SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.13 AM IST

ജനസംഖ്യ അനുപാതം മാറ്റി എം.ബി.ബി.എസ് സീറ്റ് കൂടും

vc

തിരുവനന്തപുരം: ജനസംഖ്യാടിസ്ഥാനത്തിൽ എം.ബി.ബി.എസ് സീറ്റുകൾ അനുവദിക്കാനുള്ള വ്യവസ്ഥ മെഡിക്കൽ കമ്മിഷൻ ഒഴിവാക്കിയത് കേരളത്തിന് ആശ്വാസമാവും. 10 ലക്ഷം പേർക്ക് 100 എം.ബി.ബി.എസ് സീറ്റെന്ന കണക്കിൽ മെഡിക്കൽകോളേജുകൾ അനുവദിക്കാനായിരുന്നു മുൻതീരുമാനം. ഇതുപ്രകാരം മൂന്നരക്കോടി ജനസംഖ്യയുള്ള കേരളത്തിന് 3500 സീറ്റിനേ അർഹതയുള്ളൂ. നിലവിൽ 4300 സീറ്റുണ്ട്.

കേരളത്തിന് ദോഷകരമായ വ്യവസ്ഥ മാറ്റണമെന്ന് കമ്മിഷനംഗവും ആരോഗ്യസർവകലാശാല വി.സിയുമായ ഡോ.മോഹനൻ കുന്നുമ്മൽ ആവശ്യപ്പെട്ടിരുന്നു. ജനസംഖ്യാനുപാതം ഒഴിവാക്കിയതോടെ സർക്കാർ, സ്വകാര്യ മേഖലയിൽ കൂടുതൽ മെഡിക്കൽ കോളേജുകൾക്ക് സാദ്ധ്യത തെളിഞ്ഞു. സ്വാശ്രയ മെഡിക്കൽ കോളേജുകൾക്കായി അപേക്ഷകരുണ്ട്. പുതിയ മെഡിക്കൽകോളേജുകളിൽ പരമാവധി 150 എം.ബി.ബി.എസ് സീറ്റെന്ന വ്യവസ്ഥയും ഒഴിവാക്കി.

കൂടുതൽ സൗകര്യങ്ങളൊരുക്കിയാൽ തിരുവനന്തപുരം, കോഴിക്കോട് അടക്കം ഗവ. മെഡിക്കൽ കോളേജുകളിൽ സീറ്റുകൾ കൂട്ടാനും വഴിയൊരുങ്ങി. തൃശൂർ, ആലപ്പുഴ, കോട്ടയം മെഡിക്കൽ കോളേജുകളിൽ നിലവിലെ 150 വീതം സീറ്റെന്നത് 200 ആയി ഉയർത്താനാവും. തിരുവനന്തപുരത്ത് ജനറൽ ആശുപത്രിയിൽ രണ്ടാംമെഡിക്കൽ കോളേജ് തുടങ്ങാനും തടസമില്ല. നേരത്തേ ഇതിനായി കെട്ടിടങ്ങൾ നിർമ്മിക്കുകയും അനുമതി നേടുകയും ചെയ്തിരുന്നതാണ്.

അഞ്ചു വർഷത്തിനകം 75,000 മെഡിക്കൽ സീറ്റുകൾ വർദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി സ്വാതന്ത്ര്യദിനത്തിൽ പ്രഖ്യാപിച്ചിരുന്നു. ലോകത്തിന്റെ ആരോഗ്യഹബായി രാജ്യത്തെ മാറ്റുകയാണ് ലക്ഷ്യം.

കുറഞ്ഞ ഫീസ്,

മികച്ച ചികിത്സ

ഗവ.മെഡിക്കൽ കോളേജുകളിൽ സീറ്റുകൾ കൂടിയാൽ സമർത്ഥർക്ക് 22,050 രൂപ വാർഷിക ഫീസിൽ പഠിക്കാം. പുതിയ മെഡിക്കൽകോളേജുകൾ വരുന്നതോടെ സ്പെഷ്യാലിറ്റി വിഭാഗങ്ങളും അത്യാധുനിക ചികിത്സയും ലഭ്യമാവും. അനുബന്ധമായി മാതൃ-ശിശു ആശുപത്രിയും തുടങ്ങാനാവും. നഴ്സിംഗ്, ഡെന്റൽ പഠനസൗകര്യവും കൂടും.

4300

നിലവിലെ എം.ബി.ബി.എസ് സീറ്റുകൾ

1555

ഗവ.മെഡിക്കൽ കോളേജിൽ (ഫീസ്-22,050)

2745

19 സ്വാശ്രയ കോളേജിൽ (ഫീസ്-6.61-7.65ലക്ഷം)

കൂടുതൽ കുട്ടികൾക്ക് പഠനാവസരം ലഭിക്കും. ലോകോത്തര ഡോക്ടർമാരെ സൃഷ്ടിക്കാനാവും

-ഡോ.മോഹനൻ കുന്നുമ്മൽ,​

ആരോഗ്യ വാഴ്സിറ്റി വി.സി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA