SignIn
Kerala Kaumudi Online
Monday, 25 May 2026 1.32 AM IST

സതീശൻ ജനപ്രിയനായ നേതാവ്: ശ്രീകുമാരൻ തമ്പി

d

നോർത്ത് പറവൂർ: സൗമ്യമായ പെരുമാറ്റത്താൽ കേരളത്തിന്റെ ജനപ്രീതി പിടിച്ചുപറ്റിയ രാഷ്ട്രീയ നേതാവാണ് മുഖ്യമന്ത്രി വി.ഡി. സതീശനെന്ന് ഗാനരചയിതാവും സംവിധായകനും നിർമ്മാതാവുമായ ശ്രീകുമാരൻ തമ്പി. മുഖ്യമന്ത്രിയായ ശേഷം ആദ്യമായി സ്വന്തം നിയോജകമണ്ഡലത്തിലെത്തിയ വി.ഡി. സതീശന് പറവൂർ പൗരാവലി ഒരുക്കിയ സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കഠിനാദ്ധ്വാനം ചെയ്യുന്ന ആർക്കും ജീവിതത്തിൽ ദുഃഖിക്കേണ്ടി വരില്ല. ജനങ്ങളോടുള്ള പെരുമാറ്റമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. ജനാധിപത്യത്തിൽ രാജാവും പ്രജകളുമില്ല. ഭരണാധികാരിയെ സൃഷ്ടിക്കുന്നത് ജനങ്ങളാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

മുൻ എം.പി. കെ.പി. ധനപാലൻ അദ്ധ്യക്ഷത വഹിച്ചു. പറവൂർ പൗരാവലിയുടെ സ്നേഹോപഹാരം നടൻ മോഹൻലാൽ സതീശന് സമർപ്പിച്ചു. ഒരാളെ മുഖ്യമന്ത്രിയാക്കാൻ നാട് ഒന്നാകെ കൂടെ നിന്ന സംഭവം കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമാണെന്ന് മോഹൻലാൽ പറഞ്ഞു. കേരളത്തിന്റെ ഭൂപ്രകൃതി, സംസ്കാരം, കല, കാലാവസ്ഥ, പ്രാദേശിക വൈവിദ്ധ്യങ്ങൾ എന്നിവ വേണ്ടരീതിയിൽ വിനിയോഗിക്കാൻ സാധിച്ചിട്ടില്ല. വായനയും ചിന്താശേഷിയുമുള്ള സതീശന് ഇക്കാര്യത്തിൽ ഫലപ്രദമായി ഇടപെടാൻ സാധിക്കുമെന്ന് മോഹൻലാൽ പറഞ്ഞു.

തന്നെക്കുറിച്ച് ഓർത്ത് ഒരു കാലത്തും പറവൂരുകാർ തല കുനിക്കേണ്ടിവരില്ലെന്ന് സതീശൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു. സിനിമാ താരം സലിംകുമാർ,കോട്ടപ്പുറം രൂപത ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ,മുൻമന്ത്രി എസ്. ശർമ്മ,ഹൈബി ഈഡൻ എം.പി,മുഹമ്മദ് ഷിയാസ് എം.എൽ.എ,ബി.ജെ.പി പറവൂർ നിയോജക മണ്ഡലം പ്രസിഡന്റ് സിന്ധു നാരായണൻകുട്ടി എന്നിവർ പ്രസംഗിച്ചു. പറവൂർ നഗരസഭ ചെയർമാൻ രമേഷ് ‌ഡി.കുറുപ്പ് സ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA