SignIn
Kerala Kaumudi Online
Sunday, 18 October 2026 7.28 PM IST

ബേക്കറി വഴിയുള്ള ഹോർട്ടി വൈൻ വില്പനയ്ക്ക് പൂട്ടിട്ട് സർക്കാർ,​ ലൈസൻസ് മരവിപ്പിച്ചു

READ ENGLISH VERSION
m-liju-
എം ലിജു

തിരുവനന്തപുരം: ബേക്കറി വഴി ഹോർട്ടി വൈൻ വില്പനയ്‌ക്കുള്ള ലൈസൻസ് തത്കാലത്തേക്ക് മരവിപ്പിച്ച് സർക്കാർ. തൃശൂർ പൂവത്തുശേരിയിലെ ബേക്കറിക്ക് നൽകിയ ലൈസൻസാണ് മരവിപ്പിച്ചത്. മദ്യനയം പ്രഖ്യാപിക്കുന്നതു വരെയാണ് നടപടിയെന്ന് അഡിഷണൽ ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവിൽ പറയുന്നു. മാളുകളിലും സൂപ്പർമാർക്കറ്റുകളിലും ബേക്കറികളിലും ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഹോർട്ടി വൈൻ വില്പനയ്ക്ക് അനുമതി നൽകി ചട്ടം ഭേദഗതി നിലനിറുത്തണോ വേണ്ടയോ എന്ന് പുതിയ മദ്യനയത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കും. അതുവരെ പഴയ ഉത്തരവ് മരവിപ്പിക്കാനാണ് നീക്കം.

മുഖ്യമന്ത്രിയോ എക്സൈസ് മന്ത്രിയോ അറിയാതെ ലൈസൻസ് നൽകിയതാണ് വിവാദമായത്. ലൈസൻസ് നൽകിയെന്ന വിവരം അറിഞ്ഞയുടൻ എക്സൈസ് കമ്മിഷണർ സാംബശിവ റാവുവിനോട് മന്ത്രി എം. ലിജു അടിയന്തര റിപ്പോർട്ട് തേടിയിരുന്നു. പിന്നാലെ അനുമതി നൽകിയ എക്സൈസ് ഡെപ്യുട്ടി കമ്മിഷണർ സി.കെ. അനിൽകുമാറിനെ തത്സ്ഥാനത്ത് നിന്ന് മാറ്റിനിറുത്താനും തീരുമാനിച്ചു.


ഉദ്യോഗസ്ഥതലത്തിൽ ഇത്തരത്തിൽ നയപരമായൊരു തീരുമാനം എടുക്കുമ്പോൾ അത് സർക്കാരിനെ അറിയിക്കണമായിരുന്നെന്ന് മന്ത്രി വിമർശിച്ചു. മാദ്ധ്യമങ്ങളിലൂടെയാണ് ഇക്കാര്യത്തെക്കുറിച്ച് അറിഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.'ബേക്കറികളിലൂടെ ഹോർട്ടി വൈൻ വിൽക്കുന്ന കാര്യം മാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. അപ്പോൾതന്നെ അടിയന്തരമായി സംസ്ഥാന എക്‌സൈസ് കമ്മീഷണറോട് റിപ്പോർട്ട് തേടി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കേരളത്തിലെ അബ്കാരി നിയമങ്ങളിൽ ഭേദഗതി വരുത്തി ഹോർട്ടിവൈൻസ് വിൽപന നടത്തുന്നതിനുള്ള ചട്ടങ്ങളുൾപ്പെടെ രൂപീകരിച്ചിരുന്നു. എന്നാൽ കടകളിലൂടെയും ബേക്കറികളിലൂടെ ഹോർട്ടി വൈൻ വിൽക്കുന്ന കാര്യത്തിൽ സർക്കാരിന് ആശങ്കയുണ്ട്. പുതിയ എക്‌സൈസ് കമ്മീഷണർ ചുമതലയേറ്റെടുത്ത് രണ്ട് ദിവസത്തിനകമാണ് ഈ ഓർഡർ വന്നത്. സാങ്കേതികമായി ആ ഫയൽ മന്ത്രിയുടെ മുന്നിൽ വരണമെന്നില്ല. എന്നാൽ, മന്ത്രിയെ ഉൾപ്പെടെ അറിയിച്ചിട്ടുവേണമായിരുന്നു ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ' മന്ത്രി പ്രതികരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HORTY WINE SALES, M LIJU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA