
തിരുവനന്തപുരം:ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനമന്ദിരം നിർമ്മിക്കുന്നതിന് സ്ഥലം വാങ്ങാൻ
26.02 കോടി ധനാനുമതി നൽകിയതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു.
കൊല്ലം താലൂക്കിൽ മുണ്ടയ്ക്കൽ വില്ലേജിൽ 3.292 ഹെക്ടർ ഭൂമിയാണ് വാങ്ങുന്നത്.ഉന്നത വിദ്യാഭ്യാസ വകുപ്പും റവന്യു വകുപ്പും നൽകിയ ശുപാർശകൾ ധനകാര്യ വകുപ്പ് അംഗീകരിക്കുകയായിരുന്നു.
കൊല്ലം നഗരത്തിൽ ബീച്ച് റോഡിന് സമീപമായാണ് ആസ്ഥാനമന്ദിരം ഉയരുക. എൽ.ഡി.എഫ് സർക്കാർ നൽകിയ ഒരു വാഗ്ദാനം കൂടി യാഥാർത്ഥ്യമാവുകയാണെന്നും മന്ത്രി അറിയിച്ചു.
കേരളത്തിലെ വിവിധ സർവകലാശാലകളിലെ വിദൂരവിദ്യാഭ്യാസം ഒറ്റ സർവകലാശാലയ്ക്ക് കീഴിലാക്കുന്നതിന് വേണ്ടി 2020 ഒക്ടോബർ രണ്ടിനാണ് സംസ്ഥാനത്തെ പതിനഞ്ചാമത്തെ സർവകലാശാലയായി ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചത്. കൊല്ലം കുരീപ്പുഴയിലാണ് നിലവിലെ ആസ്ഥാനം. ഇവിടെയും തൃപ്പൂണിത്തുറ, പട്ടാമ്പി, കോഴിക്കോട്, തലശ്ശേരി എന്നിവിടങ്ങളിൽ മേഖലാകേന്ദ്രങ്ങളുമുണ്ട്. ശ്രീനാരായണ ഗുരുദേവ പഠനം കേന്ദ്രീകരിച്ച് ബി.എ., എം.എ. ഫിലോസഫി കോഴ്സുകളും ഉൾപ്പെടെ 12 ബിരുദകോഴ്സുകളും 10 ബിരുദാനന്തര ബിരുദകോഴ്സുകളും ഉണ്ട്.
വാടക കെട്ടിടത്തിലാണ് സർവകലാശാലയുടെ ആസ്ഥാനം ഇപ്പോഴുളളത്. സർവകലാശാലകളുടെ മികവിന്റെ അളവുകോലായി കണക്കാക്കുന്ന നാക് അക്രഡിറ്റേഷന് സ്വന്തം കാമ്പസുകളും ആസ്ഥാനവും നിർബന്ധമാണ്.ഭൂമി വാങ്ങാൻ ധനാനുമതിയായതോടെ ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയ്ക്ക് സ്വന്തം ആസ്ഥാനസമുച്ചയമുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |