
ആലപ്പുഴ : നവകേരള ബസിന് നേരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാക്കളായ എ.ഡി.തോമസ് എം.എൽ.എയെയും അജയ് ജ്യുവൽ കുര്യാക്കോസിനെയും മർദ്ദിച്ച കേസിൽ പ്രതികളായ മുൻമുഖ്യമന്ത്രിയുടെ അംഗരക്ഷകർ സമർപ്പിച്ച ജാമ്യഹർജിയിൽ വാദം പൂർത്തിയായി. 9ന് വിധി പറയും.
പ്രത്യേക അന്വേഷണസംഘം വധശ്രമക്കുറ്റം(308) ചുമത്തിയ രീതിയെ വാദം കേട്ട പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് വിമർശിച്ചു. എസ്.എ.ടി റിപ്പോർട്ട് കോടതിയിലെത്തും മുമ്പ് മാദ്ധ്യമങ്ങൾക്ക് ചോർന്നതിലും കോടതി അതൃപ്തി രേഖപ്പെടുത്തി. മജിസ്ട്രേട്ട് കോടതിയിൽ അന്വേഷണസംഘം സമർപ്പിച്ച റിപ്പോർട്ട് മണിക്കൂറുകൾക്കകം ജാമ്യമില്ലാക്കുറ്റമുൾപ്പെട്ട റിപ്പോർട്ടായി മാറിയത് എന്തടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു. പ്രതികൾ ജാമ്യാപേക്ഷ കൊടുത്ത സമയത്ത് ജാമ്യം കിട്ടുന്ന വകുപ്പുകളാണ് ചുമത്തിയത്. ജാമ്യം കിട്ടിയാൽ റദ്ദാക്കാനുള്ള അപേഷ നൽകി അത് ചെയ്യണമെന്നതാണ് നടപടിക്രമം. 308 -ാം വകുപ്പ് കൂട്ടിച്ചേർത്തതിലല്ല, ചേർത്ത രീതിയിലാണ് എതിർപ്പെന്ന് കോടതി വ്യക്തമാക്കി.
ജാമ്യം ലഭിക്കുകയെന്നത് പ്രതികളുടെ ഭരണഘടനാ അവകാശമാണ്. നിയമം അന്ധനല്ല. ഒരു തവണ ജാമ്യം കിട്ടിയാൽ എല്ലാം അവസാനിച്ചുവെന്നല്ല കരുതേണ്ടത്. മർദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് വാദി ഭാഗവും പ്രോസിക്യൂഷനും വധശ്രമം ചുമത്തിയതിന് തെളിവുകളിലൊന്നായി ഹാജരാക്കിയിരുന്നത്. പൊലീസ് ഫോട്ടോഗ്രാഫർ ചിത്രീകരിച്ച വീഡിയോകളും എഫ്.എസ്.എൽ റിപ്പോർട്ടും ഹാജരാക്കാൻ കോടതി നിർദേശിച്ചെങ്കിലും പൊലീസ് ഫോട്ടോഗ്രാഫറുടെ ദൃശ്യങ്ങളിൽ വ്യക്തതയുണ്ടായില്ല. തുടർന്ന് പ്രത്യേക അന്വേഷണ സംഘവവും വാദി ഭാഗവും ഹാജരാക്കിയ അഞ്ച് ദൃശ്യങ്ങൾ ഇരുപതോളം തവണ പരിശോധിച്ചു. തലയ്ക്ക് അടിയേറ്റോയെന്ന സംശയം ദുരീകരിക്കാൻ ആറു മിനിട്ടോളം ദൃശ്യങ്ങൾ സ്ലോ മോഷനിലുൾപ്പെടെ അഭിഭാഷകരുടെയും ഇരകളുടെയും സാന്നിദ്ധ്യത്തിൽ കോടതി വിലയിരുത്തി.
തലയിൽ അടിക്കുന്നതായി ദൃശ്യങ്ങളിൽ വ്യക്തമാകുന്നില്ലെന്നും അടിക്കുമ്പോൾ തല കുനിച്ചതാണ് അടി കൊള്ളാനും നിസാര മുറിവേൽക്കാനും കാരണമായതെന്നും കോടതി നിരീക്ഷിച്ചു. ഡിപ്പാർട്‌മെന്റ് അനുവദിച്ച ലാത്തിയാണ് ഗൺമാൻമാർ ഉപയോഗിച്ചതെന്നായിരുന്നു പ്രതി ഭാഗത്തിന്റെ വാദം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |