SignIn
Kerala Kaumudi Online
Friday, 23 October 2026 3.54 PM IST

വേണ്ടപ്പെട്ടവർക്ക് വീണ്ടും ആനുകൂല്യ, ശമ്പള ദാനം, ഗവ. പ്ളീഡർമാർക്ക് 30,000 രൂപവരെ ശമ്പള വർദ്ധന

READ ENGLISH VERSION

kv-thomas


കെ.വി.തോമസിന്റെ യാത്രാബത്ത 11.31 ലക്ഷമാക്കും

തിരുവനന്തപുരം: പി.എസ്.സി ചെയർമാനും അംഗങ്ങൾക്കും ഒന്നര ലക്ഷത്തിന്റെ ശമ്പള വർദ്ധന നൽകിയതിന് പിന്നാലെ രാഷ്ട്രീയ നിയമനക്കാർക്ക് വീണ്ടും കൈനിറയെ ആനുകൂല്യം.

ഗവൺമെന്റ് പ്ളീഡർമാരുടെ ശമ്പളം 30,000 രൂപവരെ (25%) വർദ്ധിപ്പിച്ചു. ഡൽഹിയിൽ സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസിന്റെ വാർഷിക യാത്രാബത്ത അഞ്ചിൽ നിന്ന് 11.31 ലക്ഷമായി ഉയർത്താൻ ശുപാർശ.

ആശാകിരണം, കാരുണ്യ ചികിത്സാസഹായം തുടങ്ങി പാവപ്പെട്ടവരുടെ നിരവധി സാമൂഹ്യക്ഷേമ പദ്ധതികൾക്ക് കുടിശികയുള്ളപ്പോഴാണിത്. പ്ളീഡർമാരുടെ ശമ്പള വർദ്ധനയ്ക്ക് 2022 ജനുവരി മുതൽ മുൻകാല പ്രാബല്യമുണ്ട്. 17% വർദ്ധനയ്ക്കായിരുന്നു ധനവകുപ്പ് നിർദ്ദേശമെങ്കിലും മന്ത്രിസഭായോഗം 25 ശതമാനമാക്കി.

സംസ്ഥാനത്ത് മൂന്ന് വിഭാഗങ്ങളിലായി ആകെയുള്ളത് 133 ഗവ. പ്ളീഡർമാർ. 22 സ്‌പെഷ്യൽ പ്ലീഡർമാരുടെ ശമ്പളം 1.20ൽ നിന്ന് 1.50 ലക്ഷമാക്കി. 54 സീനിയർ പ്ലീഡർമാരുടേത് 1.10ൽ നിന്ന് 1.40 ലക്ഷവും. 57 പ്ലീഡർമാരുടെ ശമ്പളം ഒരുലക്ഷത്തിൽ നിന്ന് 1.25 ലക്ഷമാക്കി. കോടതി ജീവനക്കാരുടെ ക്ഷാമബത്തയ്ക്ക് ആനുപാതികമായി പ്ലീഡർമാരുടെ ശമ്പളം ഉയർത്തണമെന്ന

ആവശ്യം പരിഗണിച്ചാണിത്.

കെ.വി.തോമസിന്റെ വാർഷിക യാത്രബത്തയ്ക്കായി 2025-26ലെ ബഡ്ജറ്റിൽ വകയിരുത്തിയ അഞ്ച് ലക്ഷം ഇരട്ടിയിലധികമാക്കണമെന്നാണ് പൊതുഭരണ പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ശുപാർശ. ഇനി തീരുമാനമെടുക്കേണ്ടത് ധനവകുപ്പ്. യാത്രാബത്തയ്ക്ക് 6.31 ലക്ഷം അധികം ചെലവാകുന്നുണ്ടെന്ന് കാട്ടിയാണിത്. തോമസിന് ഒരു ലക്ഷംരൂപ ഓണറേറിയം നൽകുന്നതിന് പുറമേയാണിതും.

ഓണറേറിയം അടക്കം കഴിഞ്ഞ ബഡ്ജറ്റിൽ നൽകിയത് 24.67 ലക്ഷം. അതിന് മുമ്പ് 17 ലക്ഷം. 2023 ജനുവരിയിലാണ് ക്യാബിനറ്റ് റാങ്കിൽ തോമസിനെ നിയമിച്ചത്. ഓണറേറിയം, യാത്രാബത്ത അടക്കം 2024വരെ നൽകിയത് 57.41 ലക്ഷം.

പ്ലീഡർമാർക്ക് കുടിശിക

നൽകാൻ 13.33 കോടി

2022 ജനുവരി മുതൽ മുൻകാല പ്രാബല്യത്തോടെ പ്ലീഡർമാർക്ക് ശമ്പള വർദ്ധന നൽകിയതോടെ 36 മാസത്തെ കുടിശിക നൽകാൻ വേണ്ടത് 13.33 കോടി

സ്‌പെഷ്യൽ പ്ലീഡർമാർക്ക് 2.37കോടി. സീനിയർ പ്ലീഡർമാർക്ക് 5.83കോടി. പ്ലീഡർമാർക്ക് 5.13കോടി

2 പെൻഷൻ, പുറമേ

ഓണറേറിയവും

പ്രത്യേക പ്രതിനിധിയായി നിയമിതനായപ്പോൾ ശമ്പളം വേണ്ട ഓണറേറിയം മതി എന്നായിരുന്നു കെ.വി.തോമസിന്റെ നിലപാട്. ശമ്പളമാണെങ്കിൽ മറ്റുപെൻഷൻ കിട്ടില്ല. മുൻ എം.എൽ.എ-എം.പി, മുൻ കോളേജ് അദ്ധ്യാപകൻ എന്നീ നിലകളിൽ രണ്ട് പെൻഷൻ കിട്ടുന്നുണ്ട്. അടുത്തിടെ പ്രൈവറ്റ് സെക്രട്ടറിയേയും അനുവദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KV THOMAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA