
തിരുവനന്തപുരം: ജനങ്ങളെ ദുരിതത്തിലാക്കി രാത്രിയിലെ വൈദ്യുതി മുടക്കം തുടരുന്നു. വൈദ്യുതി മുടങ്ങുന്നത് ഉപഭോക്താക്കളെ അറിയിക്കുന്ന എസ്.എം.എസ് സംവിധാനം പ്രാബല്യത്തിൽവന്നു. ഒരു ദിവസം 2 സമയങ്ങളിലായി 25 മിനിട്ട് വീതം 50 മിനിട്ട് വരെ വൈദ്യുതി മുടങ്ങുമെന്ന അറിയിപ്പാണ് നൽകുന്നത്. വൈകിട്ട് 6.15 മുതൽ രാത്രി 12.45 വരെയുള്ള സമയങ്ങളിലാണ് വൈദ്യുതി മുടങ്ങുന്നത്. കെ.എസ്.ഇ.ബിയിൽ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തവർക്കാണ് എസ്.എം.എസ് ലഭിക്കുന്നത്. കെ.എസ്.ഇ.ബി വെബ്‌സൈറ്റ്‌വഴി നമ്പർ രജിസ്റ്റർ ചെയ്താൽ എസ്.എം.എസ് ലഭിക്കും. രജിസ്റ്റർ ചെയ്തിട്ടും എസ്.എം.എസ് അറിയിപ്പ് കിട്ടുന്നില്ലെന്ന പരാതികളുമുയരുന്നുണ്ട്.
ചൂട് കൂടുന്നതിനാലാണ് വൈദ്യുതി ഉപഭോഗം ഉയരുന്നത്. പീക്ക് സമയ ഉപയോഗം വ്യാഴാഴ്ച 5450 മെഗാവാട്ട് വരെ ഉയർന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിലെ ഡിമാൻഡിനേക്കാൾ 1100 മെഗാവാട്ടിന്റെ കൂടുതലാണ് കഴിഞ്ഞ ദിവസത്തേത്. വ്യാഴാഴ്ച പ്രതിദിന ആവശ്യകതയും 96.02 ദശലക്ഷം യൂണിറ്റിലേക്കെത്തി. അഭ്യന്തര ഉത്പാദനം 25.22 ദശലക്ഷം യൂണിറ്റായിരുന്നു. വ്യാഴാഴ്ച 900 മെഗാവാട്ടിന്റെ കുറവുണ്ടായി.
മദ്ധ്യപ്രദേശിലെ 200 മെഗാവാട്ടും കിട്ടിയില്ല
മദ്ധ്യപ്രദേശിൽ നിന്നും കൈമാറ്റകരാർ വഴി കഴിഞ്ഞ ദിവസങ്ങളിൽ ലഭ്യമായിരുന്ന 200 മെഗാവാട്ട് വെളളിയാഴ്ച ലഭിക്കാത്തത് പ്രതിസന്ധി രൂക്ഷമാക്കി. അന്യസംസ്ഥാനങ്ങളിലെ വൈദ്യുതി ഉത്പാദകരുമായി വൈദ്യുതി ലഭ്യമാക്കാൻ കെ.എസ്.ഇ.ബി ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും അനുകൂലതീരുമാനമായില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |