽ ചെയർമാന് 1.75 കോടിയും അംഗങ്ങൾക്ക് 1.59 കോടി വീതവും ലഭിക്കും. മുൻ ചെയർമാന്റെ പെൻഷൻ 1.25ലക്ഷത്തിൽ നിന്ന് 2.5 ലക്ഷമാകും. അംഗങ്ങളുടേത് 1.20 ലക്ഷംത്തിൽ നിന്ന് 2.25 ലക്ഷവുമാകും. ഇതിന് മാത്രം 35.18 കോടി അധികം വേണം. ഇത് സർക്കാരിന് അധിക ബാദ്ധ്യതയാകുമെന്നാണ് ധനവകുപ്പിന്റെ കണക്ക് കൂട്ടൽ. 2022 മുതലുള്ള മുൻകാല പ്രാബല്യമോ, ഇക്കഴിഞ്ഞ ജനുവരി 1 മുതലുള്ള വർദ്ധനയോ നടപ്പാക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. എന്നാൽ ഇതിൽ വ്യക്തതയില്ല. മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം ഒരാഴ്ചയ്ക്കകം ഉത്തരവിറങ്ങും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |