
തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിൽ ഓരോ ചികിത്സയ്ക്കും ഈടാക്കുന്ന നിരക്ക് ഇലക്ട്രോണിക് കിയോസ്‌കുകൾ വഴി പ്രദർശിപ്പിക്കാൻ തീരുമാനമായതായി മന്ത്രി വീണാ ജോർജ് നിയമസഭയെ അറിയിച്ചു. ആശുപത്രി പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണിത്. കേരള ക്ലിനിക്കൽ സ്ഥാപനങ്ങൾ ഭേദഗതി ബിൽ ചർച്ചയിൽ മറുപടി പറയുകയായിരുന്നു മന്ത്രി.
ചികിത്സാ രേഖകൾ രോഗിയുടെ അനുവാദത്തോടെ ആശുപത്രികൾക്ക് ഡിജിറ്റലായി ലഭ്യമാക്കുന്നതിന് ഇലക്ട്രോണിക് ഐ.ഡി ഏർപ്പെടുത്തിയെങ്കിലും ഇതിനെതിരെ ചിലർ കോടതിയെ സമീപിച്ചു. അല്ലെങ്കിൽ ആറുമാസത്തിനുള്ളിൽ സംവിധാനം പ്രാബല്യത്തിൽ വരുമായിരുന്നു. സർക്കാർ ആശുപത്രികളിൽ ഇത് പൂർണമായും നടപ്പാക്കും. ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.
മുമ്പ് സ്വകാര്യ ആശുപത്രികൾ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിന് പ്രത്യേക റോളൊന്നും ഉണ്ടായിരുന്നില്ല. തദ്ദേശ സ്ഥാപനങ്ങളാണ് അനുമതി നൽകിയിരുന്നത്. നിയമ ഭേദഗതിയോടെ കൂടുതൽ അധികാരങ്ങൾ ആരോഗ്യവകുപ്പിന് കൈവരും. സ്ഥാപനങ്ങളുടെ സേവനത്തിന്റെ ഗുണനിലവാരം മാത്രമല്ല, മനുഷ്യവിഭവശേഷി സംബന്ധിച്ച മാനദണ്ഡങ്ങളും ഉറപ്പുവരുത്താനാകും.
നിയമഭേദഗതിയോടെ സ്ഥിരം രജിസ്‌ട്രേഷന്റെ കാലാവധി മൂന്നിൽ നിന്ന് അഞ്ച് വർഷമായി ഉയരും. മാനദണ്ഡങ്ങളിൽ വീഴ്ച കണ്ടെത്തിയാൽ ഏതുസമയത്തും ലൈസൻസ് റദ്ദാക്കാനാകും. ഹെപ്പറ്റൈറ്റിസ് ബി വാക്‌സിൻ സംസ്ഥാനത്ത് എല്ലായിടത്തും ആവശ്യപ്രകാരം ലഭ്യമാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |