SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.06 AM IST

കെ.എസ്.ആർ.ടി.സി പുത്തൻ ബസുകളും കത്തുന്നു ജീവൻ വച്ച് 'തീക്കളി"

p

തിരുവനന്തപുരം: ആനയെ വാങ്ങാം,​ തോട്ടിക്ക് പണമില്ല. ഇതാണ് ആനവണ്ടിയിലെ അവസ്ഥ. ആധുനിക സൗകര്യങ്ങളുള്ള പുത്തൻ ബസുകളുണ്ട്. പക്ഷേ,​ ഒരുതരി അഗ്നി മതി കെ.എസ്.ആർ.ടി.സിയുടെ പുത്തൻ ബസുകൾ നിന്നുകത്താൻ. നിരത്തിലൂടെ ചീറിപ്പായുന്ന പല ബസുകളിലും അഗ്നിശമന സംവിധാനങ്ങളില്ല.

ആഗസ്റ്റ് 22ന് കെ.എസ്.ആർ.ടി.സി ആഘോഷപൂർവം പുറത്തിറക്കിയ പുത്തൻ സ്ലീപ്പർ ബസാണ് കഴിഞ്ഞ 30ന് വെഞ്ഞാറമൂട് വച്ച് അഗ്നിക്കിരയായത്. ഓടിക്കൂടിയ നാട്ടുകാർ സമീപത്തെ വീടുകളിൽ നിന്ന് ബക്കറ്റിലും മറ്റും വെള്ളം കൊണ്ടുവന്ന് ഒഴിച്ചാണ് തീകെടുത്താൻ ശ്രമിച്ചത്. സംഭവം രാവിലെയായതിനാൽ വൻദുരന്തം ഒഴിവായി.

പുതിയ ബസുകളിൽ അഗ്നിശമന സജ്ജീകരണങ്ങൾ ഉൾക്കൊള്ളിച്ചിരിക്കണമെന്ന കേന്ദ്രമാനദണ്ഡം പാലിക്കാതെയാണ് കെ.എസ്.ആർ.ടി.സി ബസുകൾ വാങ്ങിച്ചത്.

ഷോർട്ട് സർക്യൂട്ട് തടയുന്നതിനുള്ള സജ്ജീകരണങ്ങൾ,​ ആധുനിക എമർജൻസി വാതിലുകൾ എന്നിവ വേണമെന്ന നിബന്ധനയോടെയാണ് 2025ൽ കേന്ദ്രം നിയമം പരിഷ്‌കരിച്ചത്. അഗ്നിസാന്നിദ്ധ്യം തുടക്കത്തിലേ തിരിച്ചറിഞ്ഞ് സ്വയം പ്രവർത്തിക്കാൻ കഴിയുന്ന അഗ്നിശമന സംവിധാനങ്ങളാണ് കേന്ദ്രം നിഷ്‌കർഷിക്കുന്നത്. അതൊന്നും പരിഗണിക്കാതെയാണ് പഴയ മോഡൽ കോച്ചുകൾക്ക് കെ.എസ്.ആർ.ടി.സി ടെൻഡർ നൽകിയത്.

മാനദണ്ഡം മറികടക്കാൻ

സർക്കാർ ഉത്തരവ്

അഗ്നിശമന സംവിധാനങ്ങളില്ലാത്ത 25 ബസുകളുടെ രജിസ്ട്രേഷൻ അനുവദിക്കാനാകില്ലെന്ന് മോട്ടോർ വാഹനവകുപ്പ് കെ.എസ്.ആർ.ടിസിയെ അറിയിച്ചിരുന്നു. എന്നാൽ ബോഡി കോഡിൽ ആറുമാസത്തെ ഇളവനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഇളവ് ആവശ്യപ്പെട്ടത് കെ.എസ്.ആർ.ടി.സിയാണെങ്കിലും സ്വകാര്യ ബസുടമകളും ഈ ഉത്തരവ് മുതലെടുത്തു. യാത്രക്കാരുടെ സുരക്ഷ മുൻനിറുത്തിയുള്ള മറ്റ് നിബന്ധനകളും ഉത്തരവിന്റെ മറവിൽ ലംഘിക്കപ്പെട്ടു.

ഇതാണ് നിയമം

2025 ആഗസ്റ്റിനുശേഷം ഇറങ്ങുന്ന ബസുകൾ എ.ഐ.എസ് 153 ബസ് ബോഡി കോഡ് പാലിക്കണം

കോച്ച് നിർമ്മാണ കമ്പനിക്കും ബസ് മോഡലിനും കേന്ദ്ര ഏജൻസിയുടെ അംഗീകാരം വേണം

ബസിന്റെ ഇടി പരിശോധന ഉൾപ്പെടെ നടത്തിയാണ് കോച്ചിന് അംഗീകാരം നൽകുന്നത്.

നിർമ്മാണഘടകങ്ങളുടെ നിലവാരം, കോച്ചുകളുടെ ഘടനാ സുസ്ഥിരത, വൈബ്രേഷൻ, വേഗമാർജിക്കാനുള്ള കഴിവ്, ബ്രേക്കിംഗ് സ്ഥിരത, തുടങ്ങിയവ വിലയിരുത്തിയാണ് ബസ് മോഡലുകൾക്ക് അനുമതി നൽകുന്നത്

വാഹനം തലകീഴായി മറിഞ്ഞാലും ബോഡി തകർന്ന് ഉള്ളിലേക്ക് കയറാത്തവിധത്തിലായിരിക്കണം നിർമ്മാണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA