
തൊടുപുഴ: സാമ്പത്തിക തർക്കത്തെ തുടർന്ന് മുൻ ബിസിനസ് പങ്കാളിയെ കൊലപ്പെടുത്തി മാൻഹോളിൽ തള്ളിയ സംഭവത്തിൽ മരണ കാരണം തലയ്ക്കേറ്റ ക്ഷതം മൂലമുള്ള ആന്തരിക രക്തസ്രാവമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. തൊടുപുഴ ചുങ്കം മുളയിങ്കൽ ബിജു ജോസഫിന്റെ (50) മൃതദേഹം പോസ്റ്റുമോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി. തലയ്ക്കേറ്റ ക്ഷതം കൈകൊണ്ടുള്ള മർദ്ദനമാണ്. ബിജുവിന്റെ മൂന്ന് വാരിയെല്ലുകളും കഴുത്തും ഒടിഞ്ഞിട്ടുണ്ട്.
തട്ടിക്കൊണ്ടു പോയ വാഹനത്തിനുള്ളിലായിരുന്നു മർദ്ദനം. ബിജു ജോസഫ് ബഹളം വച്ചപ്പോൾ കേസിലെ
രണ്ടാം പ്രതി പറവൂർ വടക്കേക്കര സ്വദേശി ആഷിക് ജോൺസണാണ് (27) തലയിൽ ഇടിക്കുകയും കഴുത്തിൽ ചവിട്ടി പിടിക്കുകയും ചെയ്തത്. ഇതാണ് മരണകാരണമായത്. ഇന്ന് ചുങ്കം സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിക്കും.
അർഹമായ വിഹിതം
കിട്ടാത്തതിൽ തർക്കം
കൂട്ടുകച്ചവടത്തിൽ പ്രശ്നങ്ങളുണ്ടായതോടെ ബിജുവും ഒന്നാം പ്രതി ദേവമാതാ കേറ്ററിംഗ് ഉടമ കലയന്താനി തേക്കുംകാട്ടിൽ ജോമോൻ ജോസഫും ബിസിനസ് ഇടപാടുകൾ അവസാനിപ്പിച്ചു. ശേഷം അർഹമായ വിഹിതം ലഭിച്ചില്ലെന്നായിരുന്നു ജോമോന്റെ പരാതി. . തുടർന്നാണ് ഡ്രൈവർ ജോമോൻ വഴി ക്വട്ടേഷൻ നൽകിയത്. വ്യാഴാഴ്ച പുലർച്ചെ അഞ്ചോടെ ചായ കുടിക്കാൻ പോകുന്ന വഴി ബിജുവിനെ തട്ടിക്കൊണ്ടുപോയി. . ആഷിക്കിന്റെ മർദ്ദനത്തിൽ കൊല്ലപ്പെട്ടതോടെ രാവിലെ 8.30നകം മൃതദേഹം കലയന്താനിയിലെ ഗോഡൗണിലെത്തിച്ച് മാൻഹോളിലാക്കി കോൺക്രീറ്റ് ചെയ്തു. കാപ്പാ കേസ് പ്രതി ആഷിക് മറ്റൊരു കേസുമായി ബന്ധപ്പെട്ട് പിടിയിലായതോടെ കൊലപാതക വിവരം പൊലീസ് അറിഞ്ഞെന്ന് കരുതി മറ്റ് പ്രതികൾ ആലുവ ഭാഗത്തേക്ക് കടക്കുകയായിരുന്നു. ബിജുവിനെ കാണാതായെന്ന ഭാര്യയുടെ പരാതി അന്വേഷിച്ചെത്തിയ പൊലീസിന് ജോമോന്റെ ബന്ധുവിൽ നിന്നാണ് കൊലപാതകം സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിച്ചത്. ബിജുവിനെ തട്ടിക്കൊണ്ട് പോയെന്നും അബദ്ധത്തിൽ കൊലപാതകം നടന്നെന്നും ഇയാളോട് ജോമോൻ പറഞ്ഞിരുന്നു. പുതിയ ഫോൺ വാങ്ങാൻ 25,000 രൂപ കടവും വാങ്ങി. തുടർന്ന് ഇയാളെ വിളിച്ച ഫോൺ നമ്പർ പിന്തുടർന്ന് പൊലീസ് ആലുവയിലെത്തിയാണ് ജോമോനെയും മറ്റ് പ്രതികളെയും പിടികൂടുന്നത്. ജോമോനെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കാപ്പാ കേസിൽ ജയിൽ കഴിയുന്ന ആഷിക്കിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. . മറ്റ് പ്രതികളായ മുഹമ്മദ് അസ്ലം, ജോമിൻ കുര്യൻ എന്നിവരെ ഇന്നലെ വൈകിട്ട് റിമാൻഡ് ചെയ്തു. തൊടുപുഴ ഡിവൈ.എസ്.പി ഇമ്മാനുവൽ പോളിന്റെയും എസ്.ഐ എൻ.എസ്. റോയിയുടെയും നേതൃത്വത്തിലാണ് അന്വേഷണം.
സംഭവത്തിൽ പൊലീസ് പ്രതികളുമായി തെളിവെടുപ്പ് നടത്തി. കൊല്ലപ്പെട്ട ബിജു ജോസഫിനെ പിന്തുടർന്ന സ്ഥലം മുതൽ ഓംനി വാനിൽ കയറ്റിയ സ്ഥലംവരെ ജോമോനെ എത്തിച്ചു. ഇവിടെ നിന്ന് ബിജുവിന്റെ ചെരിപ്പ് കണ്ടെടുത്തു. പിന്നീട് മുഹമ്മദ് അസ്ലമിനെയും കൂട്ടി കലയന്താനി ചെത്തിമറ്റത്തെ കാറ്ററിംഗ് ഗോഡൗണിലുമെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |