SignIn
Kerala Kaumudi Online
Friday, 23 October 2026 2.57 AM IST

സെസ് എല്ലാ വശവും പരിശോധിച്ച ശേഷം: എം.വി.ഗോവിന്ദൻ

govindhan

കൊല്ലം: എല്ലാവശവും പരിശോധിച്ച ശേഷമായിരിക്കും പുതുതായി സെസ് ഏർപ്പെടുത്തുകയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സെസിന്റെ സാദ്ധ്യതകൾ പരിശോധിക്കണമെന്ന നിർദ്ദേശമാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിനിധി സമ്മേളനത്തിൽ അവതരിപ്പിച്ച വികസന രേഖയിൽ പറഞ്ഞിട്ടുള്ളത്. ആശുപത്രികളിലടക്കം ചില സർക്കാർ സേവനങ്ങൾക്ക് ഇപ്പോൾ തന്നെ ചെറിയ ഫീസ് ഈടാക്കുന്നുണ്ടെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അർഹമായ വിഹിതം നൽകുന്നതിലടക്കം കേന്ദ്രം കടുത്ത അവഗണനയാണ് കാട്ടുന്നത്. കേന്ദ്രബഡ്ജറ്റിൽ 39,800 കോടിയുടെ കുറവാണ് വരുത്തിയത്. ഈ സാഹചര്യത്തിൽ വിഭവ സമാഹരണത്തിലൂടെയേ കേരളത്തിന് മുന്നോട്ടു പോകാൻ കഴിയൂ. അതിനുള്ള ആദ്യ പടിയായിരുന്നു കിഫ്ബി. 90,000 കോടിയുടെ പദ്ധതികളാണ് നടന്നുവരുന്നത്. ജനജീവിതം മുന്നോട്ടു കൊണ്ടുപോകാൻ പണം വേണം. ഇല്ലെങ്കിൽ മുരടിപ്പാവും. വിഭവസമാഹരണം കൂട്ടണം. വളർച്ചയെ പുതിയ ദിശയിലേക്ക് നയിക്കണം.

മൂലധന നിക്ഷേപം ഏതു വിധത്തിലും സ്വീകരിക്കുകയെന്നതാണ് സർക്കാരിന്റെ കാഴ്ചപ്പാട്. അതേസമയം സംസ്ഥാനത്തിന്റെ താത്പര്യങ്ങൾക്ക് എതിരായ ഒരു വ്യവസ്ഥയും അംഗീകരിക്കുകയുമില്ല. ജനവിരുദ്ധമായതൊന്നും ഉണ്ടാവില്ല. കാലങ്ങളായി വർദ്ധന വരുത്താത്ത മേഖലകളിൽ നിന്നുള്ള വിഭവ സമാഹരണമാണ് ലക്ഷ്യം.

വിമർശനം

സ്വാഭാവികം

പാർട്ടി സെക്രട്ടറിക്കും സർക്കാരിനുമെല്ലാം പ്രതിനിധി സമ്മേളനത്തിൽ വിമർശനമുണ്ടാവുക സാധാരണമാണ്. വിമർശനങ്ങളിലൂടെ തെറ്റ് തിരുത്തിയാണ് മുന്നോട്ട് പോകുന്നത്. പക്ഷെ വിമർശനങ്ങൾ മാദ്ധ്യമങ്ങൾ ഉദ്ദേശിക്കുന്ന വിധത്തിലുള്ളതല്ല. പാർട്ടി സംസ്ഥാന സെന്റർ നല്ല നിലയിൽ പ്രവർത്തിക്കുന്നുവെന്നാണ് സംസ്ഥാന സമ്മേളനത്തിലെ വിലയിരുത്തൽ. ഏഴര മണിക്കൂറാണ് പ്രവർത്തന റിപ്പോർട്ടിന്മേൽ ചർച്ച നടന്നത്. 47 പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. അതിൽ 12 പേർ വനിതാ സഖാക്കളാണെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MVG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA