SignIn
Kerala Kaumudi Online
Friday, 23 October 2026 3.06 PM IST

തുഷാർ ഗാന്ധിയെ തടഞ്ഞ 5 പേർ അറസ്റ്റിൽ

d

 അറസ്റ്റ് മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന് പിന്നാലെ

തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ ചെറുമകൻ തുഷാർ ഗാന്ധിയെ നെയ്യാറ്റിൻകരയിൽ തടഞ്ഞ സംഭവത്തിൽ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശിച്ചതിന് പിന്നാലെ 5 പേരെ അറസ്റ്റുചെയ്ത് പൊലീസ്. നെയ്യാറ്റിൻകര മുനിസിപ്പൽ കൗൺസിലർ കൂട്ടപ്പന മഹേഷ്, ആർ.എസ്.എസ്- ബി.ജെ.പി നേതാക്കളായ സൂരജ്, ഹരികുമാർ, കൃഷ്ണകുമാർ, അനൂപ് എന്നിവരെയാണ് നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ഇന്നലെ രാത്രിയോടെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

ശിവഗിരിയിൽ ശ്രീനാരായണഗുരു- മഹാത്മാഗാന്ധി സമാഗമ ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്യാൻ സംസ്ഥാനത്ത് അതിഥിയായെത്തിയ തുഷാർ ഗാന്ധിക്കെതിരേയുണ്ടായ സംഭവം ഗൗരവമായെടുത്താണ് മുഖ്യമന്ത്രി കർശന നടപടിയെടുക്കാൻ നിർദ്ദേശം നൽകിയത്.

ഗാന്ധിയൻ പി.ഗോപിനാഥൻ നായരുടെ പ്രതിമ അനാച്ഛാദനം ചെയ്ത ചടങ്ങിൽ ആർ.എസ്.എസിനെതിരേ പരാമർശം നടത്തിയതിനാണ് തുഷാർ ഗാന്ധിയെ തടഞ്ഞുനിറുത്തി ബി.ജെ.പി പ്രതിഷേധിച്ചത്. രാജ്യത്തിന്റെ ആത്മാവായ മതനിരപേക്ഷത തകർക്കാൻ ആർ.എസ്.എസ് ബോധപൂർവം ശ്രമിക്കുന്നെന്നായിരുന്നു തുഷാർ ഗാന്ധിയുടെ പരാമർശം. ആർ.എസ്.എസ് സാർവദേശീയ വിഷമാണെന്നും ഇന്ത്യയെ മതാധിഷ്ഠിത രാജ്യമാക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്നും ആരോപിച്ചു. തുട‌ർന്ന് അദ്ദേഹം വേദിയിൽ നിന്നിറങ്ങി കാറിൽ കയറുന്നതിനിടെ തടഞ്ഞുനിറുത്തി ബി.ജെ.പി പ്രവർത്തകർ മുദ്രാവാക്യം വിളിക്കുകയായിരുന്നു. പറഞ്ഞതിൽതന്നെ താൻ ഉറച്ചുനിൽക്കുകയാണെന്ന് വ്യക്തമാക്കിയ തുഷാർ ഗാന്ധി, 'മഹാത്മാഗാന്ധി സിന്ദാബാദ്" വിളിച്ചാണ് മടങ്ങിയത്. വഴിതടഞ്ഞത് ആസൂത്രിതമാണെന്ന് കരുതുന്നില്ലെന്നും, ഇക്കാര്യത്തിൽ നിയമ നടപടിക്കില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

അപമാനമെന്ന്

കോൺഗ്രസ്

തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവം മതേതര കേരളത്തിന് അപമാനമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പറഞ്ഞു. ഗോഡ്സെയുടെ പ്രേതമാണ് ബി.ജെ.പിയെയും ആർ.എസ്.എസിനെയും ബാധിച്ചിരിക്കുന്നത്. കേരളത്തിലെ ജനങ്ങൾ തുഷാർ ഗാന്ധിക്കൊപ്പമാണെന്നും കൂടുതൽ വേദികളിൽ അദ്ദേഹത്തെ പങ്കെടുപ്പിക്കുമെന്നും സതീശൻ പറഞ്ഞു. ജനാധിപത്യത്തിന് അപമാനകരമായ സംഭവമാണുണ്ടായതെന്ന് കെ.സി.വേണുഗോപാലും രമേശ് ചെന്നിത്തലയും വി.എം.സുധീരനും പ്രതികരിച്ചു. ധിക്കാരവും മാപ്പില്ലാത്ത കുറ്റവുമാണിതെന്ന് സി.പി.ഐ സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. തുഷാർ ഗാന്ധിയെ വഴിയിൽ തടഞ്ഞ ക്രിമിനൽ സംഘത്തെ അറസ്റ്റ് ചെയ്യണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.

തുഷാർ ഗാന്ധി

മനോരോഗിയെന്ന്

തുഷാർ ഗാന്ധിക്കെതിരേ പ്രതിഷേധിച്ചിട്ടുണ്ടെങ്കിൽ അത് സ്വാഭാവിക നടപടിയെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്.സുരേഷ് പ്രതികരിച്ചു. ഇത്തരം മനോരോഗികളെ കൊണ്ടുവന്ന ഗാന്ധിമിത്രം എന്ന സംഘടനയുടെ ഉദ്ദേശ്യശുദ്ധി സംശയകരമാണെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA