SignIn
Kerala Kaumudi Online
Saturday, 27 June 2026 10.47 AM IST

വിനോദ സഞ്ചാരികൾ നാലര മണിക്കൂർ കാട്ടിൽ കുടുങ്ങി  രക്ഷകരായത് അഗ്നിരക്ഷാസേന

fireforce

തൊടുപുഴ: വാഗമണ്ണിലെത്തിയ വിനോദ സഞ്ചാരികൾ വഴിതെറ്റി നാലര മണിക്കൂർ കാട്ടിൽ കുടുങ്ങി. മൂവാറ്റുപുഴ ഈസ്റ്റ് മാറാടി സ്വദേശി തകിടിപ്പുറത്ത് ശ്യാം ടി. കുഞ്ഞുമോൻ (31), മൂവാറ്റുപുഴ എൻ.ജി.ഒ ക്വാർട്ടേഴ്സ് മൈലാടിയിൽ നിഖിൽ ബിനു (23) എന്നിവർക്കാണ് വഴിതെറ്റിയത്. വെള്ളിയാഴ്ച വൈകിട്ട് നാലിനാണ് ഇരുവരും മൂലമറ്റം-വാഗമൺ റൂട്ടിലുള്ള പുള്ളിക്കാനത്തിന് സമീപത്തെ എസ് വളവിലെത്തിയത്. തുടർന്ന് ബൈക്ക് നിറുത്തി കാഴ്ചകൾ ആസ്വദിക്കുന്നതിനിടെ സമീപത്തെ വനത്തിലേക്ക് കയറി. തുടർന്നാണ് ഇരുട്ടും കോടമഞ്ഞും കാരണം വഴി തെറ്റിയത്.

ഇതോടെ യുവാക്കൾ രാത്രി എട്ടിന് മൂലമറ്റം അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. രക്ഷാപ്രവർത്തനത്തിനിറങ്ങിയ അഗ്നിരക്ഷാസേന യുവാക്കൾ നൽകിയ ഫോൺ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭ്യമായില്ല. ഇടയ്ക്ക് സിഗ്നൽ ലഭിച്ചപ്പോൾ ഗൂഗിൾ ലൊക്കേഷൻ അയച്ചെങ്കിലും കൃത്യമായിരുന്നില്ല.

സേനാംഗങ്ങൾ ടോർച്ച് തെളിച്ചും ഉച്ചത്തിൽ ശബ്ദമുണ്ടാക്കിയും മുക്കാൽ മണിക്കൂർ പ്രയത്നിച്ച ശേഷമാണ് കുഞ്ഞുമോനും ബിനുവിനും സമീപമെത്തിയത്. ഇവിടെ നിന്ന് കുറച്ചു മുന്നോട്ടു പോയിരുന്നെങ്കിൽ ഇരുവരും ഗർത്തത്തിൽവീഴുമായിരുന്നു. ക്ഷീണിതരായ ഇരുവരെയും റോഡിലെത്തിച്ച ശേഷം സേനയുടെ വാഹനത്തിൽ ഫയർസ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇവരുടെ ബൈക്കും സേന സ്റ്റേഷനിലെത്തിച്ചു. തുടർന്ന് മൂലമറ്റത്തുള്ള ബന്ധുവിനൊപ്പമാണ് യുവാക്കളെ വിട്ടത്. അഗ്നിരക്ഷാസേനാംഗങ്ങളായ കെ. സന്ദീപ്, ജിബി പി. വരമ്പനാട്ട്, ജെയിംസ് തോമസ്, ഷിന്റോ ജോസ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA