വിദേശകാര്യ ലേഖിക
ടെഹ്റാൻ: ടെഹ്റാൻ: ലോകരാജ്യങ്ങളെ ഊർജ്ജ പ്രതിസന്ധിയിലാഴ്ത്തിയ യുദ്ധം അവസാനിപ്പിക്കാൻ ഇറാനും യു.എസും ധാരണയിലെത്തി. ഇടക്കാല സമാധാന കരാർ ഇന്നലെ ഡിജിറ്റലായി ഒപ്പിട്ടു.
ഔദ്യോഗിക ഒപ്പിടൽ ചടങ്ങ് വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിൽ നടക്കും. യു.എസ് പ്രസിഡന്റ് ട്രംപോ വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസോ നേരിട്ട് പങ്കെടുക്കും. ഇറാനുമേലുള്ള യു.എസ് നാവിക ഉപരോധം നീക്കും. ലെബനനിലെ ഇസ്രയേൽ ആക്രമണം അവസാനിപ്പിച്ചു. കരാർ ഒപ്പിട്ടാൽ ഉടൻ എല്ലാ വാണിജ്യക്കപ്പലുകളെയും ഹോർമുസിലൂടെ കടത്തിവിടുമെന്ന് ഇറാൻ സ്ഥിരീകരിച്ചു. ഒമാനുമായി സഹകരിച്ചാകും ഹോർമുസിലെ ഗതാഗതം ഇറാൻ നിയന്ത്രിക്കുക.30 ദിവസത്തിനുള്ളിൽ നേവൽ മൈനുകൾ നീക്കി ഹോർമുസിലെ ചരക്ക് ഗതാഗതം പഴയപടിയാക്കും.ഇറാന്റെ ആണവ പദ്ധതി, ഇറാനുമേലുള്ള സാമ്പത്തിക ഉപരോധം തുടങ്ങിയ വിഷയങ്ങൾ 60 ദിവസത്തിനുള്ളിൽ ചർച്ച ചെയ്ത് ധാരണയിലെത്തണം. അതുപ്രകാരം അന്തിമ സമാധാന കരാറിലെത്തി പശ്ചിമേഷ്യൻ യുദ്ധം പൂർണമായും അവസാനിപ്പിക്കും.
``ഹോർമുസ് വെള്ളിയാഴ്ച തുറക്കും. ഇറാനെതിരെയുള്ള നാവിക ഉപരോധം പിൻവലിക്കാൻ ഉത്തരവിട്ടു.``
- ഡൊണാൾഡ് ട്രംപ്,
പ്രസിഡന്റ്, യു.എസ്
``ലെബനനിൽ ആക്രമണം ആവർത്തിക്കരുത്. കരാർ നടപ്പാക്കുന്നതിന്റെ ഉത്തരവാദിത്വം യു.എസിനാണ്.``
- അബ്ബാസ് അരാഗ്ചി,
വിദേശകാര്യ മന്ത്രി, ഇറാൻ
ആണവായുധം നിർമ്മിക്കില്ല: ഇറാൻ
ആണവായുധങ്ങൾ നിർമ്മിക്കുകയോ സ്വന്തമാക്കുകയോ ചെയ്യില്ലെന്ന് ഇറാൻ ഉറപ്പ് നൽകി. യുറേനിയം സമ്പുഷ്ടീകരണം, ആണവ കേന്ദ്രങ്ങളുടെ വ്യാപനം എന്നിവയുണ്ടാകില്ല. സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ഇറാന്റെയുള്ളിൽ തന്നെ നേർപ്പിക്കാൻ യു.എസ് അനുവദിച്ചേക്കും.
ഇടഞ്ഞ് ഇസ്രയേൽ
തെക്കൻ ലെബനനിൽ പിടിച്ചെടുത്ത പ്രദേശങ്ങളിൽ നിന്ന് പിന്മാറില്ലെന്ന് ഇസ്രയേൽ. ഇസ്രയേൽ നേരിട്ട് കരാറിന്റെ ഭാഗമല്ല. അതിനാൽ വ്യവസ്ഥകൾ പാലിക്കേണ്ടതില്ലെന്നാണ് തീവ്ര വലതുപക്ഷ മന്ത്രിമാരുടെ നിലപാട്.
തുറക്കും മുമ്പേ
ഇന്ത്യയുടെ 'ദിശ'
ഔദ്യോഗികമായി തുറക്കും മുമ്പേ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യൻ എൽ.എൻ.ജി ടാങ്കർ. ഷിപ്പിംഗ് കോർപറേഷൻ ഒഫ് ഇന്ത്യയുടെ നേതൃത്വത്തിലെ കൺസോർഷ്യം നിയന്ത്രിക്കുന്ന 'ദിശ' ശനിയാഴ്ചയാണ് 62,370 ടൺ എൽ.എൻ.ജിയുമായി ഖത്തറിലെ റാസ് ലഫാനിൽ നിന്ന് പുറപ്പെട്ടത്. ഇന്നലെ പുലർച്ചെ കരാർ പ്രഖ്യാപനത്തിന് പിന്നാലെ ഹോർമുസ് കടന്നു. വ്യാഴാഴ്ച ഗുജറാത്തിലെത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |