SignIn
Kerala Kaumudi Online
Saturday, 24 October 2026 1.44 PM IST

തീർത്ഥയാത്രയിലെന്നു കരുതി, ഒടുവിൽ...

vijayalakshmi

തഴവ: വിജയലക്ഷ്മി തീർത്ഥയാത്രയ്ക്ക് പോയെന്നാണ് തഴവയിൽ താമസിക്കുന്ന അനുജത്തി ഗീത കരുതിയിരുന്നത്. അഴീക്കൽ ഹാർബറിൽ ഒപ്പം ജോലി ചെയ്തിരുന്ന സുധീഷ്, ഈമാസം 11ന് വിജയലക്ഷ്മിയെ കാണാനില്ലെന്ന് ഗീതയുടെ വീട്ടിലെത്തി പറഞ്ഞിരുന്നു. രണ്ട് ദിവസം കഴിഞ്ഞിട്ടും വിവരമില്ലാതായതോടെ 13ന് ഗീത കരുനാഗപ്പള്ളി സ്റ്റേഷനിൽ പരാതി നൽകി.

വിജയലക്ഷ്മിക്ക് ദൂരെയുള്ള ക്ഷേത്രങ്ങളിൽ പോകുന്ന പതിവുണ്ട്. അങ്ങനെ പോയതാകുമെന്നാണ് ഗീത കരുതിയത്. എങ്കിലും സംശയം തോന്നി വിജയലക്ഷ്മി അംഗമായ കുടുംബശ്രീ യൂണിറ്റിൽ തിരക്കി. രണ്ട് ഞായറാഴ്ചകളിലെ കുടുംബശ്രീ യോഗത്തിനും ചെന്നില്ലെന്ന് അറിഞ്ഞു. തിങ്കളാഴ്ച രാത്രിയാണ് കരുനാഗപ്പള്ളി സ്റ്റേഷനിൽ നിന്ന് വിളിച്ച് കൊല്ലപ്പെട്ട വിവരം പറഞ്ഞത്. മൃതദേഹം തിരിച്ചറിയാൻ അമ്പലപ്പുഴയിലേക്ക് വരണമെന്നും ആവശ്യപ്പെട്ടു.

അഴീക്കൽ ഹാർബറിൽ വച്ച് പരിചയപ്പെട്ട ജയചന്ദ്രനും വിജയലക്ഷ്മിയും തമ്മിൽ രണ്ടര വർഷമായി അടുപ്പമുണ്ട്. രണ്ട് വർഷം മുമ്പ്, ഇവർ തമ്മിൽ പിണങ്ങിയപ്പോൾ ജയചന്ദ്രൻ വീട്ടിലെത്തി ബഹളം വച്ചിരുന്നു. ഇതിനിടെ ഇടുക്കി സ്വദേശിയുമായി തെറ്റിപ്പിരിഞ്ഞ് കുലശേഖരപുരം കൊച്ചുമാമൂട്ടിൽ മുക്കിലെ വാടക വീട്ടിലേക്ക് മാറി. ഒന്നരവർഷം മുമ്പ് ജയചന്ദ്രൻ അവിടെയെത്തി വിജയലക്ഷ്മിയുടെ സ്കൂട്ടർ കത്തിച്ചു.

വിജയലക്ഷ്മിയുടെ മൂത്തസഹോദരൻ കൃഷ്ണൻകുട്ടി ഒറീസയിലാണ്. ഇളയ സഹോദരൻ ശിവൻ ഗോവയിൽ. ഇളയ സഹോദരിയാണ് ഗീത.

ആദ്യം ഹോംനഴ്സ്, പിന്നീട്

മത്സ്യത്തൊഴിലാളി

കൊവിഡുകാലത്ത് ഹോം നഴ്സ് ജോലി നഷ്ടപ്പെട്ടതോടെയാണ് വിജയലക്ഷ്മി മൂന്ന് വർഷം മുമ്പ് അഴീക്കൽ ഹാർബറിൽ തൊഴിലാളിയായത്. ബോട്ടുകാർ കൊണ്ടുവരുന്ന മത്സ്യം ലേലഹാളിലേക്ക് ചുമന്ന് എത്തിക്കും. മത്സ്യവില്പനയുമുണ്ടായിരുന്നു. ആലപ്പുഴ വള്ളിക്കുന്നത്ത് വാടകവീട്ടിൽ താമസിച്ചാണ് അഴീക്കൽ ഹാർബറിൽ എത്തിയിരുന്നത്. 30 വർഷം മുമ്പ് വിവാഹിതയായ വിജയലക്ഷ്മി ഭർത്താവിനൊപ്പം ഇടുക്കിയിലായിരുന്നു താമസം. പിന്നീട് തെറ്റിപ്പിരിഞ്ഞ് ഇടുക്കി സ്വദേശിക്കൊപ്പം തിരുവല്ലയിൽ വാടകയ്ക്ക് താമസിച്ചു. അവിടെ നിന്ന് മലപ്പുറം, കോഴിക്കോട് ജില്ലകളിലും ഹോം നഴ്സായി പോയി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MURDER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA